ഇടുക്കി: ജില്ല മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നൽകിയതോടെ ജില്ലയിലെ കോവിഡ് പരിശോധന ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് 16 പേരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കെടുത്തത്. ഇനി മുതല്‍ ഇവിടെ പ്രതിദിനം നൂറോളം പേരുടെ സ്രവ പരിശോധന നടത്താനാവും.
ഒരു സമയത്ത് 96 സാമ്പിള്‍ പരിശോധിക്കാന്‍ സാധിക്കുന്ന ഓട്ടോമേറ്റഡ് എക്സ്ട്രാക്ഷന്‍ ആര്‍എന്‍എ സിസ്റ്റം ലഭിച്ചാല്‍ ജില്ലയിലെ മുഴുവന്‍ സ്രവ പരിശോധനയും ഇവിടെ നടത്താന്‍ സാധിക്കും. നിലവില്‍ കോട്ടയം തലപ്പാടിയിലാണ് പരിശോധനകള്‍ നടത്തിയിരുന്നത്. ഇക്കാരണത്താല്‍ പരിശോധന ഫലം വൈകിയിരുന്നു. ഭാവിയില്‍ ഈ ലാബ് മരുന്ന് ഗവേഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.
ആര്‍ടിപിസിആര്‍ പരിശോധന ലാബ്
കോവിഡ് -19 പരിശോധനയ്ക്ക് ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ സജ്ജികരിച്ചിരിക്കുന്നത്. ഈ രോഗത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തത്സമയ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) പരിശോധന. ഈ പ്രക്രിയ വൈറസിന്റെ നിര്‍ദ്ദിഷ്ട ജനിതക ശകലങ്ങള്‍ ആവര്‍ത്തിച്ച് പകര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ തൊണ്ടയിലോ മൂക്കിലോ നിന്നും സ്രവമെടുത്താണ് ആര്‍ടി-പിസിആര്‍ പരിശോധന ആരംഭിക്കുന്നത്. എട്ടു മണിക്കൂറു വേണം പരിശോധന പൂര്‍ത്തികരിച്ച് ഫലം ലഭിക്കാന്‍. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ലാബിനുള്ളില്‍ തന്നെ ബയോ വേസ്റ്റ് മാനേജ്മെന്റിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.














































