Home Blog Page 45

ശിവശങ്കറെ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്ത് മടക്കി അയച്ചു.

0
ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റംസ് ഓഫിസില്‍ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അഞ്ചരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ രണ്ടേകാലോടെയാണ് അവസാനിച്ചത്. ഡിആര്‍ഐ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ശിവശങ്കര്‍ പൂജപ്പുരയിലെ വീട്ടിലേക്കു മടങ്ങി.
കൊച്ചിയില്‍ നിന്ന് കസ്റ്റംസ് കമ്മിഷണര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ശിവശങ്കറിന്റെ ഫ്‌ലാറ്റിനു സമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധനയും നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു.
സ്വപ്ന, സരിത്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. പ്രതികളുമായി ഒട്ടേറെ തവണ ഫോണ്‍ ചെയ്തതിന്റെ തെളിവുകള്‍ കൂടി കാട്ടിയാണ് കസ്റ്റംസ് സംഘം ശിവശങ്കറെ ചോദ്യം ചെയ്തതെന്നാണ് വിവരം.
. കേസിലെ പ്രതികളുമായി സൗഹൃദത്തിനപ്പുറത്ത് ശിവശങ്കറിനു ബന്ധങ്ങളുണ്ടെന്നു സംശയിക്കപ്പെടുന്ന ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തായതിനാല്‍ കേസില്‍ പ്രതിചേര്‍ത്ത സ്വപ്നയും സരിത്തുമായി ശിവശങ്കറിന്റെ ബന്ധം സംബന്ധിച്ച ഈ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണായകമാണ്. ഒന്നാംപ്രതി സരിത്തിനെ ഏപ്രില്‍, മേയ് മാസങ്ങളില്‍ 15 തവണയാണ് ശിവശങ്കര്‍ ഫോണില്‍ വിളിച്ചത്.
ശിവശങ്കറിന്റെ നമ്പരിലേക്കു സരിത് ഒന്‍പതു തവണ വിളിച്ചു. ശിവശങ്കര്‍ തിരിച്ച് അഞ്ചു തവണയും വിളിച്ചു.
ശിവശങ്കറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോഴില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നശേഷം പൊലീസ് അന്വേഷണം അടക്കം തീരുമാനിക്കുമെന്നമാണ് മുഖ്യമന്ത്രി പറഞ്ഞത്.

സംസ്ഥാനത്തു സ്ഥിതി ഗുരുതരം; ഇന്ന് 608 പേർക്ക് കൊവിഡ്; 396 പേർക്ക് സമ്പർക്കത്തിലൂടെ ; കേരളം സമൂഹവ്യാപന ഭീതിയിൽ!

0


തിരുവനന്തപുരം : സംസ്ഥാനത്ത് 608 പേര്‍ക്കുകൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്‌.തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഗൗരവമേറിയതും ആശങ്കയുളവാക്കുന്നതുമായ സ്ഥിതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‍ഞ്ഞു. 396 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് സമൂഹവ്യാപനത്തിന്റെ സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു


ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിൽ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു :
”ഒരു വിവാദസ്ത്രീയുമായുള്ള ബന്ധം നാട്ടുകാർ പറഞ്ഞറിഞ്ഞതിനെ തുടർന്ന് ശിവശങ്കറെ മാറ്റി നിറുത്തിയിരുന്നു . ഇപ്പോൾ അയാളുടെ ഫോൺവിളി പുറത്തുവന്നിരിക്കുന്നു . അത് അന്വേഷിക്കാൻ ഒരു സമിതിയുണ്ട് . ആ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടാൽ നടപടി ഉണ്ടാകും . മന്ത്രി ജലീൽ സ്വപ്നയെ വിളിച്ചത് ഔദ്യോഗികാവശ്യത്തിന് . അത് വിവാദമാക്കേണ്ട കാര്യമില്ല . ” അന്വേഷണം മുൻപോട്ട് പോകുമ്പോൾ ചിലരുടെ നെഞ്ചിടിപ്പ് വർധിക്കും എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു

ഉന്നതവിദ്യാഭ്യാസ – പ്രവാസികാര്യമന്ത്രി കെടി ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടതായി ഫോൺ കോൾ ലിസ്റ്റിൽ !

0
യുഎഇ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണ് താൻ സ്വപ്ന സുരേഷുമായി സംസാരിച്ചതെന്ന് മന്ത്രി ജലീൽ

തിരുവനന്തപുരം: സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പിആർ സരിത്തിൻ്റേയും സ്വപ്ന സുരേഷിൻ്റെ കോൾ ലിസ്റ്റ് മാധ്യമങ്ങൾക്ക് ലഭിച്ചു. ഉന്നതവിദ്യാഭ്യാസ – പ്രവാസികാര്യമന്ത്രി കെടി ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ വ്യക്തമാണ്.

യുഎഇ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണ് താൻ സ്വപ്ന സുരേഷുമായി സംസാരിച്ചതെന്ന് മന്ത്രി കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. റംസാൻ കാലത്ത് യുഎഇ കോൺസുലേറ്റിൽ നിന്നും തീരപ്രദേശത്തേയും മറ്റും നി‍ർധന കുടുംബങ്ങൾക്ക് കിറ്റുകൾ നൽകാറുണ്ട്. എന്നാൽ ഇക്കുറി കൊവിഡ് ഭീതി കാരണം കിറ്റ് വിതരണം മുടങ്ങി. താനും യുഎഇ കോൺസുലേറ്റ് ജനറലുമായി സംസാരിച്ചെന്നും തുട‍ർന്ന് അദ്ദേഹം നി‍ർദേശിച്ച പ്രകാരം സ്വപ്നയെ താൻ ബന്ധപ്പെടുകയായിരുന്നുവെന്നും മന്ത്രി പറയുന്നു. തന്റെ വാദത്തിന് ബലമേക്കാൻ യുഎഇ കോൺസുല‍ർ ജനറലുമായി നടത്തിയ എസ്എംഎസ് ചാറ്റിൻ്റെ വിശദാംശങ്ങളും മന്ത്രി പങ്കുവച്ചു. ‌മന്ത്രി ജലീലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം നാസറും സ്വപ്നയെ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്.

പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മിൽ നിരന്തരം സംസാരിച്ചതായും കോൾ ലിസ്റ്റിൽ ഉണ്ട് . ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെ സ്വപ്ന സുരേഷും, പിആ‍ർ സരിത്തും ഫോണിൽ സംസാരിച്ചതിൻ്റെ വിശദാംശങ്ങളാണ് ഇപ്പോൾ മാധ്യമങ്ങൾ പുറത്തു വിട്ടത്

അറസ്റ്റിലാവുന്നതിന് മുൻപായി പത്ത് തവണ സ്വപ്നയും സരിത്തും അടങ്ങിയ സംഘം സ്വ‍ർണം കടത്തിയതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വ‍ർണക്കടത്ത് നടന്നതായി സംശയിക്കുന്ന തീയതികളിലും സരിത്ത് നിരന്തരം ശിവശങ്കറിനെ ബന്ധപ്പെട്ടതായി രേഖകളിൽ വ്യക്തമാണ്.

സ്വപ്നയുടെ ഫോണിൻ്റെ ടവ‍ർ ലൊക്കേഷൻ പരിശോധിച്ചതിൽ ഞായറാഴ്ച വരെ സ്വപ്ന തിരുവനന്തപുരം ന​ഗരത്തിൽ തന്നെയുണ്ടായിരുന്നുവെന്നാണ് കോൾ ലിസ്റ്റിൽ വ്യക്തമാകുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുന്നത്. തിങ്കളാഴ്ച രാവിലെയോടെ സരിത്തിനെ കൊച്ചിക്ക് കൊണ്ടു പോയി. ഈ സമയത്ത് സെക്രട്ടറിയേറ്റ് പരിസരത്താണ് സ്വപ്നയുടെ ലൊക്കേഷൻ കാണുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിൻ്റെ ഫ്ലാറ്റിൽ നിന്നാണ് സ്വപ്ന ഒളിവിൽ പോയതെന്ന ആരോപണത്തെ ടവ‍ർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശക്തിപ്പെടുത്തുന്നു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ്!

0

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ഹാജരാകാത്തതിന് കോടതി ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഫ്രാങ്കോയുടെ അഭിഭാഷകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബിഷപ് നിരീക്ഷണത്തിലാണെന്ന് പ്രതിഭാഗം കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. കണ്ടെയ്ൻമെന്‍റ് സോണിലാണെന്ന കാരണം കാണിച്ചാണ് കഴിഞ്ഞ തവണ ബിഷപ് ഹാജരാകാതിരുന്നത്. ഇത് തെറ്റിദ്ധരിപ്പിച്ചതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നായിരുന്നു കോടതി നടപടി. ബിഷപിന്‍റെ ജാമ്യക്കാർക്കെതിരെ കേസെടുത്ത കോടതി ജാമ്യത്തുക കണ്ടു കെട്ടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു.

അതിനിടെ, തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ്‌ മഠത്തിലെ രണ്ട് കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 35 അംഗങ്ങളുള്ള കന്യാസ്ത്രീ മഠം അടച്ചു

”ഇത് എൻ ഐ എ കോടതിയാണ്. മേലിൽ ഇത് ആവർത്തിക്കരുത്.”

0

കൊച്ചി: സ്വപ്ന സുരേഷിന്‍റെ വക്കാലത്ത് എടുക്കാൻ ചെന്ന അഡ്വ. ബിഎ ആളൂരിന്‍റെ ജൂനിയർ അഭിഭാഷകരെ കോടതി താക്കീത് നൽകി തിരിച്ചയച്ചു. എൻ ഐ കോടതിയിൽ ആളൂര്‍ അസോസിയേറ്റിലെ ജൂനിയർ അഭിഭാഷകർ എത്തിയിരുന്നു.

കോടതിയിൽ ആളൂരിന്‍റെ ജൂനിയര്‍ സ്വപ്ന സുരേഷിന്‍റെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ സമർപ്പിച്ചു. ഇതോടെ സ്പെഷ്യൽ ജഡ്ജ് സ്വപ്ന സുരേഷിനെ വിളിച്ച് വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്ന്‌ ആരാഞ്ഞു. എന്നാൽ തനിക്ക് ഈ അഭിഭാഷകനെ അറിയില്ലെന്നും ആരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വപ്ന കോടതിയെ അറിയിച്ചു. അഭിഭാഷകനെ വയ്ക്കുന്ന കാര്യം തന്‍റെ ഭർത്താവാണ് തീരുമാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇതോടെ ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷകനോട് മുന്നോട്ട് വരാൻ കോടതി ആവശ്യപ്പെട്ടു. ഇത് എൻ ഐ എ കോടതിയാണെന്ന് മറന്നു പോകരുതെന്നും മേലിൽ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി.

ഇത് കോവിഡ് ബാധിച്ചു മരിച്ച ബംഗാളിലെ ചന്ദനനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേവദത്ത റായ് (38). ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ.

0
കോവിഡ് ബാധിച്ചു മരിച്ച ബംഗാളിലെ ചന്ദനനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേവദത്ത റായ് (38).

ബംഗാൾ : ഇവർ കോവിഡ് ബാധിച്ചു മരിച്ച ബംഗാളിലെ ചന്ദനനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേവദത്ത റായ് (38).
ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നാല് വയസ്സുള്ള കുഞ്ഞിന് അമ്മയെ നഷ്ടമായി . ഇതുപോലെ ഒരുപാട് വ്യക്തികൾ, കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിൽ ജീവൻ ത്യജിക്കേണ്ടി വന്നിട്ടുണ്ട് എന്നോർക്കുക . നമ്മുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുക്കുന്നവരെ ഓർത്തെങ്കിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക .

  • മാസ്‌ക്കുകൾ കൃത്യമായും ശരിയായും ധരിക്കുക
  • സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുക .
  • സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കുക .
  • കഴിവതും വീട്ടിൽ ഒതുങ്ങിക്കൂടുക .
  • സന്ദർശകരെ പരമാവധി ഒഴിവാക്കുക .

വാൽകഷ്ണം :
പുലിവരുന്നേ പുലിവരുന്നേ എന്ന് സർക്കാരും ആരോഗ്യപ്രവർത്തകരും വിളിച്ചു കൂവുമ്പോൾ എത്രനാളായി ഇത് കേൾക്കാൻ തുടങ്ങിയിട്ട് , ചുമ്മാ പേടിപ്പി ക്കാതെ പോടോ എന്ന മട്ടിൽ ആ മുന്നറിയിപ്പിനെ അവഗണിച്ചാൽ പിന്നീട് ശരിക്കും പുലി വരുമ്പോൾ ആരും സഹായിക്കാന്‍ ഉണ്ടാവില്ലെന്ന് ഓർക്കുക !

ബാലഭാസ്കറിന്‍റെ അപകട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി ജോര്‍ജ്ജ്

0

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നടന്ന അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി.ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു. സംഭവം നടന്നതിന് ശേഷം ഏതാണ്ട് 10 മിനിറ്റിനുള്ളിൽ ആ വഴി തിരുനൽവേലിക്കു പോവുകയായിരുന്നു സോബി. ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി അന്ന് പറഞ്ഞത്.


പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിന് എന്ന് സുപ്രീം കോടതി വിധി

0
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിന് എന്ന് സുപ്രീം കോടതി

13 വര്‍ഷത്തിലേറെ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതി വിധി.വിധി  നടപ്പാക്കുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂലമായി സുപ്രീം കോടതി വിധിച്ചു . ക്ഷേത്രഭരണം താല്‍ക്കാലിക ഭരണസമിതിക്ക് കൈമാറി കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്

അതേസമയം ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

രാജഭരണം അവസാനിച്ചെന്നും അവസാനത്തെ രാജാവ് അന്തരിച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ 2011ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സ്വപ്‍നയ്ക്ക് സംസ്ഥാനം വിടാന്‍ ഉന്നതന്മാരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ്

0
സ്വപ്‍നയ്ക്ക് സംസ്ഥാനം വിടാന്‍ ഉന്നതന്മാരുടെ സഹായം കിട്ടി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ്. സ്വര്‍ണ്ണം എത്തിക്കാന്‍ പണം മുടക്കിയ ആളെയും കസ്റ്റംസ് തിരിച്ചറിഞ്ഞു. ജൂണിൽ രണ്ട് തവണ സ്വർണ്ണം കൊണ്ടുവന്നു. മൂന്നാമത്തെ തവണയാണ് പിടിയിലായത്.

രണ്ടാം പ്രതി സ്വപ്‍ന സുരേഷ് , നാലാം പ്രതി സന്ദീപ് നായർ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കടത്തിന് പിന്നിൽ വലിയ ഗൂഡാലോചന ഉണ്ടെന്നും, കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. കേസ് ഇന്ന് പരിഗണിക്കും.

വ്യാജബിരുദ സ‍ർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ സ്വപ്‍ന സുരേഷിനെതിരെ ബാബാ സാഹേബ് അംബേദ്കർ സർവകലാശാല ഇന്ന് മഹാരാഷ്ട്രാ പൊലീസിന് പരാതി നൽകും.

അതേസമയം സ്വപ്നയുടെ നിയമനത്തിൽ കെഎസ്ഐടിഎൽ, പിഡബ്ല്യുസിക്ക് ഇന്ന് വക്കീൽ നോട്ടീസ് നൽകിയേക്കും. യോഗ്യതയില്ലാത്ത ഉദ്യോഗാ‍ർത്ഥിയെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കിൽ സ്പേസ് പാർക്ക് കൺസൾട്ടൻസിയിൽ നിന്ന് പിഡ്ബ്ല്യൂസിയെ നീക്കാനാണ് തീരുമാനം

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ വിവാഹ ഫോട്ടോയില്‍ മന്ത്രി ജയരാജന്റെ ഭാര്യയുടെ ഫോട്ടോ വെട്ടി മാറ്റി സ്വപനയുടെ ഫോട്ടോ ചേര്‍ത്തു; പോലീസില്‍ പരാതി നല്‍കി മന്ത്രി

0
മന്ത്രി ജയരാജന്റെ ഭാര്യയുടെ ചിത്രം മാറ്റി സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌നയുടെ ചിത്രം ചേർത്ത് പ്രചരിച്ച സംഭവത്തിൽ മന്ത്രി പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: പിണറായി വിജയന്റെ മകളുടെ വിവാഹത്തിന് എടുത്ത കുടുംബ ചിത്രത്തില്‍ നിന്ന് പോലീസില്‍ പരാതിയുമായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ ഭാര്യയുടെ ചിത്രം വെട്ടിമാറ്റി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ ചിത്രം ഒട്ടിച്ച് പ്രചരിച്ച സംഭവത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മന്ത്രി പോലീസില്‍ പരാതി നല്‍കി.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടിജി സുനില്‍, കോണ്‍ഗ്രസ്സ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഗുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരെയാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ, ചിത്രം ഷെയര്‍ ചെയ്തവരും പ്രചരിച്ചവരും കുടുങ്ങും.
നേരത്തെ ബിന്ദു കൃഷ്ണയ്ക്കും ടിജി സുനിലിനുമെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരുന്നു. വിവാഹ ഫോട്ടോയില്‍ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ ചിത്രം ഡിജിറ്റൽ എഡിറ്റിംഗിലൂടെ മാറ്റി തൽസ്ഥാനത്തു സ്വപ്നയുടെ ഫോട്ടോ ചേര്‍ത്തുകൊണ്ട് വ്യാപകമായി ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു.
തന്നെയും മുഖ്യമന്ത്രിയേയും മനഃപൂർവം അപമാനിക്കാനും സമൂഹത്തിലുള്ള മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് കൃത്രിമ ഫോട്ടോ പ്രചരിപ്പിച്ചതെന്ന് മന്ത്രി പരാതിയില്‍ പറയുന്നു. കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോ ഉള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പരാതിക്കൊപ്പം വെച്ചിട്ടുണ്ട്