

”ഒരു കുട്ടി മനസ്സിടിഞ്ഞ് ആത്മഹത്യ ചെയ്യാനിടയായത് തികച്ചും ദു:ഖകരമാണ്. ദുരന്തങ്ങളെ പക്ഷേ ആരും ആഘോഷമാക്കരുത്. അതുപോലെ അളിഞ്ഞ ന്യായീകരണത്തള്ളും വേണ്ട. ഇത്തരം സംഗതികൾ ഇനി ആവർത്തിക്കാതിരിക്കാൻ നമുക്ക് വല്ലതും ചെയ്യാൻ കഴിയുമോ എന്ന് നോക്കുകയാണ് വേണ്ടത്.


ഡിജിറ്റൽ ഡിവൈഡ് ഒരു ആഗോള പ്രതിഭാസമാണ്. മധുരമനോജ്ഞ കേരളത്തിലും അത് ഉണ്ട്. വൃത്തിയായി വേഷം ധരിക്കുന്നവരൊക്കെ സമ്പന്നരാണെന്ന് ധരിക്കരുത്.
കഴിഞ്ഞ 30 കൊല്ലത്തിനിടയിൽ ഒരുപാട് കുട്ടികളുടെ വീട്ടിൽ പോയിട്ടുണ്ട്. അവരിൽ ചിലരുടെയൊക്കെ ജീവിതസാഹചര്യം കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. താരതമ്യേന മികച്ച ചുറ്റുപാടുള്ള എൻ്റെ കോളേജിലെ സ്ഥിതി ഇതാണെങ്കിൽ …..???
കൂലിപ്പണിക്കുപോയി പഠിക്കുന്ന/വീട് പുലർത്തുന്ന എത്ര കുട്ടികളുണ്ട് എന്ന് അന്വേഷിക്കണം. ബസ് കൺസഷൻ നൽകാൻ പണം ഇല്ലാത്തവരുണ്ട്.ഇതിനൊന്നും വിമർശനം അല്ല ചെറിയ തോതിലെങ്കിലും പരിഹാരമാണ് ആവശ്യം. മരിച്ചവരുടെ വീട്ടിൽ പോയി വാഗ്ദാനപ്പെരുമഴ പൊഴിക്കൽ നല്ല ശീലമല്ല. ആരും മരിക്കാതെ നോക്കലാണ് അഭികാമ്യം.
വൈലോപ്പിള്ളി അരിയില്ലാഞ്ഞിട്ട് എന്നൊരു കവിത എഴുതിയിട്ടുണ്ട്. ഗൃഹനാഥൻ മരിച്ചു. മൃതദേഹത്തിനു ചുറ്റും ഇടാൻ കുറച്ച് അരി വേണം എന്ന് പറയുമ്പോൾ മരിച്ചയാളുടെ ഭാര്യ പറയുന്നു….. ഇത്തിരി അരി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം മരിക്കുകയില്ലായിരുന്നു.!”


ദുരന്തങ്ങളെ ആഘോഷമാക്കരുത്. അതുപോലെ അളിഞ്ഞ ന്യായീകരണത്തള്ളും വേണ്ട. -ഡോ . സെബാസ്റ്റ്യൻ ജോസഫ്
അസോ.പ്രൊഫസർ
ക്രൈസ്റ്റ് കോളേജ്
ഇരിഞ്ഞാലക്കുട
About The Author
AD













































