കോഴിക്കോട്: ദുബായിൽ ഹൃദയാഘാതം മൂലം മരിച്ച നിതിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ വാര്‍ത്ത ഒടുവിൽ ഭാര്യ ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയോട് ഡോക്ടര്‍മാർ ആണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. ജീവച്ഛവമായി മാറിയ ആതിര ആദ്യം ജീവനില്ലാതെ തന്റെ ഭർത്താവിനെ കാണേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് ഒരു നോക്ക് ഒന്ന് കണ്ടാൽ മാത്രം മതിയെന്ന് അറിയിക്കുകയായിരുന്നു .
നിതിന്‍റെ മരണം അറിയിക്കാതെയാണ് ആതിരയെ പ്രസവത്തിനായി ആശുപത്രിയിലാക്കിയത്. ഇന്നലെ ഉച്ചക്ക് പെൺകുഞ്ഞിന് ജൻമം നൽകിയ ആതിരയെ പുറത്ത് നടക്കുന്ന വാര്‍ത്തകൾ അറിയാക്കാതെ ബന്ധുക്കളും ആശുപത്രി അധികൃതരും കരുതലെടുത്തിരുന്നു. ഫോണും ടിവിയും എല്ലാം ഒഴിവാക്കിയായിരുന്നു കരുതൽ.
മോര്‍ച്ചറിക്ക് സമീപത്ത് ആംബുലൻസ് എത്തിച്ചാണ് ആതിരക്ക് നിതിനെ കാണാൻ അവസരം ഒരുക്കിയത്. വീൽചെയറിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഡോക്ടർമാർ അവരെ കൊണ്ടുവന്നത് . കണ്ടമാത്രയിൽ അവർ പൊട്ടിക്കരഞ്ഞു . അത് കണ്ടു നിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇരുപത്തിയേഴാം വയസിൽ ആതിര വിധവയായി.


ആതിരയെ കാണിച്ചതിനു ശേഷം നിഥിന്റെ ഭൗതികശരീരം പേരാമ്പ്രയിലെ കൊണ്ടുപോയി . വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരംനടന്നു.
നാട്ടിലും വീട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നു നിതിൻ. ആതിരയുടെ പ്രസവത്തിന് നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും എല്ലാം നിതിൻ പറഞ്ഞിരുന്നു. ഒട്ടേറെ പേരാണ് പേരാമ്പ്രയിലെ വീടിന് പരിസരത്ത് രാവിലെ മുതൽ എത്തിയിട്ടുള്ളത്.