Home Editor's Choice കുഞ്ഞിന് കൊടുക്കേണ്ട മുലപ്പാൽ വെറുതെ പിഴിഞ്ഞ് കളയുമ്പോൾ മനസ്സും മാറിടവും വിങ്ങുന്ന വേദനയാണ്!

കുഞ്ഞിന് കൊടുക്കേണ്ട മുലപ്പാൽ വെറുതെ പിഴിഞ്ഞ് കളയുമ്പോൾ മനസ്സും മാറിടവും വിങ്ങുന്ന വേദനയാണ്!

7183
0
പ്രവാസ മാതൃത്വത്തിന്റെ വേദനകൾ എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല.
പ്രവാസി നഴ്‌സിന്റെ ഹൃദയസ്പർശിയായ ഒരു കുറിപ്പ്

”അവധിക്ക് സന്തോഷത്തോടെ പറന്നു വീട്ടിൽ ചെല്ലുമ്പോൾ ‘ഈ ആന്റിയെ നമ്മുടെ റൂമിൽ കിടത്തണ്ട അച്ഛാ’ എന്നു പറഞ്ഞുള്ള കുഞ്ഞിന്റെ കരച്ചിലും ബഹളവും. നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞു പരിചയം പോലും കാണിക്കാത്ത അവസ്ഥയിൽ ആ അമ്മയുടെ മാനസികാവസ്ഥ ഒന്നോർത്തു നോക്കൂ. കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളുമായി അടുപ്പിക്കാനുള്ള ശ്രമം വിജയിച്ചു വരുമ്പോഴേക്കും അവധി തീർന്നിട്ടുണ്ടാവും.”

ഒരു പ്രവാസി നഴ്സ് അനുഭവിക്കുന്ന യാതനകളെയും വേദനകളെയും പറ്റി സ്മിത അനിൽ എന്ന പ്രവാസി നഴ്സ് , നഴ്സസ് ഡേയിൽ എഴുതിയ കുറിപ്പ് രണ്ടുവർഷം മുൻപ് സോഷ്യൽമീഡിയയിൽ വൈറലായിയിരുന്നു. ആ കുറിപ്പ് ഒരിക്കൽ കൂടി ഒന്ന് വായിച്ചുനോക്കൂ. നഴ്സ് മാരെപ്പറ്റിയുള്ള നമ്മുടെ ചില ധാരണകളും ചിന്തകളും തിരുത്തിക്കുറിക്കാൻ ഇത് പ്രചോദനമാകും. കുറിപ്പ് ഇങ്ങനെ :

ഓരോ വട്ടവും ലീവിന് പോയി മടങ്ങി വരാറാകുമ്പോൾ പൊതുവെ ആളുകൾ ചോദിക്കുന്ന ചോദ്യമുണ്ട്.
നിർത്തിവന്നൂടെ ? ഉള്ളത് പോരെ? നാട്ടിലെവിടെയെങ്കിലും ചെയ്തൂടെ?

സത്യത്തിൽ ഈ വക ചോദ്യങ്ങൾക്ക് മറുപടി നൽകാറില്ല. ചെറുതായി ചിരിക്കും. ഞങ്ങളുടെ മനസ്സിന്റെ ആധി അവർക്കറിയില്ലല്ലോ. എല്ലാ സ്ത്രീകളെയും പോലെ അമ്മയും ഭാര്യയും ചേച്ചിയും അനിയത്തിയും മകളും ഒക്കെയാണ് ഈ മാലാഖമാർ എന്ന് വിളിക്കുന്ന നഴ്സുമാരും എന്നോർക്കുക .

നഴ്സിംഗ് പഠിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ട് തന്നെയാണ്. പഠിച്ചിറങ്ങിക്കഴിയുമ്പോൾ വരുന്ന കട ബാധ്യതകൾ ഓർക്കുമ്പോൾ എവറസ്റ്റ് കൊടുമുടി താണ്ടി ജോലി ചെയ്യാനും തയ്യാർ ആകും. എത്രയും പെട്ടെന്ന് കടം തീർക്കാനുള്ള ആഗ്രഹവുമായിട്ടാണ് ഏറെയും ആൾക്കാർ നാട് വിട്ട് ദൂരെ ജോലി തേടിപ്പോകുന്നത്. മെച്ചപ്പെട്ട ജോലിയും വരുമാനവും തേടി കടൽകടന്നെത്തി ഓരോ കടപ്പാടുകളും തീർത്ത് വരുമ്പോഴേയ്ക്കും ജീവിതത്തിന്റെ നല്ല നാളുകൾ തീർന്നിട്ടുണ്ടാവും.

പ്രവാസമാതൃത്വത്തിന്റെ വേദനകൾ എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല. പ്രസവിച്ചു ഒരുമാസം കഴിയുമ്പോൾ കുഞ്ഞിനെ ഇട്ടേച്ചു തിരികെവന്ന് ജോലിക്ക് കയറുമ്പോൾ പാല് കെട്ടിയ, നിറഞ്ഞ മാറിന്റെ വേദന. കുഞ്ഞിന് കൊടുക്കാതെ പാൽ പിഴിഞ്ഞ് കളയുമ്പോൾ മനസ്സും മാറിടവും വിങ്ങുന്ന വേദന.

പിറ്റേവർഷത്തെ ലീവിന് ചെല്ലുമ്പോൾ കുഞ്ഞിനെ എടുക്കാൻ കൊതിയോടെ, ആവേശത്തോടെ വാരിയെടുക്കുമ്പോൾ നിർത്താതെ കരയുകയാവും ആ കുഞ്ഞ്. നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞു പരിചയം പോലും കാണിക്കാത്ത അവസ്ഥയിൽ ആ അമ്മയുടെ മാനസികാവസ്ഥ ഒന്നോർത്തു നോക്കൂ. പരിചയപ്പെട്ടു അടുത്തുവരുമ്പോൾ ലീവ് തീർന്നിട്ടുണ്ടാവും. പിന്നെയും നാളുകൾ..

കുഞ്ഞിനെപ്പറ്റിയുള്ള ഓർമ്മകൾ മനസ്സിലിട്ട് താലോലിച്ചു അടുത്ത അവധിക്ക് ചെല്ലുമ്പോൾ ദാ പിന്നെയും.. ”ഈ ആന്റിയെ നമ്മുടെ റൂമിൽ കിടത്തണ്ട അച്ഛാ” എന്നു പറഞ്ഞുള്ള നിർബന്ധവും കരച്ചിലും. അപ്പോഴും ആ അമ്മമനസ്സ് തേങ്ങും. കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളുമായി അടുപ്പിക്കാനുള്ള ശ്രമം വിജയിച്ചു വരുമ്പോൾ അടുത്ത അവധിയും തീർന്നിട്ടുണ്ടാവും.

മക്കൾക്ക്‌ തിരിച്ചറിവായതിന് ശേഷമാകും കൂടുതൽ വേദന. കുഞ്ഞുമനസ്സിന്റെ വിങ്ങിപ്പൊട്ടൽ കണ്ട് ഇറങ്ങാൻ, അമ്പലനടയിൽ കണ്ണടച്ച് അമ്മ തിരികെ പോകല്ലേയെന്നു കരഞ്ഞുവിളിച്ചു പ്രാർത്ഥിക്കുന്ന മക്കളുടെ മുൻപിൽ നിൽക്കുന്ന ഒരു അമ്മയുടെ നിസ്സഹായവസ്ഥ, അതുപറഞ്ഞറിയിക്കാനാവാത്തതാണ്.

അമ്മമാരുടെ വണ്ടിക്ക് പിന്നിൽ അള്ളിപ്പിടിച്ച് യാത്ര ചെയ്യുന്ന കൂട്ടുകാരെ നോക്കിയും, അമ്മയുടെ കൈയ്യിൽ തൂങ്ങി കൊഞ്ചുന്ന കുഞ്ഞുങ്ങളെ നോക്കിയും നെടുവീർപ്പെടുന്ന മക്കളുടെ പരാതികൾക്ക് മുൻപിൽ തലകുനിച്ചു നിൽക്കുന്ന അമ്മ..

ഉള്ള ദിവസങ്ങൾ അമ്മയെ സ്നേഹിച്ചു മതിവരാതെ കെട്ടിവരിഞ്ഞു മാറോടണഞ്ഞു കിടക്കുന്ന കുഞ്ഞിക്കൈകൾ. പടി ഇറങ്ങുമ്പോൾ ഏങ്ങലടിച്ചുകരഞ്ഞു യാത്രയാക്കുന്ന കുഞ്ഞിക്കണ്ണുകൾ. നിർവ്വികാരതയോടെ യാത്ര തിരിക്കുന്ന പ്രവാസിഅമ്മ. ഇതിനിടയിൽ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ ഉരുകുന്ന മനവുമായി പ്രാണപ്പാതി.

ഗുളിക നല്കാൻ വായ് പൊളിപ്പിക്കുമ്പോൾ മുഖത്തു കാറിത്തുപ്പുന്ന രോഗിക്ക് മുൻപിൽ
നിൽക്കുന്ന നിസ്സഹായത.. ന്യൂറോപേഷ്യന്റ്സിന്റെ ചവിട്ട് വാങ്ങി നിൽക്കുന്ന ദയനീയത. ചോരയും ചലവും ഒലിക്കുന്ന മുറിവുകൾ വെച്ചുകെട്ടുമ്പോൾ മാസ്കിനുള്ളിലേയ്ക്കും തുളച്ചുകയറുന്ന രൂക്ഷഗന്ധത്തിന്റെ നടുവിൽ, ദേഹത്തും യൂണിഫോമിലും ഛർദിച്ചുവയ്ക്കുമ്പോളും ഇട്ടേച്ചോടാതെ കൂടെ നിൽക്കുന്ന സഹനീയത… പ്രാഥമികാവശ്യങ്ങൾ നടത്തുമ്പോൾ യാതൊരുമടിയും കൂടാതെ വൃത്തിയാക്കിക്കൊടുക്കുന്ന സഹിഷ്ണുത.. എണീറ്റ് നടക്കാൻ താങ്ങ് നൽകുമ്പോൾ.. ഭക്ഷണം വായിൽ വച്ച് കൊടുക്കുമ്പോൾ.. ഇങ്ങനെ നീളുന്നു ഈ ജോലികൾ..

ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും ഇരട്ടി ജോലി. ഇതിനൊക്കെപ്പുറമെ ക്ലീനിംഗ്, അത്യാവശ്യം പ്ലംബിംഗ് , എന്നുവേണ്ട ഇലക്ട്രീഷ്യൻ പണി വരെ ആണ് ചെയ്യേണ്ടി വരുന്നത്.

ഇതൊക്കെ പറഞ്ഞു വരുന്നത് പ്രവാസികളായ നഴ്‌സുമാർ ഇതെല്ലാം സഹിച്ചു നിൽക്കുന്നത് അവരുടെ ആർത്തികൊണ്ടല്ല , അവസ്ഥ കൊണ്ടാണ് .

ചെയ്യുന്ന ജോലിക്ക് അർഹതപ്പെട്ട വേതനവും പരിഗണനയും നാട്ടിൽ നൽകിയിരുന്നെങ്കിൽ ഈ അമ്മമാലാഖമാരുടെ രോദനങ്ങൾക്ക് ഇത്തിരി അറുതിവരുമായിരുന്നു . മറ്റുള്ളവർക്ക് വേണ്ടി സ്വയം ആഗ്രഹങ്ങൾ ബലികഴിച്ച് ആർജ്ജവത്തോടെ ജോലി ചെയ്യുന്ന ഞാനുൾപ്പടെയുള്ള എല്ലാ പ്രവാസി നഴ്സുമാർക്കുമായിട്ട് ഈ ലേഖനം സമർപ്പിക്കുന്നു.

എഴുതിയത് : സ്മിത അനിൽ

Also Read : ”സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം, സിസ്റ്ററിനും ഒരു സുഖം!”

Also Read വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് 

Also Read ” ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.”മാർ ക്രിസോസ്റ്റം വലിയ തിരുമേനി

Also Read നന്മചെയ്യുന്നവരെ മതവും ജാതിയും നോക്കാതെ ദൈവം രക്ഷിക്കുമെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്: ഫാ.ജോസഫ് പുത്തൻപുരക്കൽ

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here