ചാലക്കുടി: അനിശ്ചിതത്വത്തിനൊടുവിൽ ഡിന്നി ചാക്കോയ്ക്ക് ഇടവകപ്പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം. കോവിഡ് ബാധിച്ചു മരിച്ചതിനാൽ പള്ളി സിമിത്തേരിയിൽ സംസ്കരിക്കാനാകില്ലെന്നു തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഭാരവാഹികൾ അറിയിച്ചെങ്കിലും വീട്ടുകാരുടെ ആഗ്രഹപ്രകാരം സെമിത്തേരിയിൽ തന്നെ സംസ്കരിച്ചു. കളക്റ്ററും ഈ നിർദേശം നൽകിയിരുന്നു. പത്തടി ആഴത്തിൽ കുഴിയെടുത്ത് ഇന്നലെ വൈകിട്ട് 7.50നായിരുന്നു സംസ്കാരം.
10 അടി ആഴത്തിൽ കുഴിയെടുത്തെങ്കിലും വെള്ളം കാണാതായതോടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നായി
സംസ്കാരത്തിനു നിർദേശിച്ച സ്ഥലം അഞ്ചടിയിലേറെ താഴ്ത്തിയാൽ വെള്ളം കാണുമെന്നായിരുന്നു സിമിത്തേരിയിൽ അടക്കുന്നതിനെ എതിർത്തവരുടെ പരാതി . 10 അടി ആഴത്തിൽ കുഴിയെടുത്തെങ്കിലും വെള്ളം കാണാതായതോടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നായി. ഇതിനിടെ, പ്രതിഷേധക്കാരെ പൊലീസ് പള്ളി പരിസരത്തു നിന്നു നീക്കി
വിജയരാഘവപുരം അസീസി നഗർ പാണാംപറമ്പിൽ ചാക്കോയുടെ മകനായ ഡിന്നി (41) മാലദ്വീപിൽ അധ്യാപകനായിരുന്നു. കപ്പലിൽ നാട്ടിലെത്തിയ അദ്ദേഹത്തെ മേയ് 16നു കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജിലേക്കു മാറ്റി. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു മരണം. നിരീക്ഷണത്തിൽ കഴിയുന്ന ഭാര്യ ജിനിക്കും മകൻ ജോവാനും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനായില്ല.