കൊച്ചി: തൊടുപുഴ മുന്‍ സിഐ എന്‍.ജി. ശ്രീമോനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് മൂന്ന് മാസത്തിനകം ശിക്ഷാനടപടി സ്വീകരിക്കാമെന്നും ഡിവിഷന് ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ഇടുക്കി സ്വദേശി ബേബിച്ചന് വര്‍ക്കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് ആറിന് ശ്രീമോനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ച് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് വന്നത്. സിവില്‍ കേസുകളില്‍ ഇടപെട്ട് പരാതിക്കാരെ പീഡിപ്പിച്ചതിനാണ് കോടതി നടപടി.
ശ്രീമോനെതിരായ ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ കോടതി എഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന് ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. വസ്തു ഇടപാട് കേസില്‍ ശ്രീമോന് എതിര് കക്ഷിക്ക് വേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതിക്കാരന്റെ ഹര്‍ജി.