സമയം വൈകുന്നേരം അഞ്ചു മണി.
ഞാൻ ആകെ വിയർക്കുകയായിരുന്നു . ജീവിതത്തിൽ ആദ്യമായുള്ള പെണ്ണുകാണൽ.
”എന്താ മോന്റെ പേര്?”
നിശബ്ദതയെ ഭേദിച്ചുകൊണ്ട് പെണ്ണിന്റെ അച്ഛന്റെ ചോദ്യം!
”വിനു.” ഞാൻ പറഞ്ഞു.
”ഗൾഫിലാ ജോലി അല്ലെ?” വീണ്ടും ചോദ്യം പെണ്ണിന്റെ അച്ഛന്റെ വക തന്നെ.
ഞാൻ എന്തെങ്കിലും പറയും മുൻപേ അമ്മാവൻ ചാടിക്കയറി പറഞ്ഞു:
“അവന് അവിടെ ഒരു സ്വകാര്യ കമ്പനിയില് മാനേജരാ. മാന്യമായിട്ടു ജീവിക്കാനുള്ള ശമ്പളം ഉണ്ട്. ഇവന്റെ മൂത്തത് ഒരു പെണ്ണാ. അവളുടെ കല്യാണത്തിന് വന്നതാ ഇവൻ . രണ്ടാഴ്ച്ച മുൻപായിരുന്നു കല്യാണം. അമ്പതു പവനും 25 ലക്ഷം രൂപയും കൊടുത്താ കെട്ടിച്ചത്. അല്ല , അതിനുള്ള കപ്പാസിറ്റിയുള്ളവനാ കെട്ടിയത് കേട്ടോ. ഇപ്പഴത്തെ കാലത്തു 25 ലക്ഷം എന്നൊക്കെ പറഞ്ഞാൽ എന്നാ വിലയുണ്ട് . ” ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞിട്ട് എന്തോ മഹാകാര്യം ചെയ്തതു പോലെ അമ്മാവൻ എന്നെ ഒന്ന് നോക്കി ഞെളിഞ്ഞിരുന്നു.
ഞാൻ ആകെ ചമ്മി. സ്ത്രീധനമായിട്ട് ഒരു ചില്ലി പൈസ പോലും വാങ്ങില്ല എന്നത് പെങ്ങളുടെ കല്യാണം കഴിഞ്ഞപ്പോഴെ ഞാൻ തീരുമാനിച്ചിരുന്നതാണ്. അത് അമ്മാവനോടൊന്നു സൂചിപ്പിക്കാൻ കഴിഞ്ഞില്ല. പെങ്ങൾ കൊണ്ടു പോയ പൊന്നിലും പണത്തിലും എന്റെ ചോരയുടെ മണമുണ്ട്. അവളുടെ സന്തോഷമായിരുന്നു എനിക്ക് വലുത്. അതുകൊണ്ടാണ് അവർ ആവശ്യപ്പെട്ട പണവും പൊന്നും കൊടുത്തു കെട്ടിച്ചയച്ചത്. ഒരേ സമയം അച്ഛനും ആങ്ങളയുമെല്ലാം ഞാനായിരുന്നല്ലോ അവൾക്ക് .
അമ്മാവന്റെ വക്കുകൾ കറുത്ത പുകപടലം പോലെ ആ വീടിനുള്ളിൽ നിന്നവരുടെ മുഖത്ത് പതിച്ചു . ചിരിച്ചുനിന്ന മുഖങ്ങൾ പെട്ടെന്ന് കറുത്തു. പെണ്ണിന്റെ അച്ഛന്റെ മുഖത്ത് വിഷാദ ഭാവം പടർന്നു . അത് മറച്ചുവെച്ചുകൊണ്ടു അയാൾ പെട്ടെന്ന് അകത്തേക്ക് നോക്കി മകളെ വിളിച്ചു.
വൈകാതെ അകത്തെ മുറിയിൽ നിന്ന് വാതിൽ പടി കടന്ന്, ചായയുമായി അവൾ എത്തി.
എന്റെ മുഖത്തേക്ക് ഒന്ന് ശരിക്കു നോക്കുകപോലും ചെയ്യാതെ ചായ തന്നിട്ട് അവൾ പിന്നോട്ട് മാറി നിന്നു. അവളുടെ അച്ഛന്റെ മുഖത്ത് കണ്ട അതേ വിഷാദഭാവം ഞാൻ അവളിലും കണ്ടു.
”എന്നാ പിന്നെ അവരെന്തെങ്കിലും സംസാരിക്കട്ടെ.” അമ്മാവൻ പറഞ്ഞു.
”നമുക്ക് എന്നാ അപ്പുറത്തേക്ക് ഇരിക്കാം” പെണ്ണിന്റെ അച്ഛൻ പറഞ്ഞു.
തുടർന്ന് എല്ലാവരും മുറിയിൽ നിന്ന് പുറത്തേക്ക് പോയി.
വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഒന്നും ഇല്ലാത്ത ആ മുറിയിൽ ഞാനും അവളും ഒറ്റയ്ക്കായി.
വീടിന്റെ സ്ഥിതിയും ചുറ്റുപാടും കണ്ടപ്പോഴെ, വലിയ സാമ്പത്തിക ഭദ്രത ഇല്ലാത്ത വീടാണെന്നെനിക്ക് മനസിലായിരുന്നു. ലജ്ജയാൽ ചുവന്ന് തുടക്കേണ്ട മുഖത്ത് വിഷാദ ഭാവം മിന്നിമറയുന്നതിന്റെ കാരണവും അതു തന്നെ ആവാം എന്ന് ചിന്തിച്ചു. എങ്കിലും ഞാൻ ചുമ്മാ ചോദിച്ചു:
”എന്നെ ഇഷ്ടം ആവാത്തത് കൊണ്ടാണോ മുഖം വല്ലാണ്ടിരിക്കുന്നത്?”
“ഹേയ് അതുകൊണ്ടല്ല.” പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“എന്നു വച്ചാൽ ഇഷ്ടം ആയി എന്നാണോ?” വിടാൻ ഞാൻ തയ്യാറല്ലായിരുന്നു. അതിനവൾ മറുപടി പറഞ്ഞില്ല. പകരം മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തി.
”എനിക്ക് ഇഷ്ടായി.. തനിക്കോ ? “
എവിടന്നോ വീണു കിട്ടിയ ധൈര്യത്തിൽ ചോദിച്ചു.
“എനിക്ക് ഇഷടമായിട്ട് എന്തു കാര്യം? ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് പൊന്നും പണവുമല്ലെ? നിങ്ങൾ വിചാരിക്കുന്നതു പോലെ സത്രീധനം തന്ന് എന്നെ ഇറക്കി വിടാൻ എന്റെ അച്ഛന് നിവർത്തി ഇല്ല. ഈ വീട് ശ്രദ്ധിച്ചോ? എനിക്ക് പത്തു വയസുള്ളപ്പോൾ പണിതതാ ഇത്. ഈ വീട്ടിൽ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം ഉണ്ട്. ആ സുരക്ഷിതത്വം മാത്രമേ ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളു. എനിക്ക് തരാൻ പരിശുദ്ധമായൊരു മനസും പവിത്രമായൊരു ശരീരവും മാത്രേ ഉള്ളു. വേറൊന്നും പ്രതീക്ഷിക്കരുത് . അച്ഛന്റെ കണ്ണീരു വീണിട്ട് എനിക്ക് ഒരു കല്യാണം വേണ്ടെന്നാ ഞാൻ തീരുമാനിച്ചിരിക്കുന്നേ ”
അത്രയും പറഞ്ഞിട്ട് കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കളഞ്ഞ് അവൾ മുഖം കുമ്പിട്ടു നിന്നു.
അവളുടെ വാക്കുകൾ അത്ഭുതത്തോടെയും ആവേശത്തോടെയുമാണ് ഞാൻ കേട്ടു നിന്നത്. മറുപടി ഒന്നും പറയാനാവാതെ ഞാൻ മുറിയിൽ നിന്നും ഇറങ്ങി. പുറത്ത് എന്റെ വരവും കാത്ത് പെണ്ണിന്റെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ അദ്ദേഹത്തെ അടുത്തു വിളിച്ചു. എന്നിട്ട് പതിയെ പറഞ്ഞു: “ആ മുറിക്കകത്തൊരു നിധി ഉണ്ട്. വിലമതിക്കാനാവാത്ത നിധി. പൊന്നും പണവും തൂക്കി ഇനി ആരും അതിന്റെ വില നിശ്ചയിക്കാൻ ഇങ്ങോട്ടു വരില്ല . എനിക്കുവേണം ആ നിധി .”
ആ അച്ഛന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. അടുത്തനിമിഷം അറിയാതെ അയാൾ എന്നെ കെട്ടിപ്പിടിച്ചു. തോളിൽ തട്ടി സമാധാനിച്ചിട്ടു യാത്ര പറഞ്ഞു ഞാൻ കാറിലേക്ക് കയറി.
കാർ പുറപ്പെടുന്നതിനു മുൻപ് തിരിഞ്ഞു തലവെളിയിലേക്കിട്ടു വീട്ടിലേക്കു നോക്കിയപ്പോൾ കണ്ടു, ജനൽ പാളികൾക്കു പിന്നിൽ നിറഞ്ഞൊഴുകുന്ന കണ്ണുമായി പുഞ്ചിരിക്കുന്ന ഒരു മുഖം.
വണ്ടി മെയിൻ റോഡിലേക്ക് കയറി. ഞാനും അമ്മാവനും എന്റെ കൂട്ടുകാരനും ആണ് വണ്ടിയിൽ.
“എടാ ഈ ബന്ധം ശരിയാവൂന്ന് എനിക്ക് തോന്നണില്ല. കണ്ടിട്ട് വലിയ ധനസ്ഥിതി ഉള്ള വീടൊന്നുമല്ല. കാര്യമായിട്ടൊന്നും കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട . നിന്റെ പെങ്ങളുടെ കല്യാണം, വീട് വെപ്പ് എല്ലാം കൂടെ ഇപ്പം നീ ആകെ ഞരുക്കത്തിലാണല്ലോ. അതുകൊണ്ടു ഇത് നിനക്ക് ചേരുന്ന ബന്ധമാ ണെന്നു തോന്നുന്നില്ല ”
വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ കൂട്ടുകാരൻ പറഞ്ഞു നിർത്തി.
“എനിക്കും അങ്ങനാ തോന്നണത്. ” കൂട്ടുകാരന് അമ്മാവന്റെ വക സപ്പോർട്ട്.
പോക്കറ്റിൽ കൈയിട്ട് ഞാൻ എന്റെ പേഴ്സ് എടുത്തു തുറന്ന് കൂട്ടുകാരനെ കാണിച്ചിട്ട് പറഞ്ഞു :
“നീ ഇത് കണ്ടോ. ഇതിനകത്തുള്ള മൂവായിരം രൂപ കൂടി തീർന്നാൽ പിന്നെ എന്റെ കൈയിൽ ഒന്നുമില്ല.. പോരാത്തതിന് കുറച്ച് കടവും ഉണ്ട്. എന്നു കരുതി , നമുക്ക് ഒരാപത്ത് വരുമ്പോൾ കൂടെ ഇരുന്ന് കരയാനും വയ്യാണ്ടാകുമ്പോ അറപ്പും വെറുപ്പം ഇല്ലാതെ നമ്മുടെ കാര്യങ്ങൾ നോക്കാനും മനസുകാണിച്ചു കൂടെ ഇറങ്ങിപ്പോരാൻ തയ്യാറായി നിൽക്കുന്ന ഒരു പെണ്ണിനാണോ നീ പണം കൊണ്ട് വില ഇടുന്നത്.? ഞാൻ ഒരു ആണായിട്ടാ ജനിച്ചത് . ആണായിട്ട് തന്നെ മരിക്കുകയും ചെയ്യും. എന്റെ വിയർപ്പിന്റെ മണമുള്ള ഈ നോട്ടിന്റെ കൂടെ ആരുടെയെങ്കിലും കണ്ണീരു വീണ നോട്ടു വയ്ക്കാൻ എന്നെ കിട്ടില്ല . സ്വന്തം ശരീരം വിറ്റ് പണമുണ്ടാക്കുന്ന വേശ്യകളുടെ കൈയ്യിലെ പണത്തിന് ചിലപ്പോൾ സത്രീധനായി കിട്ടുന്ന പണത്തിനേക്കാൾ മഹത്വം ഉണ്ടാകും. കണക്കു പറഞ്ഞ് സ്ത്രീധനം വാങ്ങി കെട്ടിയ നിന്നോടൊന്നും ഇത് പറഞ്ഞിട്ട് കാര്യമില്ലെന്നെനിക്കറിയാം. ” -ഞാൻ പറഞ്ഞു നിർത്തി.
കുറച്ച് നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല. പക്ഷെ അവന്റെ മുഖം ആകെ ചുവന്നു തുടുത്തു.
വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു . വലത്തേക്ക് തിരിയണ്ട കാർ ദിശ മാറി ഇടത്തേക്ക് തിരിഞ്ഞ് ഒരു വീടിനു മുന്നിൽ വന്നു നിന്നു.
“എന്താടാ ഇവിടെ?” ഞാൻ ചോദിച്ചു.
“നീ ഇതിനു മുൻപ് ഇവടെ വന്നിട്ടില്ലല്ലോ.ഇതെന്റെ ഭാര്യ വീടാ..”
ഇത്രയും പറഞ്ഞ് എന്നെ ഒന്ന് വിഷമത്തോടെ നോക്കിയിട്ട് അവൻ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്കു പോയി.
ഞങ്ങളുടെ വണ്ടി കണ്ടപ്പോൾ , തൊടിയിലെങ്ങോ നിന്നിരുന്ന ഒരു വൃദ്ധൻ കാറിനു സമീപത്തേക്കു വന്ന് പരിഭ്രമത്തോടെ എന്നോട് പറഞ്ഞു.
“ഒരു നിവർത്തിം ഇല്ലാഞ്ഞിട്ടാ മോനെ; ബാക്കി കൊടുക്കാനുള്ള സ്ത്രീധനം ഉണ്ടാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടായിരുന്നെങ്കിൽ ഞാനതു കൊടുത്തു തീർത്തേനെ .” എനിക്കൊന്നും മനസിലായില്ല . വയസൻ തുടർന്നു :
“അല്ല, അവനെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇതിപ്പോ കുറേ അവധിയായില്ലേ .അവനും കാണില്ലേ ബുദ്ധിമുട്ടുകൾ . പക്ഷെ ഇതിപ്പോ ആദ്യാ, അവളെ ഇവിടെ കൊണ്ട് വന്നു നിർത്തിട്ട് പോണത് “
ഇത്രയും പറഞ്ഞപ്പോഴേക്കും ആ വ്യദ്ധൻ കരഞ്ഞു പോയി. വിറയാർന്ന ചുണ്ടുകൾ കടിച്ച് അപേക്ഷാഭാവത്തിൽ തൊഴുകൈയ്യോടെ എന്നെ നോക്കി നിസ്സഹായതയോടെ നിൽക്കുകയാണ് അയാൾ.
ഒരു വലിയ കഠാര എന്റെ വാരിയെല്ല് തകർത്തു ഹൃദയത്തിഴ്ന്നതുപോലെ എനിക്ക് തോന്നി.
അപ്പോഴേക്കും കൂട്ടുകാരൻ ഒരു പെട്ടിയും തൂക്കി കാറിനടുത്തേക്ക് വന്നു. പിന്നാലെ അവന്റെ ഭാര്യയും അവളുടെ ഒക്കത്തു ഒരു കുഞ്ഞും. രണ്ടു പേരുടേയും കണ്ണു നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു.
തൊഴുകൈയ്യുമായി നിന്ന വൃദ്ധന്റെ കാലിൽ വീണവൻ മാപ്പു ചോദിച്ചു.
”ക്ഷമിക്കണം അച്ഛാ . ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ല” വയസ്സന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം ഞാൻ കണ്ടു. ഭാര്യയെ പിടിച്ചു കൂട്ടുകാരൻ കാറിനകത്തു കയറ്റുമ്പോഴേക്കും ഞാൻ കണ്ടു, നിറകണ്ണുമായി ചിരിക്കുന്ന മറ്റൊരു പെൺകുട്ടിയെ.
എഴുതിയത് : അസലം കൊടുവളളി Aslam Koduvally
Also Read ‘എന്നിൽ നിന്നും പറന്നകന്ന പൈങ്കിളി മലർ തേൻകിളി’- അന്ത്യചുംബനം നൽകി അമ്മ മകളെ യാത്രയാക്കി.
Also Read എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..
Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?
Also Read മാധ്യമങ്ങളുടെ പോസ്റ്റ്‌മോർട്ടത്തിൽ നഷ്ടമായത് ഡോ.അനൂപിന്റെ ജീവൻ
Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ:
Also Read സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം!
Also Read പുരോഹിതൻ പരാജയപ്പെട്ട ആ രാത്രിയിൽ…