”അവിടെച്ചെന്ന ഞാൻ കണ്ടത്, കറുത്തുമെലിഞ്ഞ ഒരു പെൺകുട്ടിയെ തോളിലൂടെ കയ്യിട്ടു മുറുകെപ്പിടിച്ചുകൊണ്ട് ഭാര്യ നിൽക്കുന്നതാണ്, ആ കുട്ടി നല്ലതുപോലെ കരയുന്നുമുണ്ടായിരുന്നു. അവൾ കുട്ടിയോടൊപ്പം പിന്നിലെ സീറ്റിലിരുന്ന്, അവളെ മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു:
‘നീ കാർ എതിലെയെങ്കിലും കുറേനേരം വളരെ പതിയെ ഓടിക്കണം. എങ്ങിനെയെങ്കിലും നാലുമണിയോടെ മാത്രമേ ഇവളുടെ വീട്ടിലെത്താൻ പാടുള്ളൂ’‘
പ്രസാദ് പോൾ എന്ന അധ്യാപകൻ ഫേസ്ബുക്കിൽ ഇട്ട ഒരു അനുഭവക്കുറിപ്പ് വായിക്കുക .
”അനേകവർഷങ്ങൾക്ക് മുന്നേ ഉഴവൂർ സെന്റ്.സ്റ്റീഫൻസ് കോളേജിൽ നടന്ന സംഭവമാണ്. ബിരുദ പരീക്ഷകളുടെ അവസാന ദിവസം ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്ന് പരീക്ഷയ്ക്ക് സഹായകമാവുന്ന രീതിയിലുള്ള ഏതാനും കടലാസ്സുതുണ്ടുകൾ ഇൻവിജിലേറ്റർ ആയ അദ്ധ്യാപിക കണ്ടെത്തുന്നു, അത് തരാൻ ആവശ്യപ്പെട്ടപ്പോൾ അവൾ ഉടനെ ആ കടലാസ്സ് തുണ്ടുകൾ വായിലിട്ട് ചവച്ചിറക്കിയിട്ട് മൂന്നാം നിലയിലെ മുറിയിൽ നിന്നിറങ്ങിയോടി, സൺഷേഡിലേക്ക് ചാടിയിറങ്ങി, താഴേക്ക് ചാടി ആത്മത്യ ചെയ്യാനൊരുങ്ങി. ഒച്ചയും, ബഹളവുമൊക്കെക്കേട്ട് അന്നത്തെ പ്രിൻസിപ്പലായ; ബഹുമാന്യനും, തികഞ്ഞ ജന്റിൽമാനുമായ പ്രൊഫ.V P തോമസ്കുട്ടി സാറും ഓടിയെത്തി.
അദ്ദേഹം വളരെ വികാരഭരിതനായി, മകളെയെന്ന് വിളിച്ചുകൊണ്ട് അവളെ ആവുന്നവിധത്തിലെല്ലാം ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും, ഇതൊന്നും വലിയ കാര്യമല്ല, ഇങ്ങനെ പലരും ചെയ്യാറുണ്ട്, നീ വിഷമിക്കണ്ട എന്നൊക്കെ ആവർത്തിച്ച് പറഞ്ഞുകൊണ്ട് അവൾ താഴേക്ക് ചാടാതിരിക്കാനുള്ള സകല പ്രയത്നവും ചെയ്തുകൊണ്ടിരുന്നു. ഇതേ സമയത്തുതന്നെ ആ കോളേജിലെ ശക്തനായ ഒരു പ്യൂൺ കുട്ടിയറിയാതെ സൺഷേഡിലേക്ക് ഇറങ്ങി, പതുങ്ങിച്ചെന്ന് അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ച് , വലിച്ചുയർത്തി വരാന്തയിലേക്കിടുകയായിരുന്നു.
തോമസുകുട്ടിസാർ അവളെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയതിനു ശേഷം അന്നത്തെ ‘വിമൻസ് സെല്ലിന്റെ'( പെൺകുട്ടികളുടെ പ്രശ്നപരിഹാരത്തിനായുള്ള അദ്ധ്യാപികമാരുടെ പ്രസ്ഥാനം) ചെയർപേഴ്സൺ ആയിരുന്ന എന്റെ ഭാര്യയെ വിളിപ്പിച്ചു, അവൾ ചെന്നപ്പോൾ കാണുന്ന കാഴ്ച പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് കസേരയിലിരുന്ന് വല്ലാതെ വിറയ്ക്കുന്നതും, അതീവവിഷമത്തോടെ അതിനേക്കാൾ ശക്തമായി വിറച്ചുകൊണ്ട് തോമസ്കുട്ടിസാർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുമാണ്.
അവൾ പെൺകുട്ടിയുടെ അടുത്തുചെന്ന് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് മോൾ പേടിക്കണ്ട, യാതൊന്നും സംഭവിക്കില്ല, എല്ലാം ഞാൻ ശരിയാക്കിക്കൊള്ളാമെന്ന് പറയുകയും, അതിനുശേഷം പ്രിന്സിപ്പലിനോട് സാർ പേടിക്കണ്ട ഈ കാര്യം ഞാൻ കൈകാര്യം ചെയ്തോളാം, സാർ കുട്ടിയുടെ വീട്ടിലേക്ക് ഒന്ന് വിളിച്ചിട്ട് ഇങ്ങനെയൊരു സംഭവമുണ്ടായെന്നും, അവൾക്ക് കുഴപ്പമൊന്നുമില്ലെന്നും, അവളെ ഇവിടെയുള്ള ഒരു ടീച്ചറിന്റെ കൂടെ വീട്ടിലേക്ക് വിടാമെന്നും, അവളെ ഒരിക്കലും വഴക്കുപറയരുതെന്നും പറയണം.
ഭാര്യ പിന്നീട് എന്നെ വിളിച്ചിട്ട് നീ പെട്ടെന്നുതന്നെ എന്റെ കോളേജിലേക്ക് വരണം എന്ന് പറഞ്ഞു,
അന്നുച്ചകഴിഞ്ഞു എനിക്ക് BSc കുട്ടികളുടെ പ്രാക്ടിക്കൽ ചാർജ്ജ് ഉള്ളതുകൊണ്ട് ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ, ഒരൊഴിവുകഴിവും പറയണ്ട, അത്രയ്ക്കത്യാവശ്യമുള്ളതുകൊണ്ടാണ് ഞാൻ ഉടനെ വരാൻ ആവശ്യപ്പെട്ടതെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യുകയായിരുന്നു.
ഞാൻ ഉടനെതന്നെ വേറൊരു ടീച്ചറെ പ്രാക്റ്റിക്കൽ ഏൽപ്പിച്ചിട്ട്; ഉച്ചകഴിഞ്ഞു ലീവെടുത്തു അങ്ങോട്ടുപോയി. അവിടെച്ചെന്ന ഞാൻ കണ്ടത്, കറുത്തുമെലിഞ്ഞ ഒരു പെൺകുട്ടിയെ തോളിലൂടെ കയ്യിട്ടു മുറുകെപ്പിടിച്ചുകൊണ്ട് ഭാര്യ നിൽക്കുന്നതാണ്, ആ കുട്ടി നല്ലതുപോലെ കരയുന്നുമുണ്ടായിരുന്നു. അവൾ കുട്ടിയോടൊപ്പം പിന്നിലെ സീറ്റിലിരുന്ന്, അവളെ മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു,
‘നീ കാർ എതിലെയെങ്കിലും കുറേനേരം വളരെ പതിയെ ഓടിക്കണം, എങ്ങിനെയെങ്കിലും നാലുമണിയോടെ മാത്രമേ ഇവളുടെ വീട്ടിലെത്താൻ പാടുള്ളൂ’
അവളുടെ വീട് എറണാകുളം ദിശയിലായിരുന്നിട്ടും ഞാൻ കാർ എതിർദിശയിലുള്ള പാലായിലേക്ക് ഓടിച്ചു, ഇതിനിടയിൽ എന്റെ ഭാര്യ നിർത്താതെ ആ കുട്ടിയെ പലതും പറഞ്ഞാശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് വഴിയോരത്തെ ചായക്കടയുടെ മുന്നിൽ നിർത്തി ഞാൻ അവർക്ക് ഒരു ചായ വാങ്ങിക്കൊണ്ടുവന്നു കൊടുത്തു. അൽപ്പം ശാന്തയായ അവൾ അതുകുടിച്ചശേഷം വീണ്ടും പാലായിലേക്ക് തന്നെ പോയി, ഏതാണ്ട് പന്ത്രണ്ട് കിലോമീറ്ററുകൾ ഉണ്ട് പാലായ്ക്ക്. അതിനിടയിൽ ആ കുട്ടി സാവകാശം ശാന്തയായിക്കഴിഞ്ഞിരുന്നു. ഭാര്യ അവളുടെ തൂവാല കൊണ്ട് കുട്ടിയുടെ മുഖം തുടച്ചു വൃത്തിയാക്കിയിട്ട്, നമുക്കെവിടെയെങ്കിലും കയറി എന്തെങ്കിലും കഴിക്കാമെന്ന് പറഞ്ഞതുകൊണ്ട്, പാലായിലെ ഒരു ഹോട്ടലിൽക്കയറി അൽപ്പം ഭക്ഷണവും കഴിപ്പിച്ചു, അതിനിടയിൽ ഞാനും എനിക്കാവുന്ന വിധത്തിലൊക്കെ അവളെ ആശ്വസിപ്പിച്ചു.
പിന്നീട്, ഏതാണ്ട് നാൽപ്പതോളം കിലോമീറ്ററുകൾ സാവകാശം ഓടിച്ചവളുടെ വീട്ടിലെത്തിയപ്പോൾ സമയം നാലുമണികഴിഞ്ഞിരുന്നു. റോഡുവക്കത്തെ കൂരയിൽ താമസിച്ചിരുന്ന അവളുടെ അമ്മയുടെ അടുത്തേക്ക് ഭാര്യ ഇറങ്ങിച്ചെന്ന്, അവരോടു കാര്യത്തിന്റെ ഗൗരവം അറിയിക്കുകയും, ഒരു കാരണവശാലും അവളെ വഴക്കുപറയരുതെന്ന് പറഞ്ഞു കുട്ടിയെ അവരെയേൽപ്പിച്ചു തിരിച്ചു പോന്നു.
പിന്നീട് ഈ കോപ്പിയടിക്കേസിന്റെ അന്വേഷണക്കമ്മീഷനായി ഭാര്യതന്നെ ചുമതലയേൽക്കുകയും, പരമാവധി ശിക്ഷയായ മൂന്ന് പ്രാവശ്യം പരീക്ഷയെഴുതുന്നതിൽനിന്നു തടയപ്പെടുന്നതിനു പകരം, ഒരേയൊരു ചാൻസ് മാത്രം തടയുന്ന രീതിയിലേക്ക് ശിക്ഷ ലഘൂകരിച്ചു കൊടുക്കുകയായിരുന്നു.
ഈ സമയത്ത് ഞാൻ വളരെ ആദരവോടെയും, ബഹുമാനത്തോടെയും ഓർമ്മിക്കുന്ന കാര്യം, അന്നത്തെ പ്രിൻസിപ്പലായിരുന്ന പ്രൊഫ. V P തോമസുകുട്ടിയെന്ന വ്യക്തിയുടെ മനുഷ്യത്വവും, മനസ്സിന്റെ വലുപ്പവും, അലിവുമാണ്, ഇങ്ങനെയായിരിക്കേണ്ടതാണ് എല്ലാ പ്രിൻസിപ്പൽമാരും. അതുകൊണ്ട് മാത്രമാണ് ആ പെൺകുട്ടി ഇന്നും ജീവിച്ചിരിക്കുന്നത്.
കടപ്പാട് : പ്രസാദ് പോൾ