വയനാട്: വിവാഹിതയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത വൈദികനെ ഓർത്തോഡക്‌സ് സഭ വൈദികജോലിയിൽ നിന്ന് പുറത്താക്കി. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടിലിനെയാണ് വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാര അവകാശങ്ങളില്‍ നിന്നും മാറ്റി നിർത്തുകയും ചെയ്തത് .
കുടുംബവഴക്ക് തീർക്കാനുള്ള കൗൺസിലിംഗിന്റെ മറവിലാണ് വൈദികൻ വീട്ടമ്മയെ പീഡിപ്പിച്ചത് . പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വൈദികനെ മാറ്റി നിർത്തുന്നതെന്ന് സഭ അറിയിച്ചു.
കേണിച്ചിറയിൽ വൈദികൻ നടത്തിവന്ന ഡി അഡിക്ഷൻ സെന്ററിന് സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഭർതൃമതിയായ യുവതിയെ കൗൺസിലിംഗിന്റെ മറവിൽ ഈ വൈദികൻ പീഡിപ്പിച്ചതായി പരാതി ലഭിച്ചതെന്നും സഭ അറിയിച്ചു .
പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അച്ചൻ അടുപ്പം സ്ഥാപിച്ചു. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി.തുടർന്ന് യുവതി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറിയ വൈദികന്‍ യുവതിയെ ബലാല്‍സംഗം ചെയ്തതായാണ് വീട്ടമ്മ പരാതി നൽകിയത് . പരാതിയെ തുടര്‍ന്ന് ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍ (37) നെ കമ്പളക്കാട് സി.ഐ എം.വി പളനിയും സംഘവും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാണ്ട് ചെയ്തു.
മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനത്തിനു കീഴെയുള്ള മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു കൗൺസിലർ കൂടിയായ ഫാദർ ബാബു വര്‍ഗീസ് പൂക്കോട്ടിൽ