മലപ്പുറം : ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യമില്ലാത്തിനാലാണെന്ന് തന്റെ മകൾ ജീവൻ ഒടുക്കിയതെന്നു മലപ്പുറത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്ത കുട്ടിയുടെ മാതാപിതാക്കൾ. മലപ്പുറം വളാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. പണമില്ലാത്തതിനാൽ കേടായ ടി.വി നന്നാക്കാൻ കഴിഞ്ഞില്ല. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് കുട്ടിയെ മാനസികമായി വിഷമിപ്പിച്ചെന്നും മാതാപിതാക്കൾ പറഞ്ഞു .
ഇരിമ്പിളിയം പഞ്ചായത്തിലെ തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ദേവിക (14) യാണ് ആത്മഹത്യ ചെയ്തത് . കുട്ടിയെ കാണാതായതിനെ തുടർന്ന് നടന്ന തിരച്ചിലിന് ഒടുവിൽ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.


വീട്ടിലെ മണ്ണെണ്ണ കുപ്പിയെടുത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് മാതാപിതാക്കളോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യം ഇല്ലാതിരുന്ന കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയ്ക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറഞ്ഞു.
ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ദേവിക പഠിക്കാൻ മിടുക്കിയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. അയ്യങ്കാളി സ്കോളർഷിപ്പ് ഉൾപ്പെടെ നേടിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളും ലോക്ഡൗണിൽ ജോലി ഇല്ലാതായതിനാലും ടിവി നന്നാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. പഠനം മുടങ്ങുമെന്ന വിഷമം ദേവിക വീട്ടുകാരോട് പറഞ്ഞിരുന്നു.ദേവനന്ദ, ദീക്ഷിത്, ഏഴുമാസം പ്രായമുള്ള ആൺകുട്ടി എന്നിവരാണ് ദേവികയുടെ സഹോദരങ്ങൾ.