Home Blog Page 46

കേരള കോൺഗ്രസ്‌ (എം) ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി.

0

കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കുന്നു.

കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കമാണ് ഏറ്റവുമൊടുവിൽ പൊട്ടിത്തെറിയിലെത്തിയത്. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവി ജോസഫ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാൽ ജോസ് കെ മാണി അതിന് തയ്യാറായില്ല.

ഇനി രണ്ടും രണ്ടുവഴിക്ക്

ഇതിനിടെ, പി ജെ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, കൊവിഡ് പ്രതിരോധത്തിൽ ഇടതുമുന്നണി സർക്കാർ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്ന അഭിപ്രായപ്രകടനം നടത്തിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴി വച്ചു. ജോസഫ് പക്ഷം യുഡിഎഫ് വിടുന്നു എന്ന് സംസാരങ്ങളുണ്ടായി.

പ്രശ്നത്തിൽ ഇടപെട്ട യുഡിഎഫ് നേതൃത്വം ജോസ് കെ മാണി പക്ഷത്തിന് കർശനമുന്നറിയിപ്പ് നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറിയേ തീരൂ. ജോസ് പക്ഷം രാജി വച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനമെടുക്കും എന്ന് അറിയിച്ചിട്ട് പോലും ജോസ് പക്ഷം ഒരിഞ്ച് പിന്നോട്ട് മാറിയില്ല. ഏറ്റവുമൊടുവിൽ പി ജെ ജോസഫിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ജോസ് കെ മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നെങ്കിലും അവസാനചർച്ച കൂടി നടന്നിട്ടും ഒന്നും നടക്കാതിരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് യുഡിഎഫ് കടന്നതെന്നാണ് സൂചന.

ചൈനയുടെ റിക്കോർഡ് തിരുത്തി ഇന്ത്യ. പത്തുദിവസം കൊണ്ട് 1,0200 കിടക്കകളുള്ള ആശുപത്രിദില്ലിയിൽ!

0

ചൈനയുടെ ഒരു റിക്കോർഡ് തിരുത്തി ഇന്ത്യ. പത്തുദിവസം കൊണ്ട് 10200 കിടക്കകളുള്ള ആശുപത്രി നിർമിച്ചാണ് റിക്കോർഡ് തിരുത്തിയത്. ദില്ലി ഛത്തർപൂരിൽ നിർമിച്ച കോവിഡ് കെയർ ആശുപത്രിയിൽ ആണ് ഇത്രയും കിടക്കകൾ ഒരുക്കിയത് . രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിക്ക് സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ എന്നാണ് പേര് .

10 ശതമാനത്തോളം കിടക്കകൾക്ക് ഓക്സിജൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 57 ആംബുലൻസുകളും മൂവായിരത്തോളം ആരോഗ്യപ്രവർത്തകരുമായി ആശുപത്രി പ്രവർത്തിക്കാൻ സജ്ജമായിക്കഴിഞ്ഞു. ശീതികരിച്ചതാണ് ഉൾവശം. ചൈന വുഹാനിൽ 1000 കിടക്കകളുള്ള ആശുപത്രി നിർമിച്ചത് ഒരാഴ്ച കൊണ്ടാണ്. ഈ റിക്കോർഡാണ് ഇന്ത്യയ തിരുത്തിയത് .

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രമായ സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷത്തിനടുത്ത് എത്തി . 16,475 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 380 മരണം. പത്തൊന്‍പതിനായിരത്തി നാനൂറ്റി അന്‍പത്തിയൊന്‍പത് (19,459) പേര്‍ കൂടി രോഗബാധിതരായി. മരണസംഖ്യ പതിനാറായിരത്തി നാനൂറ്റി എഴുപത്തിയഞ്ച് (16,475). മരണത്തില്‍ 79 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍. രണ്ടു ലക്ഷത്തി പതിനായിരത്തി ഒരുനൂറ്റി ഇരുപത് (2,10,120) പേര്‍ ചികില്‍സയിലുണ്ട്. രോഗ നിരക്ക് 11.40 ശതമാനം. മൂന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി എഴുനൂറ്റി ഇരുപത്തിരണ്ട് (3,21,722) പേര്‍ക്ക് രോഗം ഭേദമായി. 58.67 ശതമാനമാണ് രോഗമുക്തി നിരക്ക്

മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് വാര്‍ദ്ധക്യ പെന്‍ഷന്‍ തട്ടിയെടുത്തു

0

കണ്ണൂര്‍: മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാര്‍ദ്ധക്യപെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി.കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. സിപിഎം മഹിളാ നേതാവും പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയുമായ സ്വപ്ന അശോകാണു വ്യാജ ഒപ്പിട്ട് പണം തട്ടിയതെന്നു പരാതിക്കാർ പറഞ്ഞു. ഇരിട്ടി കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് കളക്ഷന്‍ ഏജന്റ് ആണ് സ്വപ്ന . മരിച്ച കൗസു തോട്ടത്താന്റെ ബന്ധുക്കളാണ് പരാതി നല്‍കിയത്. കൗസുവിന്റെ മകളുടെ ഭര്‍ത്താവ് ക്യാന്‍സര്‍ രോഗിയായ കടുമ്പേരി ഗോപി തന്റെ പെന്‍ഷന്‍ വാങ്ങാന്‍ ഏപ്രിലില്‍ അംഗന്‍വാടിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്നത് അറിഞ്ഞത് ,

സ്വപ്നയെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എങ്കിലും പൊലീസ് കേസേടുത്തില്ലെന്ന് പരാതി ഉയരുന്നു. വ്യാജരേഖ ചമയ്ക്കല്‍ ആള്‍മാറാട്ടം ധനാഹരണം എന്നിങ്ങനെ ഗുരുതര കുറ്റമാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. തളര്‍വാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താന്‍ കൗസു കഴിഞ്ഞ മാര്‍ച്ച് 9 നായിരുന്നു മരിച്ചത്. തൊഴിലുറപ്പ് ജോലിയായിരുന്നു ഇവരുടെ മക്കള്‍ക്ക് ഉണ്ടായിരുന്നു. ഈ മൂന്ന് പെണ്‍മക്കളായിരുന്നു കൗസുവിനെ അവസാനകാലത്ത് ശുശ്രൂഷിച്ചത്.

അമ്മ മരിച്ച കാര്യം ഇവര്‍ മാര്‍ച്ച് 20ന് പായം പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തിരുന്നു. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപയാണ് വ്യാജ ഒപ്പിട്ട് സ്വപ്ന തട്ടിയെടുത്തത്.
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മാതൃ സഹോദരിയുടെ മകളായ സ്വപ്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവു കൂടിയാണ്.

കോട്ടയം, അയർക്കുന്നത്ത് കാണാതായ വൈദികനെ പള്ളിമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ഫാ. ജോർജ് എട്ടുപറയിൽ

മരിച്ചത് പുന്നത്തുറ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയിൽ; വിദേശത്തുനിന്ന് വന്ന വൈദികൻ പള്ളിയുടെ ചുമതലയേറ്റത് ഏതാനും മാസം മുമ്പ്.

കോട്ടയം: അയർക്കുന്നത്ത് കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയലിനെ ആണ് പള്ളിമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്. ഇന്നലെ വൈകിട്ടോടെ വൈദികനെ കാണാതായത്. മൊബൈൽ ഫോൺ നിശബ്ദമാക്കി വെച്ച് മുറി ചാരിയിട്ട നിലയിലാണ്. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിരുന്നു.

ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.

ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ല; മുല്ലപ്പള്ളിക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം

0

തിരുവനന്തപുരം : നിപാ പ്രതിരോധത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച സിസ്‌റ്റർ ലിനിയുടെ ഭർത്താവ്‌ സജീഷ്‌ ജോലിചെയ്‌ത സ്ഥലത്തേക്ക്‌ കോൺഗ്രസ്‌ മാർച്ച്‌ നടത്തിയത്‌ അംഗീകരിക്കാനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിപാക്കെതിരായ പോരാട്ടത്തിന്റെ രക്തസാക്ഷിയാണ് ‌ ലിനി.

ഏറ്റവും വലിയ പ്രതിസന്ധി കാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു. അതിന്റെ പേരിലാണ് ഈ പ്രതിഷേധം.ആരോഗ്യമന്ത്രിയെക്കുറിച്ച്‌ കെപിസിസി അധ്യക്ഷൻ ഏറ്റവും മ്ലേച്ഛമായി സംസാരിക്കുമ്പോൾ ആദ്യം പ്രതികരിക്കുക ലിനിയുടെ ഉൾപ്പെടെയുള്ള കുടുംബമായിരിക്കും. ഇതിന്റെ പേരിൽ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ്‌ ശ്രമമെങ്കിൽ ഒരു രീതിയിലും അനുവദിക്കില്ല. സിസ്‌റ്റർ ലിനി കേരളത്തിന്റെ സ്വത്താണ്‌. ആ കുഞ്ഞുമക്കൾക്കും സജീഷിനും ഈ നാട്‌ സംരക്ഷണം നൽകും ‐ മുഖ്യമന്ത്രി പറഞ്ഞു.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങള്‍ ഇനി പറയാനുണ്ടെന്നുപറഞ്ഞാണ് മാര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് മുഖ്യമന്ത്രി കടന്നത്.

നിപയെ ചെറുക്കാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തില്‍ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ നിപ രാജകുമാരി, കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ ആദ്യം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമായും ലിനിയുടെ കുടുംബത്തില്‍ നിന്നാകും.

അതിന്റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ലെന്നും സിസിറ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ് ആ കുടുംബത്തോടും കുഞ്ഞുമക്കളോടും ഭര്‍ത്താവ്‌ സജീഷിനോടും ഒപ്പമാണ് കേരളമെന്നും അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അംഗന്‍വാടി ടീച്ചര്‍മാര്‍ക്കെതിരായ ശ്രീനിവാസന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു!

0

ശ്രീനിവാസന്‍റെ പരാമര്‍ശം സംസ്കാരത്തിനു യോജിക്കാത്തതെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍

തിരുവനന്തപുരം • കേരളത്തിലെ അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് ഒരു ചാനൽ അഭിമുഖത്തിൽ നടൻ ശ്രീനിവാസന്‍ നടത്തിയ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
വിദേശരാജ്യങ്ങളില്‍ അംഗനവാടി കുട്ടികളെ പഠിപ്പിക്കുന്നത് സൈക്യാട്രിസ്റ്റുകളും വേണ്ടത്ര യോഗ്യതകളെല്ലാം ഉള്ളവരുമാണ്. എന്നാല്‍ കേരളത്തില്‍ വേണ്ടത്ര യോഗ്യതയില്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇവരൊക്കെ എവിടന്നാണ് വരുന്നത് എന്ന് പോലും വ്യക്തമല്ല എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. കൗമുദി ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ ശ്രീനിവാസൻ വിവാദ പരാമർശം നടത്തിയത്​.

‘ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം അംഗനവാടി ടീച്ചര്‍മാരെ മൊത്തത്തില്‍ അവഹേളിക്കലാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. ടീച്ചര്‍മാരെ മാത്രമല്ല, ഈ സമൂഹത്തെ ഒന്നടങ്കമാണ്, കുഞ്ഞുങ്ങളെ ഉള്‍പ്പെടെയാണ് അപമാനിച്ചത്. അദ്ദേഹം പരാമര്‍ശം പിന്‍വലിക്കണം. കുറച്ചുകൂടി ഉത്തരവാദിത്തതോടെ നടന്‍ ശ്രീനിവാസന്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തണണെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നതായും ഷാഹിദ കമാല്‍ പറഞ്ഞു.ശ്രീനിവാസന്റെ പരാമർശത്തെ വിമർശിച്ച് അങ്കണവാടി അധ്യാപികയായ ലക്ഷ്മി ദാമോദറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായി . അത് ഇങ്ങനെയാണ്.


ബഹുമാനപ്പെട്ട ശ്രീനിവാസൻ,

താങ്കൾ അങ്കണവാടി ജീവനക്കാരെ കുറിച്ചു പറഞ്ഞല്ലോ!. കേരളത്തിലെ ഏതെങ്കിലും ഒരു അങ്കണവാടി താങ്കൾ സന്ദർശിച്ചിട്ടുണ്ടോ??അങ്കണവാടിയിൽ നടക്കുന്ന പ്രവർത്തനം എന്തെന്നറിയുമോ??താങ്കളുടെ മക്കൾ പഠിച്ചത് അങ്കണവാടിയിലാവില്ല എന്നും അറിയാം. അങ്കണവാടിയിൽ ജീവനക്കാർ ചെയ്യുന്ന ജോലി എന്തെല്ലാം എന്ന് താങ്കൾക്കറിയാമോ..?അങ്കണവാടി ജീവനക്കാരെ നിങ്ങൾ സംബോധന ചെയ്ത ആ ഒരു രീതിയുണ്ടല്ലോ, വളരെ മോശമായിപ്പായി. സ്ത്രീപക്ഷ സിനിമയെടുത്ത് സ്ത്രീകളോട് ബഹുമാനം ഉള്ള തിരക്കഥയെഴുതുന്ന താങ്കൾ ഇത്രമോശമായി സംസാരിച്ചതിൽ നിന്നും മനസ്സിലായി താങ്കളാരാണ് എന്ന്…. വളരെ മോശമായ ഈ പ്രസ്ഥാവന നിങ്ങൾ ഇറക്കിയത് കേരളത്തിലെ സാധാരണക്കാരൻ്റെ മക്കൾ പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചാണ്. അങ്കണവാടി ജീവനക്കാർ ഉപയോഗിക്കുന്ന Smart Phone (ICDS CAS) താങ്കൾ ഒന്നു കാണണം. അലഞ്ഞു നടക്കുന്നവളുമാരല്ല അത് കൈകാര്യം ചെയ്യുന്നത്.ഗവൺമെൻ്റ് കൃത്യമായി ട്രൈനിoഗ്നല്കിയ ജീവനക്കാരണ്.ഇന്ത്യയിൽ പൊതുമേഖലയിൽ ആദ്യമായാണ് ഇത്തരം ഒരു ആപ്ലിക്കേഷൻ കീഴ്ജീവനക്കാർ ഉപയോഗിക്കുന്നതെന്നും ഒന്ന് താങ്കൾ അറിയണം.. ക്യാമറയുടെ മുമ്പിൽ എന്തും പറയാനുള്ള ഊർജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങൾ പഠിക്കണം എന്നിട്ടേ പറയാൻ പാടുള്ളു.കൃത്യമായി ട്രൈനിംഗ് കിട്ടിയ, ജീവനക്കാരാണ് അങ്കണവാടിയിലെന്ന് മനസ്സിലാക്കതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിൻവലിക്കണം….അനൗപചാരിക വിദ്യാഭ്യാസമാണ് ഒരു കുട്ടിയുടെ അടിത്തറയിടുന്നത്. അതിനാവശ്യമായ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികൾ.83% തലച്ചോറിൻ്റെ വളർച്ച നടക്കുന്ന കാലഘട്ടത്തിൻ്റെ പ്രാധാന്യവും കുട്ടികളുടെ മനശാസ്ത്രവും അടിസ്ഥാനപരമായി ജീവനക്കാർക്ക് ഗവൺമെൻ്റ് ട്രൈനിംഗ് പിരീടിൽ നല്കുന്നു എന്നതുകൂടെ അറിയുക

സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സച്ചി വിടവാങ്ങി.

0
സച്ചി (കെ.ആർ. സച്ചിദാനന്ദൻ)

സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു ; സംസ്ക്കാരം വൈകിട്ട് കൊച്ചിയിൽ.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ. സച്ചിദാനന്ദൻ-48) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

2007ൽ ചോക്കളേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായത്. ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല , ഡ്രൈവിങ് ലൈസന്‍സ് , സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥ എഴുതി.

സച്ചിക്ക് ആദരാഞ്ജലി അർപ്പിക്കാൻ മോഹൻലാൽ എത്തി

പൃഥ്വിരാജിനെ നായകനാക്കി 2015 ൽ പുറത്തിറങ്ങിയ അനാർക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോൻ കോമ്പോയിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും 2020 ലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി.
ഈ രണ്ട് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽജനിച്ച കെ.ആർ.സച്ചിദാനന്ദൻ എന്ന സച്ചി
എട്ടുവർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്.സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു ; സംസ്ക്കാരം വൈകിട്ട് കൊച്ചിയിൽ.

”കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും കൊറോണ ഇരിക്കുന്നു” . കൊറോണയെ ദേവിയായി സങ്കൽപിച്ച് കേരളത്തിൽ ഒരു ആരാധനാ കേന്ദ്രം!!

0
''കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും കൊറോണ ഇരിക്കുന്നു''

കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കാൻ പഠിക്കുന്ന ഹൈന്ദവ സങ്കൽപ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവൻ സുഖവും ക്ഷേമവും ഐശ്വര്യവും ഭവിക്കാൻ വേണ്ടിയാണെന്നും അനിലൻ പറയുന്നു.

കൊല്ലം : കൊറോണയെ ദേവിയായി സങ്കൽപിച്ച് കേരളത്തിൽ ഒരു ആരാധനാ കേന്ദ്രം. കൊല്ലം കടയ്ക്കൽ ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹൂർത്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനിലനാണ് വസതിയോടു ചേർന്നുള്ള പൂജാമുറിയിൽ ‘ കൊറോണാ ദേവി ‘ യെയെയും പൂജിക്കുന്നത്.

അവശതയനുഭവിക്കുന്നവരെ സഹായിച്ചതിനു ശേഷം ആ വിവരം രഹസ്യമായി അറിയിച്ചാൽ ദേവീപൂജ നടത്തിയ പ്രസാദം തപാലിൽ അയച്ചു തരുന്ന വഴിപാടു രീതിയാണ് ഇവിടെ അവലംബിക്കുന്നതെന്നും അനിലൻ പറയുന്നു. അതേസമയം വാക്സിൻ കണ്ടെത്തേണ്ടതു മെഡിക്കൽ വിദഗ്ധരാണെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

”ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുൻനിർത്തിയാണെന്നാണ് അനിലൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കാൻ പഠിക്കുന്ന ഹൈന്ദവ സങ്കൽപ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവൻ സുഖവും ക്ഷേമവും ഐശ്വര്യവും ഭവിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു.

യു കെ മലയാളികൾ നിമിയെയും മക്കളെയും നെഞ്ചോട് ചേർത്തു . സിന്റോ ജോർജ്ജിന്റെ കുടുംബത്തിനായി അവർ സമാഹരിച്ചത് ഒരുകോടി ഇരുപത്തി എട്ട് ലക്ഷം രൂപ

0
നിമിയുടെ സങ്കടങ്ങളും വേദനകളും പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു കണ്ടുനിന്നവരുടെ ഹൃദയത്തിലേക്ക്

ഓർമ്മയില്ലേ സിന്റോ ജോർജ്ജിനെ ? കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കോവിഡ് 19 ബാധിച്ചു യു കെ യിലെ റെഡ് ഹില്ലിൽ മരണമടഞ്ഞ ഇരിട്ടി സ്വദേശി സിന്റോയെ ? യു. കെ മലയാളികളുടെ മുഴുവൻ സ്നേഹവും കരുണയും ഏറ്റുവാങ്ങി ബ്രിട്ടന്റെ മണ്ണിൽ അലിഞ്ഞു ചേർന്ന സിന്റോജോർജ്ജിനെ ?
പ്രിയതമന്റെ മുഖം അവസാനമായി ഒന്ന് കാണാൻ പോലും കഴിയാതെ ശവപേടകത്തിൽ കെട്ടിപ്പിച്ചു പദം പെറുക്കി കരഞ്ഞുകൊണ്ടിരുന്ന നിമ്മിയെ ആർക്കു മറക്കാനാവും ?

”എനിക്ക് യുകെയിൽ ഇനി നില്ക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും സിമിത്തേരിയിൽ വന്നു പ്രാർത്ഥിക്കുവാൻ അവസരം ലഭിക്കുമോന്ന് ഉറപ്പില്ലെന്നും ” പറഞ്ഞു വിലപിക്കുന്ന ആ വീഡിയോ കണ്ടപ്പോൾ ‌ കണ്ണുകൾ പൊട്ടിയൊഴുകാത്തവരായി ആരുണ്ട് ഇവിടെ ?

”എനിക്ക് യുകെയിൽ ഇനി നില്ക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും സിമിത്തേരിയിൽ വന്നു പ്രാർത്ഥിക്കുവാൻ അവസരം ലഭിക്കുമോന്ന് ഉറപ്പില്ലെന്നും ” പറഞ്ഞു വിലപിക്കുന്ന ആ വീഡിയോ കണ്ടപ്പോൾ ‌ കണ്ണുകൾ പൊട്ടിയൊഴുകാത്തവരായി ആരുണ്ട് ഇവിടെ ? നിമ്മിയുടെ സങ്കടങ്ങളും വേദനകളും പെരുമഴയായി പെയ്തിറങ്ങുകയായിരുന്നില്ലേ കണ്ടുനിന്നവരുടെ ഹൃദയത്തിലേക്ക് !

മഹാമാരിയുടെ പരിമിതികൾക്കിടയിൽ ബന്ധുമിത്രാദികൾ ക്ക് ഈ കുടുംബത്തെ സന്ദർശിക്കാനോ സ്വാന്തനിപ്പിക്കാനോ സാധ്യമായില്ല. റെഡ് ഹില്ലിലെ മലയാളീ കൂട്ടായ്മയായ മാഴ്‌സും സീറോ മലബാർ സഭയുടെ ഭാഗമായ സെന്റ് ക്ലെയർ മിഷനും സിന്റോയുടെ ഭാര്യ നിമിയേയും കുട്ടികളെയും സന്ദർശിച്ചു സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു . ആ വാഗ്ദാനം വെറുതെയായിരുന്നില്ല.

യു കെ മലയാളികൾ സിന്റോയുടെ കുടുംബത്തെ സ്വന്തം കുടുംബമായി കണ്ട് ഉദാരമായി സംഭാവന നൽകി . സെന്റ് ക്ലയർ മിഷന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിൽ യുകെയിലെ എല്ലാ ഇടവക സമൂഹങ്ങളും ആത്മാർത്ഥമായി സഹകരിച്ചു. മാഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിൽ യുക്മയടക്കമുള്ള വിവിധങ്ങളായ മലയാളീ അസോസിയേഷനുകളും സംഘടനകളും അകമഴിഞ്ഞ് സഹായിച്ചു. സട്ടൻ മലയാളി അസ്സോസിയേഷനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമൊക്കെ ഇതിൽ പങ്കാളികളായി. ആകെ – 134194 .27 പൗണ്ട് സമാഹരിച്ചു . (ഏകദേശം 12888527 രൂപ )

സാമ്പത്തിക സഹായത്തോടൊപ്പം നിമിയുടെയും കുഞ്ഞുങ്ങളുടെയും ഭാവിജീവിതം സുരക്ഷിതമാക്കുന്നതിനത്യാവശ്യമായ യുകെ വിസ തരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കും കമ്മിറ്റി നേതൃത്വം നൽകിവരുന്നു. അതിനോടൊപ്പംതന്നെ കൗൺസിലുമായി ബന്ധപ്പെട്ട് അർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരുന്നു.

സിന്റോ ജോർജ്ജ്

പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ച തുകയുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

സെന്റ് ക്ലയർ മിഷൻ സമാഹരിച്ച തുക – £ 52680 .02
മാഴ്‌സും മറ്റു മലയാളി അസോസിയേഷനുകളും ചേർന്ന് സമാഹരിച്ച തുക – £65264 . 25
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൌണ്ടേഷൻ – £16250
ആകെ ലഭിച്ച തുക – £134194 .27
മൃത സംസ്കാര ശുശ്രൂഷകളുടെ ചിലവ് – £6126 .2

സിന്റോയുടെ ആശ്രിതർക്കൊരു കൈത്താങ്ങായിമാറിയ പ്രവാസി സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ചും നിമിയുടെയും ബന്ധുമിത്രാദികളുടെയും താൽപ്പര്യങ്ങൾ പരിഗണിച്ചും ബാക്കി തുകയായ £128067 . 07 താഴെപറയും പ്രകാരം വീതിച്ചുനൽകാനും കമ്മിറ്റി തീരുമാനിച്ചു.

സിന്റോയുടെ മാതാപിതാക്കൾക്ക് സഹായധനമായി – £11000
ഓരോ കുട്ടിയുടെയും പേരിൽ പതിനെട്ടുവയസ്സു വരെയുള്ള സ്ഥിര നിക്ഷേപമായി £20000 വീതം – £60000
ബാക്കി തുകയായ £57068 .07 ഇത് നിന്നും ബാങ്ക് വിനിമയ ഫീസുകൾ കഴിച്ചുള്ള തുക നിമിയുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്കായി നിമിയുടെ പേരിലും നൽകും.
യുകെ അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതിനുള്ള സാങ്കേതിക തടസ്സം മൂലം, വിസ നടപടികൾ പൂർത്തിയാക്കി നിമിയുടെയും കുട്ടികളുടെയും പേരിൽ പുതിയ അക്കൗണ്ടുകൾ തുറക്കുന്നതുവരെ കമ്മിറ്റി ഈ തുക സൂക്ഷിക്കുന്നതിന് നിമി അഭ്യർത്ഥിച്ചതിനാൽ താൽക്കാലികമായി ഈ തുക സെന്റ് ക്ലയർ മിഷന്റെയും മാഴ്സിന്റെയും അക്കൗണ്ടുകളിലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കുട്ടികളുടെ പേരിൽ നൽകിയിട്ടുള്ള ചെക്കിലും സൂക്ഷിച്ചിട്ടുള്ളതാകുന്നു. അക്കൗണ്ടുകൾ തുറക്കുന്നമുറക്ക് കമ്മിറ്റി ഈ തുക കൈമാറുന്നതായിരിക്കും എന്ന് ജോബി ഫിലിപ്, (പ്ര സിഡന്റ്, മാർസ്, റെഡ് ഹിൽ)
ജിപ്സൺ തോമസ്, ( ട്രസ്റ്റീ, സെന്റ് ക്ലയർ മിഷൻ റെഡ് ഹിൽ) എന്നിവർ അറിയിച്ചു

തർക്കത്തിന്​ വിരാമമായി;ഡിന്നി ചാക്കോയ്ക്ക് ഇടവകപ്പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം.

0
ഡിന്നി ചാക്കോ

ചാലക്കുടി: അനിശ്ചിതത്വത്തിനൊടുവിൽ ഡിന്നി ചാക്കോയ്ക്ക് ഇടവകപ്പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം. കോവിഡ് ബാധിച്ചു മരിച്ചതിനാൽ പള്ളി സിമിത്തേരിയിൽ സംസ്കരിക്കാനാകില്ലെന്നു തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഭാരവാഹികൾ അറിയിച്ചെങ്കിലും വീട്ടുകാരുടെ ആഗ്രഹപ്രകാരം സെമിത്തേരിയിൽ തന്നെ സംസ്കരിച്ചു. കളക്റ്ററും ഈ നിർദേശം നൽകിയിരുന്നു. പത്തടി ആഴത്തിൽ കുഴിയെടുത്ത് ഇന്നലെ വൈകിട്ട് 7.50നായിരുന്നു സംസ്കാരം.

സംസ്കാരത്തിനു നിർദേശിച്ച സ്ഥലം അഞ്ചടിയിലേറെ താഴ്ത്തിയാൽ വെള്ളം കാണുമെന്നായിരുന്നു സിമിത്തേരിയിൽ അടക്കുന്നതിനെ എതിർത്തവരുടെ പരാതി . 10 അടി ആഴത്തിൽ കുഴിയെടുത്തെങ്കിലും വെള്ളം കാണാതായതോടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നായി. ഇതിനിടെ, പ്രതിഷേധക്കാരെ പൊലീസ് പള്ളി പരിസരത്തു നിന്നു നീക്കി

വിജയരാഘവപുരം അസീസി നഗർ പാണാംപറമ്പിൽ ചാക്കോയുടെ മകനായ ഡിന്നി (41) മാലദ്വീപിൽ അധ്യാപകനായിരുന്നു. കപ്പലിൽ നാട്ടിലെത്തിയ അദ്ദേഹത്തെ മേയ് 16നു കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജിലേക്കു മാറ്റി. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു മരണം. നിരീക്ഷണത്തിൽ കഴിയുന്ന ഭാര്യ ജിനിക്കും മകൻ ജോവാനും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനായില്ല.