കുറ്റിക്കോൽ (കാസർകോട്) : 20 വർഷം മുമ്പ് വീടുപണിക്കിടെ കാതിൽ നിന്ന് ഊരിപ്പോയ നാരായണിയമ്മയുടെ ജിമിക്കി കമ്മൽ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് ജോലിക്കാർക്ക് തിരിച്ചു കിട്ടി . കുറ്റിക്കോൽ പള്ളത്തിങ്കാൽ എടമ്പൂരടിയിലെ നാരായണിയമ്മയ്ക്കാണ് നഷ്ടപ്പെട്ട കമ്മൽ തിരിച്ചു കിട്ടിയത്. ഒരു പവനോളം തൂക്കമുണ്ടായിരുന്ന കമ്മൽ വിവാഹത്തിന് അച്ഛനും അമ്മയും സമ്മാനമായി കൊടുത്തതായിരുന്നു . അന്ന് പവന് 4400 രൂപയായിരുന്നു പൊന്നിന്റെ വില. തിരിച്ചുകിട്ടിയ കമ്മലിന് ഇപ്പോൾ നാൽപതിനായിരം രൂപയിലേറെ വിലയുണ്ട്.
കമ്മൽ നഷ്ടപ്പെട്ട നാളിൽ വീടും ചുറ്റുപാടും അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നാരായണിയമ്മ ആ ശ്രമം ഉപേക്ഷിച്ചു. കമ്മൽ നഷ്ടപ്പെട്ട വിഷമത്തിനിടെ ബന്ധുക്കൾ പിന്നീട് ചെറിയൊരു കമ്മൽ വാങ്ങി നാരായണിയമ്മയുടെ കാതിലിട്ടു കൊടുത്തു .
വർഷങ്ങൾ കഴിഞ്ഞപ്പോൾ പഴയ വീട് പൊളിച്ചുകളഞ്ഞു മറ്റൊരിടത്തു പുതിയ ഒരു വീട് ഉണ്ടാക്കി . ഇനിയാണ് കഥയുടെ രണ്ടാം ഭാഗം . സുഭിക്ഷ കേരളത്തിന്റെ ഭാഗമായി പഴയ വീടിരുന്ന സ്ഥലം കൃഷിയിറക്കാനായി ബേഡകം പഞ്ചായത്ത് ഒമ്പതാം വാർഡ് എടമ്പൂരടിയിലെ ജെഎൽജി ഗ്രൂപ്പിന് നാരായണിയമ്മ വിട്ടുനൽകിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച കൃഷിയിടം ഒരുക്കാൻ വന്ന തൊഴിലുറപ്പ് ജോലിക്കാരൻ കുണ്ടംപാറ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണിൽ താഴ്ന്നു കിടന്ന കമ്മൽ കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന നാരായണിയമ്മയുടെ മകൾ മാലിനി അത് തന്റെ അമ്മയുടേതാണെന്നു തിരിച്ചറിഞ്ഞു .
കമ്മലുമായി തൊഴിലുറപ്പുകാർ നാരായണിയമ്മയുടെ വീട്ടിലെത്തി. കമ്മൽ കണ്ടെത്തി കൊണ്ടുവന്നു തന്ന തൊഴിലുറപ്പുകാരുടെ സ്നേഹത്തിന് എങ്ങനെ നന്ദി പറയണം എന്നറിയാതെ നാരായണിയമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് തൂവി .
കമ്മൽ കളഞ്ഞുകിട്ടിയ കാര്യം സി.പി.എം കാസർകോട് ജില്ല കമ്മിറ്റിയംഗം ഇ. പത്മാവതിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്
Read Also കളിക്കൂട്ടുകാരിയുടെ ശവശരീരം കണ്ടതും ‘കുവി’ തളർന്നു വീണു