മൂന്നാർ : രാജമലയിൽ കണ്ണൻദേവൻ നെയ്മക്കാട് എസ്‌റ്റേറ്റിലെ പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വൻ നാശം ! അഞ്ചു പേർ മരിച്ചതായും 75 ലേറെ ആളുകൾ മണ്ണിനടിയില്‍ അകപ്പെട്ടതുമായാണ് ഒടുവിൽ കിട്ടിയ വിവരം. നിരവധി ലയങ്ങൾ മണ്ണിനടിയിലായി . വൈദ്യുതിയും വാർത്താവിതരണ സംവിധാനവും തകരാറിലായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .
പുലര്‍ച്ചയോടെ തൊഴിലാളിലയങ്ങളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞത്. അഞ്ചു ലയങ്ങള്‍ മണ്ണിനടിയില്‍ ആയെന്നു സ്ഥിരീകരിക്കാത്ത റിപോർട്ടുണ്ട് . ഇതിനോടകം 10 പേരെ രക്ഷപ്പെടുത്തി. നേമക്കാട് എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം .
മൂന്നാറില്‍ നിന്ന് 20 കിലോമീറ്റർ ദൂരെയുള്ള അപകടസ്ഥലത്തേക്ക് എത്താന്‍ 2 മണിക്കൂലധികം വേണ്ടിവരും. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേയ്ക്ക് രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് എത്തിച്ചേരാനായിട്ടില്ല. തമിഴ് തൊഴിലാളികളാണ് ഇവിടെ കൂടുതലായും താമസിക്കുന്നത്.
പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സംഘം മറ്റൊരു വഴിയിലൂടെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസമായി ഇവിടെ കനത്ത മഴ തുടരുകയാണ്. ഇന്നും നാളെയും ഇടുക്കിയിൽ അതിതീവ്ര മഴയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോർട്ട്. രണ്ടുദിവസവും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.














































