

മാസ്കും സാമൂഹ്യ അകലവും ഇല്ലാതെ ആയിരക്കണക്കിന് ആൾക്കാരെ കൂട്ടി ഇലക്ഷൻ റാലികളും റോഡ് ഷോകളും ഐശ്വര്യ യാത്രകളും നടത്തിയത് ഇവിടുത്തെ സാധാരണക്കാരല്ല ഡോക്ടറെ. മറിച്ചു വിവരം ഉണ്ടെന്നു അവകാശപ്പെടുന്ന ഇവിടുത്തെ രാഷ്ട്രീയനേതാക്കന്മാർ ആണ്. ഇപ്പോൾ ചത്തു പണിയെടുക്കുന്ന താങ്കൾ ഉൾപ്പെടെയുള്ള വിദഗ്ധർ ആ ഇലക്ഷൻ കാലത്തും ഇവിടെയൊക്കെ ഇല്ലായിരുന്നോ? നേതാക്കന്മാരെ ഒന്ന് പറഞ്ഞ് ബോധ്യപ്പെടുത്തരുതായിരുന്നോ, കാട്ടിക്കൂട്ടുന്നതെല്ലാം അപകടത്തിലേക്കുള്ള പോക്കാണെന്ന്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി നിലനിൽക്കെ ജയിലിൽ കിടന്ന ഒരു കൊലയാളിയുടെ ശവസംസ്കാരത്തിനു തടിച്ചു കൂടിയ രാഷ്ട്രീയ അടിമകളെയും താങ്കൾ കണ്ടതാണല്ലോ! എന്തേ അന്നൊന്നും മിണ്ടാതിരുന്നത് ?
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത കൂട്ടത്തിൽ നമ്മുടെ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു എന്നോർക്കുക . അതിനെയെല്ലാം ന്യായീകരിക്കാൻ ചാനലുകളിൽ വന്നിരുന്നു വിടുവായ് അടിച്ച ന്യായീകരണ തൊഴിലാളികളെയും താങ്കൾ കണ്ടതാണല്ലോ! അത് സംബന്ധിച്ച ചാനൽ ചർച്ചയിൽ താങ്കളും പങ്കെടുത്തതാണല്ലോ? മുഖ്യമന്ത്രിയുടെ പ്രോട്ടോകോൾ ലംഘനത്തെ അന്ന് ചിലർ ന്യായീകരിച്ചത് ഉമ്മൻചാണ്ടിയുടെ പ്രോട്ടോക്കോൾ ലംഘനം ഉയർത്തിക്കാട്ടിയായിരുന്നില്ലേ? എന്റെ മോഷണം പിടിക്കപ്പെടുമ്പോൾ മറ്റവനും മോഷ്ടിച്ചില്ലേ എന്ന് പറഞ്ഞു വാദിക്കുന്ന കള്ളന്റെ ന്യായീകരണ തന്ത്രമാണ് അത്. അന്ന് അത് തെറ്റാണെന്നു പറയാനുള്ള ചങ്കൂറ്റം ഇല്ലാതെ താങ്കൾ വായ്‌പൂട്ടി ഇരിക്കുന്നതും ഞങ്ങൾ പ്രേക്ഷകർ കണ്ടു. അന്നത്തെ ആ ന്യായീകരണങ്ങളൊക്കെ കേട്ടപ്പോൾ ഭ്രാന്ത് വന്നില്ലേ താങ്കൾക്ക് ?
സംസ്ഥാനം ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും കേന്ദ്രം ഭരിക്കുന്നവരുമൊക്കെ നടത്തിയ റോഡ് ഷോകളും വിജയക്കൊടി യാത്രകളും താങ്കൾ കണ്ടതാണല്ലോ? സാമൂഹ്യ അകലവും മാസ്കും സാനിറ്റൈസറും എന്ന കോവിഡ് പ്രോട്ടോക്കോൾ അപ്പോഴും നിലവിലുണ്ടായിരുന്നില്ലേ സ്നേഹിതാ ? താങ്കളായിരുന്നില്ലേ അന്നും കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ? അതെല്ലാം അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവർത്തിയാണെന്നു അന്ന് താങ്കൾക്ക് അറിയില്ലായിരുന്നോ? എന്തേ അന്നൊന്നും താങ്കൾക്ക് ഭ്രാന്ത് വന്നില്ല? എന്തെ അന്ന് ജനങ്ങളുടെ സുരക്ഷയിൽ ആശങ്ക ഉണ്ടായില്ല? അന്ന് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചവർക്കെതിരെ കമാന്നു ഒരക്ഷരം മിണ്ടാൻ എന്തേ നാവ് പൊന്തിയില്ല? സംസാരശേഷി നഷ്ടമായിരുന്നോ അന്ന് ? അതോ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നുപോയോ ?
ഇനിയും ഒരു ലോക് ഡൗൺ കൂടി വന്നാൽ നടുവ് ഒടിയുന്നത് ഇവിടുത്തെ സാധാരണക്കാരുടെ മാത്രം ആയിരിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് പണി എടുത്തില്ലെങ്കിലും സർക്കാർ കൃത്യമായി മാസാമാസം ശമ്പളം നൽകും. നൽകിയില്ലെങ്കിൽ സംഘടനാബലത്തിൽ അവർ അത് പിടിച്ചു വാങ്ങും . മുൻപ് ജീവനക്കാരുടെ ഒരുമാസത്തെ സാലറി കട്ട് ചെയ്തപ്പോൾ ഇവിടുണ്ടായ ബഹളം പൊതുജനം കണ്ടതാണല്ലോ.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴാണ് സർക്കാർ ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം കൂട്ടിക്കൊടുത്തതെന്നു ഓർക്കുക. ഈ ഏപ്രിൽ മാസം കുടിശിക ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരുടെ കീശയിലേക്ക് ഒഴുകി എത്തിയത് ലക്ഷക്കണക്കിന് രൂപയാണ് . ഇനിയും ബാക്കി വരാനിരിക്കുന്നു . മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനും വാരിക്കോരി കൊടുത്തു സർക്കാർ . ഇപ്പോൾ സർക്കാർ ജീവനക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് പോയാൽ മതിയെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഈ കരുതൽ ഇവിടുത്തെ കർഷകർക്കും തൊഴിലാളികൾക്കും എന്നെങ്കിലും കിട്ടുന്നുമോ ? ( ജീവിക്കാൻ വേണ്ടി കപ്പ കൃഷി നടത്തിയവർ ഇന്ന് ആത്മഹത്യയുടെ മുനമ്പിലാണ് ).
അന്നന്ന് പണി എടുത്തു ജീവിക്കുന്നവരാണ് ഇവിടുത്തെ ഭൂരിപക്ഷം ആളുകളും . ഒരുമാസക്കാലം എല്ലാം അടച്ചിട്ടാൽ പാവങ്ങൾ അവരുടെ വയർ കൂടി അടച്ചിടേണ്ടി വരും. സർക്കാർ ജീവനക്കാർക്ക് വാരിക്കോരി കൊടുത്തു ഖജനാവ് കാലിയാക്കിയവർ ഇപ്പോൾ വാക്സിൻ വാങ്ങിക്കാൻവേണ്ടി പണത്തിനായി പൊതുസമൂഹത്തോട് യാചിക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. അന്നന്ന് പണിയെടുത്തു ജീവിക്കുന്നവർ തന്റെ സമ്പാദ്യം അതിനായി കൊടുക്കുന്നതും നമ്മൾ കണ്ടു .
ഇതിൽ നിന്നെല്ലാം മനസിലാക്കേണ്ട ഒരുകാര്യം ഉണ്ട് . പുതുതായി വരുന്ന സർക്കാർ ഇടതായാലൂം വലതായാലും സാധാരണക്കാർ വലിയ പ്രതീക്ഷയൊന്നും പുലർത്തേണ്ടെന്ന്. ഇനി ഉടനെയൊന്നും ഇലക്ഷൻ ഇല്ലാത്തതുകൊണ്ട് സർക്കാരിന് ജനങ്ങളെ ഭയപ്പെടുകയും വേണ്ട. ആ സാഹചര്യത്തിൽ ഒരു ലോക് ഡൗൺ കൂടിവന്നാലോ? ഫലത്തിൽ കണ്ണീരിൽ മുങ്ങിയ ഒരു ജനതയെ ആയിരിക്കും വരും വർഷങ്ങളിൽ കാണാൻ കഴിയുക. സന്തോഷിക്കുന്നത് സർക്കാർ ജീവനക്കാർ മാത്രം ആയിരിക്കും.
കോവിഡിന്റെ പേരിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരിക്കയാണ് . സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരുടെ ജോലിഭാരം ഇരട്ടിച്ചപ്പോൾ ശമ്പളം പലേടത്തും മൂന്നിൽ രണ്ടായി വെട്ടിക്കുറച്ചു. ചിലയിടത്തു പാതിയാക്കി. തുണിക്കടകൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇതാണ് സ്ഥിതി. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ പെടുന്ന പാട് അനുഭവിച്ചവർക്കേ അറിയൂ .
വീണ്ടും ഒരു ലോക് ഡൗണ് വന്നാൽ ഇവരുടെ ജീവിതം തകർന്നടിയും. ഇപ്പോഴത്തെ സാഹചര്യത്തിൽ അതുണ്ടാവുമെന്നു സൂചനകിട്ടി കഴിഞ്ഞു. അങ്ങനെ വന്നാൽ അതിന്റെ കാരണക്കാർ ഇവിടുത്തെ രാഷ്ട്രീയക്കാർ മാത്രമായിരിക്കും .
കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ അത് മുഖം നോക്കിയോ സ്ഥാനം നോക്കിയോ രാഷ്ട്രീയം നോക്കിയോ ആവരുത് . ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ഒരു പ്രതീക്ഷ അകലെയാണ്.
എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി
Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി
Also read എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..
Also Read ‘എന്നിൽ നിന്നും പറന്നകന്ന പൈങ്കിളി മലർ തേൻകിളി’- അന്ത്യചുംബനം നൽകി അമ്മ മകളെ യാത്രയാക്കി.
Also read ആദിത്യനുമായുള്ള വിവാഹബന്ധം തകർന്നതെങ്ങനെ? ചലച്ചിത്രനടി അമ്പിളിദേവി മനസ് തുറക്കുന്നു













































