Home Education & Career ”ഓരോ കോപ്പിയടി കേസും ഇപ്പോൾ ഉറക്കം കെടുത്തുന്നത് അദ്ധ്യാപകരെയാണ്”

”ഓരോ കോപ്പിയടി കേസും ഇപ്പോൾ ഉറക്കം കെടുത്തുന്നത് അദ്ധ്യാപകരെയാണ്”

694
0
ഫാ. ജെയ്‌സൺ മുളേരിക്കൽ
‘ഞാൻ എന്റെ അദ്ധ്യാപകരോട് പറയാറുണ്ട്, കോപ്പിയടിച്ചു പിടിച്ച ഓരോ വിദ്യാർത്ഥിയെയും നമ്മൾ രാജാവിനെ പോലെ അല്ലെങ്കിൽ രാജ്ഞിയെ പോലെ കരുതണം എന്ന്. കോപ്പിയടിച്ചു പിടിച്ചാൽ അവർക്കു പിന്നെ ചായ മേടിച്ചു കൊടുക്കണമോ എന്ന് ചോദിക്കുന്നത് ഈ ദിവസങ്ങളിൽ പല സാമൂഹ്യ മാധ്യമങ്ങളിലും കണ്ടു. ഞാൻ മേടിച്ചു കൊടുക്കാറുണ്ട്, ചായ മാത്രം അല്ല ഊണുവരെ”


ചേർപ്പുങ്കൽ കോളേജിൽ ഒരു വിദ്യാർത്ഥിനി കോപ്പിയടിച്ചു പിടിച്ചതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയ്‌സൺ മുളേരിക്കൽ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് വൈറലായി .
അച്ചൻ പറയുന്നു :

അച്ചന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :

ഒത്തിരി അധികം അപ്സെറ്റ് ആക്കിക്കളഞ്ഞ ഒരു സംഭവം ആയിരുന്നു അഞ്ചുവിന്റെ മരണം. കാരണം ഞാനും ഒരു പ്രിൻസിപ്പാൾ ആണ്, എന്റെ കുട്ടികളുടെ കാര്യത്തിൽ ഇങ്ങനെ ഒന്നും, ഒരിക്കലും സംഭവിക്കരുതേയെന്നാണ് പ്രാർത്ഥന.

പ്രിൻസിപ്പാൾ ആയ എന്റെ ജീവിതത്തിലെ ആദ്യ ദിവസം വൈകിട്ട് ഏഴരയോടെയാണ് ഞാൻ എന്റെ കസേരയിൽ നിന്നും എഴുന്നേറ്റത്. അന്ന് നടന്ന യൂണിവേഴ്സിറ്റി പരീക്ഷയിൽ കോപ്പിയടിക്ക് ഒരു കുട്ടിയെ പിടിച്ചതാണ് കാരണം.

അന്നും കോപ്പിയടി പിടിച്ചതിനു ശേഷമുള്ള ആത്‌മഹത്യാ കഥകൾ ഉണ്ടായിരുന്നതുകൊണ്ടും, എന്റെ ആദ്യ ദിവസം ആയത് കൊണ്ടും, വളരെ ശ്രദ്ധയോടെയാണ് അത് കൈകാര്യം ചെയ്തത്. അവസാനം മാതാപിതാക്കളെ അറിയിച്ചു അവരിൽ ഒരാളെ വിളിച്ചു വരുത്തി അവരുടെ കൈയിൽ കുട്ടിയെ ഏൽപ്പിച്ചാണ് ആ ദിവസം അവസാനിപ്പിച്ചത്‌.

ഓരോ കോപ്പിയടി കേസും ഇപ്പോൾ ഉറക്കം കെടുത്തുന്നത് അദ്ധ്യാപകരുടെയാണ്

ഞാൻ എന്റെ അദ്ധ്യാപകരോട് പറയാറുണ്ട്, കോപ്പിയടിച്ചു പിടിച്ച ഓരോ വിദ്യാർത്ഥിയെയും നമ്മൾ രാജാവിനെ പോലെ അല്ലെങ്കിൽ രാജ്ഞിയെ പോലെ കരുതണം എന്ന്. “കോപ്പിയടിച്ചു പിടിച്ചാൽ അവർക്കു പിന്നെ ചായ മേടിച്ചു കൊടുക്കണമോ” എന്ന് ചോദിക്കുന്നത് ഈ ദിവസങ്ങളിൽ പല സാമൂഹ്യ മാധ്യമങ്ങളിലും കണ്ടു. ഞാൻ മേടിച്ചു കൊടുക്കാറുണ്ട്, ചായ മാത്രം അല്ല ഊണുവരെ.

കോപ്പിയടിച്ചു പിടിച്ചാൽ ഉടനെ ആ കുട്ടിയെ മുഴുവൻ സമയവും നിരീക്ഷണത്തിൽ ആക്കണമെന്നാണ് ശട്ടം കെട്ടിയിരിക്കുന്നത്. കൺവെട്ടത്തു നിന്നും മാറാൻ പാടില്ല. പിടിച്ച അദ്ധ്യാപകൻ ആ കുട്ടിയുടെ പുറകെയാണ് പിന്നെ, ആ ക്ലാസ്സിലെ ഇന്വിജിലേഷന് റീലീവർ ടീച്ചറെ കൊണ്ടുവന്നു, പിടിച്ച അദ്ധ്യാപകൻ ആ കുട്ടിയുടെ പുറകെ പോകണം. പ്രിൻസിപ്പലോ, പ്രിൻസിപ്പാൾ അപ്പോയ്ന്റ് ചെയ്ത ഡിസ്‌സിപ്ലിൻ കമ്മറ്റി ചെയർമാനോ കുട്ടിയെ കൊണ്ടുവന്നു എ സി ഗസ്റ്റ് റൂമിലോ അല്ലെങ്കിൽ എല്ലാവര്ക്കും കാണാവുന്ന പൊതു സ്ഥലത്തോ പൂർണ നിരീക്ഷണത്തിൽ ആക്കും, കൂടെ പിടിച്ച ടീച്ചറും. ആ സമയത്തു സർവ്വകലാശാലാ ക്രമം അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കും. കുട്ടിക്ക് ആവശ്യമായ കൗൺസിലിങ് കൊടുക്കും. അതോടൊപ്പം തന്നെ കുട്ടിയുടെ ക്‌ളാസ് ടീച്ചർ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് അവരോടു വരാൻ പറയും, കുട്ടിയെ കൊണ്ട് പോകാൻ. മാതാപിതാക്കൾ വരാൻ തയ്യാറാകാത്ത സന്ദർഭങ്ങൾ ഉണ്ട്. പെണ്കുട്ടിയായത് കൊണ്ട് ലേഡി ടീച്ചറും, ആ ടീച്ചറിന് കൂട്ട് പോകാൻ വേറൊരു ടീച്ചറും കൂടെ ട്രെയിനിൽ വിട്ട് അവസാനം ടീച്ചർമാർ സ്വവസതികളിൽ എത്തിയപ്പോൾ ഒരു നേരം ആയ സന്ദർഭങ്ങൾ ഉണ്ട്. അവർക്കു പിറ്റേ ദിവസം ഡ്യൂട്ടി ലീവ് കൊടുത്തു. ഇത്രയൊന്നും ഒരു സർവകലാശാല ചട്ടത്തിലും ഉണ്ടാവില്ല.

അത് കൊണ്ടാണ് പറഞ്ഞത് കോപ്പിയടിച്ചു പിടിച്ച ഓരോ വിദ്യാർത്ഥിയും രാജാവ് അല്ലെങ്കിൽ രാജ്ഞിയെ പോലെയാണെന്ന്.

നാം ഇവിടെ എങ്ങിനെ എത്തിയെന്നു അറിയില്ല!

നമ്മുടെ കുട്ടികൾ ഇങ്ങിനെ ആയതിന്റെ ഉത്തരവാദി നമ്മൾ കൂടെയാണ്. ഒരു പരാജയത്തെയും, വീഴ്ചയെയും താങ്ങാൻ കഴിവില്ലാത്ത വിധം അവരെ മാറ്റിയെടുക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കുണ്ട്. പരീക്ഷയിൽ തോൽക്കുന്നത്, കോപ്പിയടിക്ക് പിടിക്കപ്പെടുന്നത്, ലോകാവസാനമാണെന്നു ആരാണവരെ പറഞ്ഞു പഠിപ്പിച്ചത്? തോൽക്കാനുള്ള പാഠം കൂടെ, തോൽവിയെ അംഗീകരിക്കാനുള്ള പാഠം കൂടെ, കുഞ്ഞു ക്ലാസ്സു മുതൽ സ്കൂളുകളിലും, വീടുകളിലും പഠിപ്പിച്ചു കൊടുക്കണം, ഒരു പക്ഷെ ജീവിത പാഠങ്ങളിലൂടെ. അതോടൊപ്പം സത്യസന്ധതയുടെയും.

അധ്യാപകരുടെ കാര്യമാണ് കഷ്ടം – പിടിക്കാൻ പറ്റുമോ പിടിക്കാതിരിക്കാൻ പറ്റുമോ? സമൂഹം അവരെ മനസ്സിലാക്കണം, ശാക്തീകരിക്കണം. അല്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നടുവൊടിയും, താമസിയാതെ സമൂഹത്തിന്റെയും.

അഞ്ജുവിനോടൊപ്പം തന്നെ ബി വി എം കോളേജ് അധികൃതരോടും സഹതാപം ആണെനിക്ക്. സ്വന്തം കുട്ടികൾ പോലും അല്ലാത്ത പാരലൽ കോളേജ് വിദ്യാർത്ഥികളെ സഹായിക്കാൻ പോയതാണ്. വല്ലാത്തൊരു കുരുക്കിൽ ആണവർ വന്നു പെട്ടിരിക്കുന്നത്. നിയമാനുസൃതം അല്ലാത്ത രീതിയിൽ അവർ ഒന്നും ചെയ്തതായി കാണുന്നില്ല. പക്ഷെ ഒത്തിരി പഴി കേൾക്കേണ്ടി വരുന്നു.

ഇതുവരെയും കോളേജ് ഒരു എക്സാം സെന്റർ ആയി മാത്രം ഉപയോഗിക്കുന്ന, അതായത് എന്റെ കുട്ടികൾ അല്ലാതെ പുറത്തുള്ളവർ വന്നു എക്സാം എഴുതുന്ന അവസരങ്ങൾ ഉണ്ടായിട്ടില്ല. പക്ഷെ കോവിഡ് കാരണം അതിനും കളമൊരുങ്ങുന്നുണ്ട്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഏതു കോളേജിലും പരീക്ഷ എഴുതാം. എന്റെ കോളജിൽ നിന്നല്ലാതെ കുട്ടികളും വരാം. എല്ലാ പ്രിൻസിപ്പാൾമാരും പുതിയ കോപ്പിയടി പിടിക്കൽ പ്രോട്ടോകോൾ പ്ലാൻ ചെയ്യേണ്ടി വരും, എല്ലാവരും സുരക്ഷിതരായിരിക്കാൻ. അതിനു ദൈവം സഹായിക്കട്ടെ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here