കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കുന്നു.
കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കമാണ് ഏറ്റവുമൊടുവിൽ പൊട്ടിത്തെറിയിലെത്തിയത്. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവി ജോസഫ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാൽ ജോസ് കെ മാണി അതിന് തയ്യാറായില്ല.


ഇതിനിടെ, പി ജെ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, കൊവിഡ് പ്രതിരോധത്തിൽ ഇടതുമുന്നണി സർക്കാർ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്ന അഭിപ്രായപ്രകടനം നടത്തിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴി വച്ചു. ജോസഫ് പക്ഷം യുഡിഎഫ് വിടുന്നു എന്ന് സംസാരങ്ങളുണ്ടായി.
പ്രശ്നത്തിൽ ഇടപെട്ട യുഡിഎഫ് നേതൃത്വം ജോസ് കെ മാണി പക്ഷത്തിന് കർശനമുന്നറിയിപ്പ് നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറിയേ തീരൂ. ജോസ് പക്ഷം രാജി വച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനമെടുക്കും എന്ന് അറിയിച്ചിട്ട് പോലും ജോസ് പക്ഷം ഒരിഞ്ച് പിന്നോട്ട് മാറിയില്ല. ഏറ്റവുമൊടുവിൽ പി ജെ ജോസഫിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ജോസ് കെ മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നെങ്കിലും അവസാനചർച്ച കൂടി നടന്നിട്ടും ഒന്നും നടക്കാതിരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് യുഡിഎഫ് കടന്നതെന്നാണ് സൂചന.














































