Home Finance എല്ലാ സഹകാരികൾക്കും സഹകരണബാങ്കിൽ നിന്ന് തിരിച്ചടവില്ലാതെ 50,000 രൂപ വരെ സാമ്പത്തിക സഹായം കിട്ടുമോ...

എല്ലാ സഹകാരികൾക്കും സഹകരണബാങ്കിൽ നിന്ന് തിരിച്ചടവില്ലാതെ 50,000 രൂപ വരെ സാമ്പത്തിക സഹായം കിട്ടുമോ ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയുക .

2453
0

10,000 മുതൽ 50,000 രൂപ വരെ സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിൽ നിന്നും സഹകാരികൾക്ക് ധനസഹായം നൽകുന്നു. ഇത് തിരിച്ചടക്കേണ്ടതില്ല. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വാർത്തയാണിത് . എന്താണ് ഇതിന്റെ സത്യാവസ്ഥ ?

സംഗതി ഭാഗികമായി സത്യമാണ് . പക്ഷെ വ്യവസ്ഥകൾക്കു വിധേയമായേ പണം കിട്ടൂ . സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങൾക്കേ ഈ ആനുകൂല്യം ലഭിക്കൂ . മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം അംഗത്തിന്റെ വാര്‍ഷിക വരുമാനം.

വേറെയുമുണ്ട് വ്യവസ്ഥകൾ. കാൻസർ , വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവര്‍, ശരീരം തളർന്നു കിടക്കയിൽ നിന്ന് എണീൽക്കാൻ കഴിയാത്തവർ, എച്ച്.ഐ.വി ബാധിതര്‍, ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ഗുരുതര കരൾ രോഗം ബാധിച്ചവര്‍ തുടങ്ങിയവരാണ് ധനസഹായത്തിന് അർഹർ.

ഇതിന് പുറമെ സഹകരണസംഘ അംഗങ്ങളില്‍ വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായത്തിനു അർഹതയുണ്ട്. അപകടത്തില്‍പ്പെട്ട് കിടപ്പിലായതോ മരിച്ചതോ ആയ അംഗങ്ങളുടെ ആശ്രിതര്‍ക്കും സഹായം കിട്ടും. മാതാപിതാക്കള്‍ എടുത്ത വായ്പയിൽ ബാദ്ധ്യത വന്ന കുട്ടികള്‍ക്കും സഹായം ലഭിക്കും. പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ട സഹകാരികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . 10000 രൂപമുതൽ 50, 000 വരെയാണ് ധനസഹായം. ഇത് എല്ലാ സഹകരണ ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്. കിട്ടുന്ന അപേക്ഷകൾ സംസ്ഥാന തലത്തിലുള്ള ഒരു സമിതി പരിശോധിച്ച് തെരഞ്ഞെടുക്കുന്നവർക്കു മാത്രമേ പണം കിട്ടൂ.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെയോ സഹകരണസംഘത്തിന്റെയോ അതാത് ആഡിറ്റ് വര്‍ഷത്തെ അറ്റാദായത്തിന്റെ 10% ല്‍ അധികരിക്കാത്ത തുകയോ, പരമാവധി 1,00,000 (ഒരു ലക്ഷം) രൂപയോ ആണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത് . ഇതിന് പുറമേ വിവിധ ഗ്രാന്‍റുകള്‍, വിവിധ സംഭാവനകള്‍, സര്‍ക്കാര്‍ വിഹിതം എന്നിവ ഈ ഫണ്ടില്‍ ഉൾപ്പെടുന്നു . ഇപ്രകാരം ശേഖരിച്ച 26.79 കോടി രൂപയാണ് നിലവില്‍ ഈ സഹായപദ്ധതിക്കായി വിനിയോഗിക്കുന്നത്

മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നതിനായി നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകന്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം സഹകരണസംഘം രജിസ്ട്രാറുടെ www.cooperation.kerala.gov.in എന്ന വെബ്സൈറ്റിലും സഹകരണവകുപ്പ് ഓഫീസുകളിലും ലഭ്യമാകുന്നതാണ്. ഇതിനൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു

1)അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ വില്ലേജ് ആഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്

2) ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

3) അംഗീകൃത മെഡിക്കല്‍ ആഫീസറില്‍ നിന്നും ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും, ട്രീറ്റ്മെന്റ് സര്‍ട്ടിഫിക്കറ്റും അനുബന്ധരേഖകളും.

4) അവകാശിയാണെങ്കില്‍ അവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയാണ് അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടത്.

ഇപ്രകാരം ലഭിക്കുന്ന അപേക്ഷ ഉന്നതതല കമ്മിറ്റി പരിശോധിച്ച് തീരുമാനം കൈക്കൊണ്ട് അനുവദിച്ച ധനസഹായ തുകയുടെ ചെക്കും ഉത്തരവും ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നതാണ്. ഈ ഉത്തരവിന്റെ പകര്‍പ്പ് അപേക്ഷകനും ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) മുഖാന്തിരവും നല്‍കുന്നതാണ്.

Read also മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP) കൂട്ടായ്മ

ധനസഹായം അനുവദിക്കുന്നതിലേയ്ക്കായി അപേക്ഷകന്‍ ബന്ധപ്പെട്ട രേഖകള്‍ അതാത് സംഘത്തിലാണ് സമര്‍പ്പിക്കേണ്ടത്. സംഘത്തിന് ലഭിക്കുന്ന അപേക്ഷകള്‍, സംഘം ഭരണസമിതി വിശദമായി പരിശോധിച്ചശേഷം അപേക്ഷയിലെ വിഷയങ്ങളിന്മേലും, രേഖകളിന്മേലുമുള്ള നിജസ്ഥിതി ബോധ്യപ്പെട്ട് എടുത്ത ഭരണസമിതി തീരുമാനവും, അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി, രോഗ വിവരം, എന്നിവ പരാമര്‍ശിച്ചുകൊണ്ട് സംഘത്തിന്റെ സെക്രട്ടറിയുടെ സാക്ഷ്യപത്രവും സഹിതം അതാത് താലൂക്കിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍/വാല്യൂവേഷന്‍ ആഫീസര്‍ സമര്‍പ്പിക്കേണ്ടതാണ്.

ഈ സ്കീമില്‍ നിന്നും ധനസഹായം നല്‍കുന്നത് ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായിട്ടായിരിക്കും . ധനസഹായം ലഭിക്കുന്നത് ഒരു അംഗത്തിന്റെ അവകാശമായല്ല മറിച്ച് സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബദ്ധത എന്ന നിലയിലാണ്. ഒരിക്കല്‍ ആനുകൂല്യം ലഭിച്ച കുടുംബത്തില്‍പ്പെട്ടവര്‍ക്ക് പിന്നീട് ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതുമല്ല.

സംഘത്തില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് ലഭിക്കുന്ന അപേക്ഷ ബന്ധപ്പെട്ട താലൂക്കുകളിലെ യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി 7 ദിവസത്തിനകം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് സമര്‍പ്പിക്കേണ്ടതും, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) 7 ദിവസത്തിനകം ജില്ല ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് സമര്‍പ്പിക്കേണ്ടതും, ജില്ല ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) മാര്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് ഉപരിപത്രം സഹിതം നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതുമാണ്. അപ്രകാരം ലഭിക്കുന്ന അപേക്ഷ രജിസ്ട്രാര്‍ ആഫീസില്‍ പരിശോധന നടത്തി ഉന്നതതല കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.

ചെക്ക് ലഭിക്കുന്ന മുറയ്ക്ക് സംഘം അപേക്ഷകന് ധനസഹായത്തുക നല്‍കേണ്ടതും, ധനസഹായം അനുവദിച്ച തുകയുടെ വിശദാംശം അടുത്തതായി കൂടുന്ന പൊതുയോഗത്തിന്റെ അറിവിലേയ്ക്കായി സമര്‍പ്പിക്കേണ്ടതുമാണ്. പരമാവധി അമ്പതിനായിരം രൂപ വരെയുള്ള ഈ സഹായധനം തിരികെ അടയ്ക്കേണ്ടതില്ല.

ഇത് ഒരു തുടര്‍ പദ്ധതിയായതിനാല്‍ അര്‍ഹരായവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഘത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍, ഈ മാസം സമര്‍പ്പിക്കുന്ന അപേക്ഷകളാകും ആദ്യഘട്ട ധനസഹായവിതരണത്തില്‍ ഉള്‍പ്പെടുത്തുക.

വ്യാജ വാഗ്ദാനങ്ങളിലോ പ്രചാരണങ്ങളിലോ സഹകാരികള്‍വഞ്ചിതരാകരുത് എന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിക്കുന്നു . സഹകരണ അംഗ സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മേല്‍പറ‍ഞ്ഞ കര്‍ശന വ്യവസ്ഥകളോടെ സുതാര്യമായാണ് വിതരണം ചെയ്യുക. ആനുകൂല്യം വാങ്ങിത്തരാമെന്ന വൃക്തികളുടേയോ സംഘടനകളുടേയോ വ്യാജ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ സഹകാരികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ശ്രദ്ധിക്കണം. ഈ പദ്ധതിയെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ വെച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്ന വാട്സ് ആപ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം കുപ്രചാരണങ്ങള്‍ക്കെതിരെയും സഹകാരികള്‍ ജാഗ്രത പുലര്‍ത്തണം എന്നും അധികാരികൾ ഓർമ്മിപ്പിക്കുന്നു

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here