കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ്. സ്വര്‍ണ്ണം എത്തിക്കാന്‍ പണം മുടക്കിയ ആളെയും കസ്റ്റംസ് തിരിച്ചറിഞ്ഞു. ജൂണിൽ രണ്ട് തവണ സ്വർണ്ണം കൊണ്ടുവന്നു. മൂന്നാമത്തെ തവണയാണ് പിടിയിലായത്.
രണ്ടാം പ്രതി സ്വപ്‍ന സുരേഷ് , നാലാം പ്രതി സന്ദീപ് നായർ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കടത്തിന് പിന്നിൽ വലിയ ഗൂഡാലോചന ഉണ്ടെന്നും, കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. കേസ് ഇന്ന് പരിഗണിക്കും.
വ്യാജബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ സ്വപ്‍ന സുരേഷിനെതിരെ ബാബാ സാഹേബ് അംബേദ്കർ സർവകലാശാല ഇന്ന് മഹാരാഷ്ട്രാ പൊലീസിന് പരാതി നൽകും.
അതേസമയം സ്വപ്നയുടെ നിയമനത്തിൽ കെഎസ്ഐടിഎൽ, പിഡബ്ല്യുസിക്ക് ഇന്ന് വക്കീൽ നോട്ടീസ് നൽകിയേക്കും. യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥിയെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കിൽ സ്പേസ് പാർക്ക് കൺസൾട്ടൻസിയിൽ നിന്ന് പിഡ്ബ്ല്യൂസിയെ നീക്കാനാണ് തീരുമാനം