Home Editor's Choice ”ഈ പറഞ്ഞതല്ലാതെ ഒന്നും തരില്ല ട്ടോ?”

”ഈ പറഞ്ഞതല്ലാതെ ഒന്നും തരില്ല ട്ടോ?”

1199
0
കർഷകന്റെ കണ്ണുനീർ ആദായ വില്പന: കിലോ 20 രൂപ മാത്രം

പണ്ടൊരു ചെക്കനും കൂട്ടരും പെണ്ണുകാണാൻ പോയി. പെണ്ണിനെ കണ്ടു ഇഷ്ടപ്പെട്ടു. കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ പെണ്ണിന്റെ അച്ഛൻ ചെക്കന്റെ അച്ഛനോട് പറഞ്ഞു :
”50 പവന്റെ സ്വർണ്ണം. 25 ലക്ഷം രൂപ സ്ത്രീധനം.”
അത്രയും കേട്ടതേ ചെക്കന്റെ അച്ഛൻ സമ്മതഭാവത്തിൽ സന്തോഷത്തോടെ തലകുലുക്കി. അതിന്റെ പാതിപോലും പ്രതീക്ഷിച്ചായിരുന്നില്ല പോയത്. അതുകൊണ്ടു തന്നെ കൂടുതലൊന്നും ചോദിക്കാനോ പറയാനോ മെനക്കെട്ടതുമില്ല .
കുശാലായി ശാപ്പാടും കഴിച്ചു പോകാനിറങ്ങിയപ്പോൾ പെണ്ണിന്റെ അച്ഛൻ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു: ”ഈ പറഞ്ഞതല്ലാതെ ഒന്നും തരില്ല ട്ടോ. “
ഇതിനേക്കാൾ കൂടുതൽ എന്തുവേണമെടോ എന്ന് മനസിൽ ചോദിച്ചിട്ട് ചെക്കന്റെ അച്ഛൻ തലകുലുക്കി പടി ഇറങ്ങി കാറിൽ കയറി സ്ഥലം വിട്ടു.
കല്യാണം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും പെണ്ണിന്റെ വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ല! ചെക്കന്റെ അച്ഛൻ നെടുമുടി വേണു സ്റ്റൈലിൽ പെണ്ണിന്റെ അച്ഛനെ നോക്കി പറഞ്ഞു. ” ഇവിടെ ഒന്നും കിട്ടിയില്ല . തരാമെന്നു പറഞ്ഞതൊന്നും തന്നില്ല! ”
പെണ്ണിന്റെ അച്ഛൻ ചെക്കന്റെ അച്ഛന്റെ മുഖത്തുനോക്കി നിസ്സംഗ ഭാവത്തിൽ മൊഴിഞ്ഞു :
” ഞാൻ അന്നേ പറഞ്ഞില്ലായിരുന്നോ, ഈ പറഞ്ഞതല്ലാതെ ഒന്നും തരില്ലെന്ന് ! നിങ്ങൾ അത് തലകുലുക്കി സമ്മതിച്ചതുമാണല്ലോ ? ”
ചെക്കന്റെ അച്ഛൻ പ്ലിങ് !
ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ പണ്ടാരോ പറഞ്ഞ ഈ കഥ ഓർത്തുപോയി എന്നുമാത്രം !

നിയമസഭാ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. പൊതുജനങ്ങളെ ആവേശത്തെ കൊള്ളിച്ചു കത്തിക്കയറിയ ബജറ്റ് പ്രസംഗം മൂന്നു മണിക്കൂർ 20 മിനിറ്റ് നീണ്ടു റെക്കോർഡ് ഭേദിക്കുകയും ചെയ്തു.

അടുത്ത വർഷം എട്ടുലക്ഷം തൊഴിലവസരങ്ങൾ . ആരോഗ്യവകുപ്പില്‍ 4,000 പുതിയ തസ്തികകള്‍. കിഫ്ബി ഉത്തേജന പാക്കേജിന് 60,000 കോടി. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി രൂപ . വ്യവസായ ഇടനാഴിക്ക് 50,000 കോടി .

എല്ലാ വീട്ടിലും ലാപ്‌ടോപ്. 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ജോലി. യുവശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാൻ ഒരു ലക്ഷം രൂപ ഫെല്ലോഷിപ്പ്. സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി. കൈത്തറി മേഖലയ്ക്ക് 52 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. പ്രവാസികള്‍ക്കുള്ള തൊഴില്‍ പദ്ധതിക്ക് 100 കോടി. പ്രവാസി പെന്‍ഷന്‍ 3500 രൂപ.കയര്‍മേഖലയ്ക്ക് 112 കോടി. റബറിന്റെ തറവില 170 രൂപ. നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വില കൂട്ടും.
ഭക്ഷ്യസുരക്ഷയ്ക്ക് 40 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ചു കോടി. കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കു 40 കോടി.ലൈഫ് മിഷനില്‍ ഒന്നര ലക്ഷം വീടുകള്‍ കൂടി. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി. കെഎസ്ആര്‍ടിസിയില്‍ 3,000 പ്രകൃതി സൗഹൃദ ബസുകള്‍. ഇ-വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ്. ഇ-ഓട്ടോറിക്ഷകൾക്ക് 25,000 രൂപ മുതൽ 30,000 വരെ സബ്സിഡി. മൽസ്യ തൊഴിലാളികള്‍ക്ക് 5000 കോടി.
ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിയമസഭയിൽ നടത്തിയത് . പുതിയ നികുതി നിർദ്ദേശങ്ങൾ ഒന്നും ഇല്ലതാനും.

ടിവിക്കു മുൻപിലിരുന്നു പ്രഖ്യാപനങ്ങൾ കേട്ട് അത്ഭുതം കുറിയ സാധാരണക്കാർ ആരോടെന്നില്ലാതെ ചോദിച്ച ഒരു ചോദ്യമുണ്ട് . ‘‘ഇതു വല്ലതും നടക്കുന്ന കാര്യമാണോ? ഇതിനൊക്കെയുള്ള പണം എവിടെ നിന്ന് കണ്ടെത്തും ?’’.

മുൻവർഷങ്ങളിലെ ഒട്ടേറെ പ്രഖ്യാപനങ്ങൾ ജീവൻ വയ്ക്കാതെ കടലാസിൽ ഉറങ്ങുന്നത് കണ്ടവരാണല്ലോ പൊതുജനം. പ്രഖ്യാപിച്ച പല പദ്ധതികളും മുൻപ് പ്രഖ്യാപിച്ചതിന്റെ ആവർത്തനമാണുതാനും.

വിവിധ കാർഷികോത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ 15 അഗ്രോപാർക്കുകൾ തുടങ്ങുമെന്ന് പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ പറഞ്ഞിരുന്നു. എന്നാൽ ഒരു അഗ്രോപാർക്കിന്റെ പണി മാത്രമാണ് തുടങ്ങാനായത്. വേമ്പനാട്ട് കായൽ സംരക്ഷണ ക്യാമ്പയിൻ 2018 ലും 2020 ലും പ്രഖ്യാപിച്ചു. വയനാട് മെഡിക്കൽ കോളേജ് 2012 ൽ പ്രഖ്യാപിച്ചിട്ടും നടന്നില്ല. വയനാട് കാർബൺ ന്യുട്രൽ കോഫി പാർക്ക് 2019 ൽ പ്രഖ്യാപിച്ചതാണ്. കല്യാട് രാജ്യാന്തര ആയുർവേദ ഗവേഷണകേന്ദ്രം 2016 ലെ ബജറ്റിലും ഉണ്ടായിരുന്നു. വ്യവസായ ഇടനാഴി എല്ലാ ബജറ്റിലും ഉണ്ടായിരുന്നു. കണ്ണൂർ അഴീക്കലിൽ ഔട്ടർ ഹാർബർ നേരത്തെ പ്രഖ്യാപിച്ചതാണ്. കെ എസ്‌ ആർ ടിസി 3000 പ്രകൃതി സൗഹൃദ ബസുകള്‍ വാങ്ങുമെന്ന് 2016 പ്രഖ്യാപിച്ചെങ്കിലും വാങ്ങിയില്ല.

മേയിൽ തിരഞ്ഞെടുപ്പു കഴിഞ്ഞു മറ്റൊരു മുന്നണിയാണ് അധികാരത്തിൽ വരുന്നതെങ്കിൽ ധനമന്ത്രി ഇപ്പോൾ അവതരിപ്പിച്ച ബജറ്റിന് പ്രസക്തിയേ ഇല്ലാതാകും. പുതിയ സർക്കാരിന്റെ നയവും നിലപാടും അനുസരിച്ചു പുതിയൊരു ബജറ്റായിരിക്കും അപ്പോൾ അവതരിപ്പിക്കുക. ഇടതുമുന്നണി തന്നെ വീണ്ടും അധികാരത്തിൽ വന്നാൽ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി തന്നെ പറഞ്ഞിട്ടുമുണ്ട്. അപ്പോൾ പിന്നെ ഈ പ്രഖ്യാപനങ്ങൾക്ക് എന്ത് പ്രസക്തി ? ഈ ബജറ്റ് ഇടതുമുന്നണിയുടെ ഒരു പ്രകടന പത്രികയായി മാത്രം കണ്ടാൽ മതി എന്നാണ് പ്രതിപക്ഷം പരിഹസിച്ചത്.

ഇനി ഇടതുസർക്കാരാണ് വരുന്നതെങ്കിൽ, ഇതേബജറ്റ് തന്നെ അവർ അവതരിപ്പിക്കുമെങ്കിൽ ഈ പ്രഖ്യാപനങ്ങളൊക്കെ നടപ്പിലാക്കാൻ പണം എവിടെ എന്ന ചോദ്യത്തിന് യുക്തമായ മറുപടി നൽകാൻ ഐസക്കിനാവുന്നുമില്ല. കടലാസിലെ കണക്കുകൾ കാണിച്ചു ജനത്തെ പറ്റിക്കാമെങ്കിലും പണം ഖജനാവിലേക്ക് എത്തണമെങ്കിൽ നികുതി വരുമാനം കൂട്ടിയേ പറ്റൂ . കോവിഡ് പ്രതിസന്ധിയിൽ നട്ടെല്ല് ഒടിഞ്ഞു കിടക്കുന്ന വ്യാപാര വ്യവസായ ടൂറിസം മേഖലയിൽ നിന്ന് അധികവരുമാനം പ്രതീക്ഷിക്കാനും പറ്റില്ല. പുതിയ സർക്കാർ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും പണം തന്നെ. സർക്കാർ ജീവനക്കാർക്കു തിരിച്ചുനൽകേണ്ട സാലറി കട്ട് തുക, മാറ്റിവച്ച ലീവ് സറണ്ടർ, നാല് ഗഡു ഡിഎ കുടിശിക, ശമ്പളപരിഷ്കരണം എന്നിവയ്‌ക്കെല്ലാം കൂടി 22,000 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ടതുണ്ട്. അത് നടപ്പിലാക്കാതെ ജീവനക്കാർ സമ്മതിക്കുകയുമില്ല . അതുമാത്രം ഉറപ്പായ വാഗ്ദാനം !

കോവിഡ് പ്രതിസന്ധിയിൽ കേന്ദ്രം അനുവദിച്ച 18,000 കോടിയുടെ അധിക വായ്പയിലാണ് സർക്കാർ ഈ വർഷം വീണുപോകാതെ പിടിച്ചു നിന്നത്. അധിക വായ്പയെടുക്കാൻ അടുത്ത വർഷം അനുമതി കിട്ടാതെ വന്നാൽ ബജറ്റിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാർ ഇത്തിരി ഉഷ്ണിക്കും.

സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49 ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു എന്ന് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. കടബാധ്യത 2,60,311.37 കോടി രൂപയായി ഉയര്‍ന്നു . ആഭ്യന്തര കടം 1,65,960.04 കോടിയായി. റവന്യൂ വരുമാനത്തില്‍ 2,629 കോടിയുടെ കുറവാണ് ഉണ്ടായത്. തനത് നികുതി വരുമാനവും കുറഞ്ഞു. തൊഴിലില്ലായ്മ ഒമ്പത് ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും കീഴ്‌പോട്ട് തന്നെ. 6.62% ശതമാനമാണ് കാര്‍ഷികമേഖലയുടെ നെഗറ്റീവ് വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഈ വര്‍ഷം പ്രതീക്ഷിച്ച റവന്യു വരുമാനം 1,14,365 കോടി രൂപയായിരുന്നു . കിട്ടുന്നത് 93,115 കോടി. കുറവ് 18.77 ശതമാനം. അടുത്ത വര്‍ഷം ഐസക്കിന്റെ റവന്യു വരുമാന പ്രതീക്ഷ 1,28,375.88 കോടി രൂപയാണ്. ഈ വർഷം 19 ശതമാനം കുറവായ റവന്യു വരുമാനം അടുത്ത വർഷം 38 ശതമാനമായി കുതിച്ചുയരുന്ന അത്ഭുതം നടക്കുമെന്നാണ് ധനമന്ത്രി പറയുന്നത് .

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൂടി സംസ്ഥാനത്തിന്റെ തനതു വരുമാനത്തിന്റെ 87 ശതമാനം വരുമെന്നതാണ് ഈ വര്‍ഷത്തെ സ്ഥിതി. അടുത്ത വര്‍ഷം അത് 72 ശതമാനമായി കുറയുമെന്നു ധനമന്ത്രി കണക്കിലൂടെ സമർത്ഥിക്കുന്നു.

സർക്കാർ ജീവനക്കാർക്ക് അച്ചാദിൻ.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും പെൻഷൻ പരിഷ്കരണവും അടുത്തമാസം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് . പിന്നാലെ ഡി എ കുടിശ്ശികയും കോവിഡ് കാലത്തു കട്ട് ചെയ്ത ശമ്പളവും കിട്ടും. അതുനടപ്പാക്കുമെന്നു തീർച്ചയാണ് . സംഘടിത ശക്തിക്കു മുൻപിൽ ഏതു സർക്കാരും മുട്ടുകുത്തും. കോവിഡ് ഏൽപ്പിച്ച ആഘാതത്തിലും സംസ്ഥാനത്ത് സന്തോഷമുള്ള ഒരു വിഭാഗം സർക്കാർ ജീവനക്കാർ തന്നെ .

പത്തു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം എന്ന അടിസ്ഥാനത്തിൽ തയ്യാറാക്കിയതായിരുന്നു പത്താം ശമ്പള കമ്മീഷന്റെ പുതുക്കിയ ശമ്പള സ്കെയിലുകൾ. അഞ്ചുവർഷത്തിൽ ഒരിക്കൽ പരിഷ്കരണം എന്ന പഴയ രീതി നിലനിറുത്തി ഉത്തരവിറക്കിയെങ്കിലും ശമ്പളസ്കെയിലുകളിൽ മാറ്റം വരുത്തിയില്ല അന്നത്തെ യുഡിഎഫ് സർക്കാർ . ഇത് ജീവനക്കാർക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. അഞ്ചുവർഷം ആയപ്പോൾ പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ചു ഈ സർക്കാർ. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം കിട്ടും ജീവനക്കാർക്ക്.

കാലാകാലങ്ങളിൽ ജീവനക്കാർക്ക് ശമ്പള വർധനവ്‌ നടപ്പിലാക്കുന്നതിനെ ആരും എതിർക്കുന്നില്ല! അത് ന്യായമാണ്‌ താനും . എന്നാൽ പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്ത്‌ പറഞ്ഞിരിക്കുന്ന, ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നിർദേശങ്ങൾ തൽക്കാലം നടപ്പിലാക്കേണ്ടെന്ന സർക്കാരിന്റെ തീരുമാനം പൊതുസമൂഹത്തെ അമ്പരപ്പിച്ചു.

പത്താം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു : ”സര്‍ക്കാരിന്റെ വിഭവങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേണ്ടി മാത്രമല്ല മുഴുവന്‍ ജനങ്ങൾക്കും വേണ്ടിയാണ്‌. ശമ്പളവും പെന്‍ഷനും പറ്റുന്ന 10 ലക്ഷത്തിനു പുറമേ 3.30 കോടി ജനങ്ങള്‍ കൂടി ഇവിടെയുണ്ട്‌. അവരെ കണ്ടില്ലെന്നു നടിക്കാന്‍ കമ്മിഷനു കഴിയില്ല.”

ഖജനാവില്‍ നിന്ന് ഭീമമായ തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ചെലവഴിക്കുമ്പോള്‍ അവരില്‍ നിന്ന് നികുതിദായകര്‍ക്കു ന്യായമായി ലഭിക്കേണ്ട മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനില്ലേ എന്നാണ് കമ്മീഷൻ ചോദിച്ചത്. ഇതുതന്നെയാണ് പൊതുജനങ്ങളും ചോദിക്കുന്നത് .

സർക്കാർ ഉദ്യോഗം എന്ന ഭാഗ്യം ലഭിച്ചവരും സാധാരണക്കാരും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർധിച്ചുവരുന്നു. ശമ്പളവർധനയ്ക്കായി ശതകോടികൾ നീക്കിവയ്ക്കുന്ന സർക്കാർ വിലക്കയറ്റം നിയന്ത്രിക്കാൻ കാര്യമായി ശ്രമിക്കുന്നുമില്ല . വൻകിട സ്ഥാപനങ്ങളുടെ നികുതി കുടിശിക പിരിക്കുന്നതിലും വീഴ്ച്ചവരുത്തുന്നു . അധികഭാരം സാധാരണക്കാരുടെ തലയിൽ കെട്ടിവച്ചു അവരെ പരമാവധി പിഴിയുകയാണ് എല്ലാ സർക്കാരും. സംഘടിക്കാനും പ്രതിഷേധിക്കാനും സാധരണക്കാർക്ക് യൂണിയൻ ഇല്ലല്ലോ.

കാര്‍ഷിക വിളകളുടെ വിലയിടിഞ്ഞതോടെ കര്‍ഷകര്‍ ഇന്ന് കടക്കെണിയിലാണ് . അതേസമയം നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുകയുമാണ് . സംഘടിത ഉദ്യോഗവർഗത്തെ താലോലിക്കുന്ന സർക്കാർ സാധാരണക്കാരുടെ നിലവിളി കേൾക്കാതെ പോകുന്നത് സങ്കടകരമാണ് !
എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി

Also Read അമ്മയെന്താ എന്നെ മനസ്സിലാക്കാത്തതെന്ന് ചോദിക്കുമ്പോൾ നീയെന്താ എന്നെ മനസ്സിലാക്കാത്തതെന്ന് ഞാൻ തിരിച്ചു അവളോട് ചോദിക്കുമായിരുന്നു.

Read Also പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും

Read Also എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

Read Also അക്ഷരവെളിച്ചം പകർന്നു തന്ന അധ്യാപകരെ ഹൃദയത്തില്‍ സൂക്ഷിക്കുക

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here