കോട്ടയം : പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ്
കാണാതായത്. തിരച്ചിൽ തുടരുന്നു. മീനച്ചിലാറിന്റെ കൈവഴിയിലാണു കുത്തൊഴുക്കുണ്ടായത്.
അതേസമയം ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തു പുതിയ ന്യുനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു . ഇതേതുടർന്ന് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകും. ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.
മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറി. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി . പേരൂർ, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയർന്നു . പാലായും പരിസരവും വെള്ളത്തിലായി.
നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കൽ, താഴത്തങ്ങാടി, പാറപ്പാടം, പുളിക്കമറ്റം, 15 ൽ കടവ്, കല്ലുപുരയ്ക്കൽ, പുളിനായ്ക്കൽ, വേളൂർതുടങ്ങിയ മേഖലകളിൽ വെള്ളം കയറിയ നിലയിലാണ്. പാറപ്പാടം ക്ഷേത്രം വെള്ളത്തിൽ മുങ്ങി.
അയ്മനം, മണർകാട്, അയർക്കുന്നം പ്രദേശങ്ങൾ വെള്ളത്തിലാണ്. പുളിഞ്ചുവട്, ഗൂർഖ്ണ്ഡസാരി, മഹാത്മാ കോളനിഭാഗം, പേരൂർ, പുന്നത്തുറ, മാടപ്പാട് മേഖലയിലും വെള്ളപ്പൊക്കം ഉണ്ട് .
പാറേക്കടവ്, പായിക്കാട്, ചാമേലിക്കൂഴി, പുളിമൂട്, ഖാദിപ്പടി, വെച്ചൂർക്കവല, പൂവത്തുംമൂട്, അരയിരം, കിണറ്റിൻമൂട്, പുന്നത്തുറ, കമ്പനിക്കടവ്, താഴത്തുകുടി, കക്കയം, പീച്ചുകുഴി എന്നിവിടങ്ങളിലെ 20 വീടുകളിൽ വെള്ളം കയറി.
തിരുവാർപ്പ് പഞ്ചായത്തിലെ കുമ്മനം, ചെങ്ങളം, അയ്മനം പഞ്ചായത്തിന്റെ കല്ലുമട, വല്യാട് പുലിക്കുട്ടിശേരി, ആർപ്പൂക്കര പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖല തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലായി.
ചുങ്കം -പഴയ സെമിനാരി റോഡിൽ വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു . റോഡിൽ വള്ളമിറക്കിയാണ് ഇരുവശങ്ങളിലുമുള്ള വീട്ടുകാരെ ക്യാംപുകളിൽ എത്തിച്ചത്. തിരുവാർപ്പ് പഞ്ചായത്തിലെ മാധവശേരി, താമരശേരി, അറുനൂറ്റിമംഗലം, അംബേദ്കർ, പാലത്തറ, പത്തിൽ, തൊണ്ടമ്പ്ര എന്നീ കോളനികളിലെ നൂറിലേറെ വീടുകളിൽ വെള്ളം കയറി.
അയർക്കുന്നം,മണർകാട് മേഖലകളിലും നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. ഉദയനാപുരം,തലയോലപ്പറമ്പ് മേഖലകളിൽ വീടുകളിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവിൽ പേടിച്ചാണ് കുമരകം മേഖലയിൽ താമസിക്കുന്നവരും.
ചെങ്ങളം, കിളിരൂർ, മലരക്കിൽ, കാഞ്ഞിരം, കുമ്മനം, കളരിക്കൽ, മണിയല, മറ്റത്തിൽ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ പുരയിടങ്ങളും വെള്ളത്തിലായി. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്.