പിപിഇ കിറ്റ് ധരിച്ച് ജന്മദിനാഘോഷം നടത്തിയ നടി പരുള്‍ ഗുലാട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം . നടിക്കെതിരെ കേസെടുക്കണമെന്ന് പോലും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കോവിഡിനെ പ്രതിരോധിക്കാനുള്ള തീവ്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആവശ്യത്തിനുള്ള പിപിഇ കിറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ നടി പിപിഇ കിറ്റിനെ ഫാഷൻ ഷോയ്ക്കുള്ള വസ്ത്രമായി ദുരുപയോഗിച്ചു എന്നാണു ഉയരുന്ന ആക്ഷേപം . രാജ്യത്തെ പല ആശുപത്രികളിലും പിപിഇ കിറ്റുകള്‍ക്കു ക്ഷാമം ഉണ്ടെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ജന്മദിനാഘോഷത്തിൽ പിപിഇ കിറ്റ് ധരിച്ച് കൂട്ടുകാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ നടി പരുള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മാസ്ക് ഇല്ലാതെയും സാമൂഹ്യ അകലം പാലിക്കാതെയും ആണ് ആഘോഷം . ഓഗസ്റ്റ് 6ന് ആയിരുന്നു പഞ്ചാബി സീരിയലുകളിൽ അഭിനയിക്കുന്ന നടി പരുളിന്റെ പിറന്നാൾ ആഘോഷം .
”ഫാഷന്‍ഷോയ്ക്ക് ഉപയോഗിക്കാനുള്ള ഒന്നല്ല പിപിഇ കിറ്റ്. ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ഭാഗത്ത് കോവിഡിനെതിരെ യുദ്ധംചെയ്യുന്ന സന്ദർഭത്തിലും ആവശ്യത്തിന് പിപിഇ കിറ്റ് രാജ്യത്ത് ലഭ്യമല്ലാത്ത സാഹചര്യത്തിലും നടി പിപിഇ കിറ്റിനെ പാര്‍ട്ടി വെയര്‍ ആക്കി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഒട്ടും ന്യായീകരിക്കാവുന്നതല്ല . സോഷ്യൽ മീഡിയയിൽ 8.5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഒരു സെലിബ്രിറ്റി ഇങ്ങനെ ചെയ്യുന്നത് സമൂഹത്തിനു മോശം സന്ദേശം നൽകും .” പോസ്റ്റിനു കീഴിൽ നിശിത വിമർശനമാണ് നടിക്കെതിരെ പൊതുസമൂഹം ഉയർത്തിയത് .