മൂന്നാര്‍: കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 78 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടത്തിൽ പരിക്കേറ്റ പളനിയമ്മയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ സ്ഥിതി ഗുരുതരമാണ്.
മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ലയത്തിലാണ് അപകടമുണ്ടായത്. നാല് ലയങ്ങളിലായി 30 മുറികളിൽ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. നാല് എസ്റ്റേറ്റ് ലയങ്ങൾ പൂർണ്ണമായും തകർന്നു.


മരിച്ച ഒമ്പത് പേരുടെ പേരു വിവരങ്ങൾ പുറത്ത് വിട്ടു. മരണമടഞ്ഞവർ: ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (45) ,മയിൽ സ്വാമി (48) , കണ്ണൻ (40), രാജേശ്വരി (43)
അണ്ണാദുരൈ (44)
മൂന്നര കിലോ മീറ്റർ മുകളിൽ നിന്ന് കുന്നിടിഞ്ഞ് വന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു . ആ ഭാഗം പൊട്ടി പുഴ പോലെയായി. ഉരുൾപൊട്ടി വന്നതാണെന്ന് ദേവികുളം തഹസിൽദാർ പറഞ്ഞു . നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു


രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെയും നിയോഗിച്ചിട്ടുണ്ട് . ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഉടനെ കേരളത്തിൽ എത്തും. രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടു.
മണ്ണിടിച്ചിലിൽ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
നേരത്തെ മുതിരപ്പുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ മറയൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
ശക്തമായ മഴയാണ് ഇടുക്കിയില്‍. ഡാമുകളുടെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടിയിലേക്ക് എത്തി.
നാളെ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യത . റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .














































