കോട്ടയം: പാലായിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ പാരലൽ കോളേജിൽ ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയതിൽ മനംനൊന്താണ് മകൾ മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
ചേര്‍പ്പുങ്കൽ പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് വിദ്യാർത്ഥിയായിരുന്നു അഞ്ജു. പഠനത്തിൽ മിടുക്കിയായ മകൾ കോപ്പിയടിക്കില്ലെന്നും അച്ഛൻ ഷാജി പറഞ്ഞിരുന്നു.
പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കി ഞാൻ പോകുന്നു എന്ന രണ്ട് വരി സന്ദേശം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിന് അഞ്ജു ഷാജി അയച്ചിരുന്നു.
ഹാൾ ടിക്കറ്റിൽ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥി അനന്ദു. ക്ലാസിൽ ഇൻവിജിലേറ്റർ ആയിരുന്ന അധ്യാപിക അറിയിച്ചതനുസരിച്ച് പ്രിൻസിപ്പൾ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സമ്മതിക്കില്ലെന്ന് അഞ്ജുവിനോട് പറഞ്ഞു എന്നും അനന്ദു പറഞ്ഞു.
ഒരു അധ്യാപകൻ കുറേ നേരം അഞ്ജുവിനെ ശകാരിച്ചു. എന്നിട്ട് അടുത്തു നിന്ന അധ്യാപികയോട് ‘കോപ്പിയാണെന്ന് തോന്നുന്നു’ എന്ന് പറഞ്ഞു. അതു കഴിഞ്ഞ് പ്രിൻസിപ്പാൾ കയറിവന്നു. പിന്നീട് അര മണിക്കൂറോളം അവർ ചേർന്ന് അഞ്ജുവിനെ ശകാരിച്ചു. തുടർന്ന് ബുക്ക്‌ലറ്റും മറ്റും പ്രിൻസിപ്പാൾ വാങ്ങിക്കൊണ്ടു പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടി ഹാളിൽ നിന്ന് ഇറങ്ങിപ്പോയെന്നും അനന്ദു പറയുന്നു.
About The Author
AD