”ഇന്നലെ എന്റെ കൂട്ടുകാരൻ എന്റെ വാട്ട്സ് ആപ്പിൽ ഒരു വീഡിയോ ക്ലിപ്പ് അയച്ചു തന്നു . അതിനടിയിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു . ഇതിനൊക്കെ എതിരായല്ലേ താങ്കൾ പ്രതികരിക്കേണ്ടത് എന്ന് .
ഒരു റിയാലിറ്റി ഷോയുടെ ക്ലിപ്പായിരുന്നു അത് . ഒരു കുഞ്ഞുമോൾ ആണ് വേദിയിൽ . അവതാരകൻ ആ മോളോട് ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ് . വിഷയം എ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതാണ്. അച്ഛനും അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളും അവരുടെ സെക്സുമൊക്കെയാണ് അവതാരകനും മുൻപിലിരിക്കുന്ന സെലിബ്രിറ്റീസ് ആയിട്ടുള്ള ജഡ്ജിമാരും ചോദിച്ചുകൊണ്ടിരിക്കുന്നത് . കാര്യം മനസിലാകാത്ത ആ കുരുന്നുമോൾ എന്തൊക്കെയോ മറുപടിയും പറയുന്നുണ്ട്. അവൾ പറയുന്നതെല്ലാം സെക്സിലേക്ക് കൂട്ടിഘടിപ്പിക്കേണ്ട ജോലിയാണ് അവതാരൻ ചെയ്യുന്നത് . ഇതുകേട്ട് ജഡ്ജസും കാണികളും മതിമറന്നു പൊട്ടിച്ചിരിക്കുന്നു. ഇതിനെയാണൊ നമ്മൾ റിയാലിറ്റി ഷോ എന്ന് വിളിക്കുന്നത് ? എന്ത് മസാല ചേർത്തും റേറ്റിംഗ് കൂട്ടാനുള്ള ചാനലുകളുടെ ഇക്കാലത്തെ പരക്കം പാച്ചിലിൽ മാധ്യമ സംസ്കാരം ചവിട്ടി അരക്കപ്പെടുകയാണ് . ”
നമ്മുടെ ചാനലുകളിലെ റിയാലിറ്റി ഷോകൾ എന്തുമാത്രം അധഃപതിച്ചിരിക്കുന്നു എന്നതിനെപ്പറ്റിയാണ് ഗോപിനാഥ് മുതുകാട് ആശങ്കപ്പെടുന്നത്.
നിഷ്കളങ്കരായ കൊച്ചുകുട്ടികളെ സ്റ്റുഡിയോയിൽ കൊണ്ടുവന്നിരുത്തി ഓരോന്ന് പറയിപ്പിക്കുന്നത് കേട്ടാൽ നമ്മുടെ തൊലി ഉരിഞ്ഞുപോകും . എന്തിനാണ് ഇങ്ങനെ വേഷം കെട്ടിക്കാൻ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ സ്റ്റുഡിയോയിൽ കൊണ്ടുവന്നിരുത്തുന്നത്? വീട്ടിനുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതായ കാര്യങ്ങളും അച്ഛനമ്മമാരുടെ സ്വകാര്യ സംഭാഷണങ്ങളും ലോകം മുഴുവൻ കേൾക്കെ കുഞ്ഞുങ്ങൾ വിളിച്ചുപറയുമ്പോൾ നഷ്ടമാകുന്നത് നാട്ടിലുള്ള തങ്ങളുടെ വിലയും നിലയുമാണെന്നു ഈ മാതാപിതാക്കൾക്ക് എന്തേ മനസിലാവുന്നില്ല ? ലജ്ജ എന്ന വികാരം ഇല്ലാത്തവരാണോ ഇത്തരം ചവറു പരിപാടികൾക്കായി കുഞ്ഞുങ്ങളെയും ചുമന്നുകൊണ്ട് സ്റ്റുഡിയോയിലേക്ക് വണ്ടികയറുന്നത് ?
Read Also ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം കേരളത്തോട് ചെയ്ത കഠിനാപരാധം: സക്കറിയ
ഗോപിനാഥ് മുതുകാട് മുകളിൽ സൂചിപ്പിച്ച ആ റിയാലിറ്റി ഷോയിൽ നിഷ്കളങ്കയായ ഒരു കുഞ്ഞ് സ്വന്തം അച്ഛനമ്മമാരെപറ്റി പറയുന്ന കമന്റുകൾ കേട്ട് ജഡ്ജിമാർ തലതല്ലി ചിരിക്കുന്നത് കണ്ടു . കൂടെ ജഡ്ജിമാരുടെ സംഭാവനയും ചേർത്ത് രംഗം കൊഴുപ്പിച്ച് എല്ലാവരെയും പൊട്ടിചിരിപ്പിക്കുന്നു. ജഡ്ജ് ആയി അവിടെ ഇരുന്ന സുജാത എന്ന പ്രശസ്ത ഗായികയും ആർത്തു ചിരിക്കാൻ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നത് അതിശയപ്പെടുത്തി.
”…….ആണോ അങ്ങനെ ചെയ്യുമോ ?” ഒരു കൊച്ചുകുട്ടിയോട് റിയാലിറ്റി ഷോ അവതാരകന്റെ ചോദ്യം . കുട്ടിയുടെ മറുപടി ഇങ്ങനെ:
”ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ എന്തോ സൗണ്ട് ഒക്കെ കേൾക്കും. ” (ജഡ്ജസും ഓഡിയൻസും തലതല്ലി ചിരിക്കുന്നു )
അപ്പോൾ ജഡ്ജിന്റെ കമന്റ് ഇങ്ങനെ: ” അത് ചിലപ്പോൾ അവര് വഴക്ക് കൂടുന്നതാകും ”
അതുകേട്ടതും ചിരിയുടെ മാലപ്പടക്കം! . നിറുത്താതെയുള്ള കൂട്ടച്ചിരികൾക്കിടയിൽ ജഡ്ജിന്റെ അടുത്ത കമന്റ് ഇങ്ങനെ : ” അത് മോള് കേൾക്കണ്ടാന്ന് വിചാരിച്ചു മോള് ഉറങ്ങിക്കഴിയുമ്പോഴാണ് അവര് ( അച്ഛനും അമ്മയും ) ചെറിയ കീർത്തനമൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പാടി കേൾപ്പിക്കുന്നത് ”. (പിന്നെ ചിരിയോട് ചിരി )
സെക്സിൽ പൊതിഞ്ഞ തമാശകൾക്കേ ഇന്ന് നമ്മുടെ നാട്ടിൽ മാർക്കറ്റ് ഉള്ളൂ എന്ന് വന്നിരിക്കുന്നു . അതു കുട്ടികളുടെ വായിൽ നിന്ന് കേൾക്കുമ്പോൾ ചിലർക്ക് ആസ്വാദ്യത ഇരട്ടിക്കും. പാവം കുഞ്ഞുങ്ങൾ അതിലെ തെറ്റും ശരിയും അർത്ഥവുമൊന്നും തിരിച്ചറിയാതെ കണ്ടതും കേട്ടതും അതുപോലെ വിളിച്ചുപറയും . ഷോയുടെ റേറ്റിംഗ് ഉയർത്താൻ ഏതറ്റം വരെ പോകാനും ചാനലുകൾ തയ്യാറാണ് . കുട്ടിപ്പട്ടാളം പോലുള്ള പ്രോഗ്രാമുകളിലും സ്ഥിതി വ്യത്യസ്തമല്ല.
ടിവി ചാനൽ പരിപാടികൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഇതെല്ലാം കാണുമ്പോൾ തോന്നുന്നത് . മജീഷ്യൻ ഗോപിനാഥ് മുതുകാട് പറയുന്ന കാര്യം നിങ്ങൾ കേൾക്കാതെ പോകരുത് . ഇതോടൊപ്പമുള്ള വീഡിയോ കാണുക