”വിശപ്പകറ്റാൻ ഭക്ഷണം മോഷ്ടിച്ച മധുവിനെ മനുഷ്യർ തല്ലിക്കൊന്നു .വിശപ്പകറ്റാൻ പൈനാപ്പിൾ മോഷ്ടിച്ച കാട്ടാനയെ മനുഷ്യർ പടക്കം വച്ച് കൊന്നു.”
ഗർഭിണിയയായ കാട്ടാനയെ പടക്കം വച്ച് കൊന്നതിനെ നിശിതമായി കുറ്റപ്പെടുത്തി ഒരുവിഭാഗം ആളുകൾ മനുഷ്യന്റെ ക്രൂരതയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ആണ് പകടിപ്പിക്കുന്നത് . സ്വന്തം കുഞ്ഞിന് ജന്മം കൊടുത്ത ഭാര്യയെ വിഷപാമ്പിനെ കൊണ്ട് കൊത്തിച്ച് മരിക്കുന്നത് ഉറപ്പാക്കാൻ കാവലിരുന്ന ക്രൂരജന്മങ്ങൾ ഉള്ള ഈ നാട്ടിൽ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം എന്നാണ് ചിലർ പരിഹസിച്ചത് .
”ആനകൾ കൃഷി നശിപ്പിക്കുന്നത് തടയാൻ ആണെങ്കിൽ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്… ഇതുപോലെ ഒക്കെ മഹാപാപം കാട്ടിക്കൂട്ടുന്ന മനുഷ്യർക്ക് കൊറോണ വന്നില്ലെങ്കിലല്ലേ അത്ഭുതം ഉള്ളു. ഇമ്മാതിരി ക്രൂരതകൾ മനുഷ്യൻ കാട്ടിക്കൂട്ടുന്നത് കൊണ്ടാകാം മാറാരോഗങ്ങൾ തന്നു ദൈവം നമ്മെ പരീക്ഷിക്കുന്നത്” ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ .

അതേസമയം ഈ പ്രശ്നത്തിന്റെ മറുവശം കുറ്റപ്പെടുത്തുന്നവർ കാണാതെ പോകരുതെന്നു മറ്റൊരുവിഭാഗം ആളുകൾ പറയുന്നു. ആന, പന്നി മുതലായ വന്യജീവികളിൽ നിന്നും സ്വന്തം ജീവനും കൃഷിയും സംരക്ഷിക്കാൻ സ്‌ഫോടകവസ്തു ഉപയോഗിക്കേണ്ട ഗതികേട് പാവപ്പെട്ട കർഷകന് വന്നു എന്ന് കുറ്റപ്പെടുത്തുന്നവർ ചിന്തിക്കണം എന്നാണ് അവരുടെ നിലപാട് . മനുഷ്യന്റെ ക്രൂരതയല്ല, നിസ്സഹായതയും ഗതികേടും അതിനുള്ള പരിഹാരവുമാണ് ചർച്ച ചെയ്യേണ്ടത് എന്നവർ പറയുന്നു. സുരക്ഷിത സ്ഥാനത്തിരുന്നു മറ്റുള്ളവരെ ക്രൂശിക്കാൻ ദയവായി അലമുറയിടരുത് അവർക്ക് പറയാനുള്ളത് .
ജോൺ പി വി എന്നൊരാൾ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ :
”എന്റെ കൂട്ടുകാരിൽ ചിലർ പാലക്കാട് ഉണ്ട്. പല രാത്രികളിലും അവരുടെ ഉറക്കം കെടുത്തുന്ന ആന കൂട്ടങ്ങളെ കുറിച്ചു ഞാൻ അവരിൽ നിന്നും കേട്ടിട്ടുണ്ട്. സ്കൂളിൽ പോയിട്ട് തിരിച്ചു വരുന്നത് വരെ ആധി യോടെ നോക്കി ഇരിക്കുന്ന വീട്ടമ്മമാരെ കണ്ടിട്ടുണ്ട്. ഇതു കാലങ്ങൾക്ക് മുൻപ് ഉള്ള കഥ ഒന്നും അല്ല. കഴിഞ്ഞ വർഷം വരെ സംഭവിച്ച കാര്യം ആണ്. അവരുടെ കപ്പയും, വിളകളും, നശിപ്പിച്ചു സംഹാര താണ്ഡവം ആടി ഇവറ്റകൾ തിരിച്ചു പോകാറും ഉണ്ട്.

സാധാരണയായി ഈ സമയങ്ങളിൽ അവർ വനപലകരെ വിവരം അറിയിക്കുകയും അവർ വന്നു ഗുണ്ടു പൊട്ടിച്ചു ആനയെ തുറത്താറും ഉണ്ട്. അവിടെ ഉള്ള ആളുകൾ ഈ പടക്കം ഉപയോഗിക്കുന്നത് കൃഷി നശിപ്പിക്കുന്ന കാട്ടു പന്നിയെ പിടിക്കാൻ ആണ്. വഴി തെറ്റി വന്ന ആന അതെടുത്തു തിന്നു. അതിന് ഇത്രമാത്രം ഹൈപ്പ് കൊടുത്തു ഒരു ദേശീയ വിഷയം ആക്കി കള്ള കണ്ണീർ ഒഴുക്കുന്നവരോട് തോന്നുന്നത് സഹതാപം മാത്രം.”
മറ്റൊരാൾ എഴുതിയത് ഇങ്ങനെ :
”ഈ പ്രദേശത്തെ പാവപെട്ട കൃഷിക്കാർ നേരിടുന്ന കുറെയേറെ പ്രശ്നങ്ങളുണ്ട്, വേനൽകാലത്തുള്ള കാട്ടാനകളുടെ ഇറക്കം, കാട്ടുപന്നി കൂട്ടങ്ങളുടെ കുത്തിനശിപ്പിക്കൽ, മയിലുകളുടെ കതിരുകൊത്തൽ, അങ്ങനെ നീളുന്നു അവ ഇതിനൊക്കെ അപ്പുറം കഴിഞ്ഞ 2 വർഷമായുള്ള പ്രളയം കരടിയുടെ ശല്യം അങ്ങനെ പലതുംകൊണ്ടുള്ള നഷ്ട്ടങ്ങൾ..
രാവും പകലും കഷ്ട്ടപെട്ട്, കിട്ടാവുന്ന ബാങ്കുകളിൽനിന്നെല്ലാം ലോണെടുത്ത് ഈ പാവങ്ങൾ കൃഷിചെയ്യുമ്പോൾ അവരുടെ പലനാളിലെ കഷ്ടപ്പാടുകൾ ആനകളും, പന്നികളും, പല വന്യമൃഗങ്ങളും നശിപ്പിക്കുമ്പോൾ അതിൽനിന്നും രക്ഷനേടാൻ അവർ പലപ്പോളും പന്നിപ്പടക്കം വെച്ചും, എർത്ത് വെച്ചും രക്ഷനേടാൻ ശ്രമിക്കാറുണ്ട്, സത്യമാണ്, അതിൽ ഒരു പാവം അന പെട്ടുപോയതും മരണപെട്ടതും അത് ഗർഭിണി ആയിരുന്നതും ദുഖമുള്ള കാര്യം തന്നെയാണ്., പക്ഷെ അതിന്റെ പേരിൽ കുറെ പാവം മനുഷ്യരെ തെറി വിളിക്കുന്നത് അവരെ തല്ലിക്കൊല്ലണം എന്നൊക്കെ അലറുന്നവരോട് പരമ പുച്ച്ചം മാത്രം.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുമുമ്പ് ഇതേ നാട്ടിൽ ഒരു കാട്ടാന ഒരു സ്ത്രീയെ വീടിനുമുന്നിലിട്ട് കുത്തികൊന്നിട്ടുണ്ട്, കാട്ടാനക്കൂട്ടങ്ങൾ എല്ലാ വേനലുകളിലും വീട്ടുമുട്ടം വരെ വന്നെത്താറുണ്ട് അന്നൊന്നും ഒരാനയും കൊല്ലപ്പെട്ടിട്ടില്ല.
മനുഷ്യരെ പച്ചക്കു കൊല്ലുന്ന രാഷ്ട്രീയപാർട്ടികളും, സൂരജുമാരും, ജോളിമാരും, നിറത്തിന്റെ പേരിൽ പരസ്പരം കൊല്ലുന്നവരുള്ള ഈ നാട്ടിൽ കൃഷിയിടത്തെ കാക്കുന്നതിനിടയിൽ ഉണ്ടായ ഈ ദാരുണ സംഭവം പാവപെട്ട കൃഷിക്കാരെ അടിക്കാനുള്ള വടിയായി എടുക്കരുത് .
കൃഷി നശിപ്പിച്ചിട്ടു പോയി എന്ന് കർഷകൻ സർക്കാരിൽ അറിയിച്ചാൽ അവനു വേണ്ടുന്ന സഹായം കിട്ടാറുണ്ടോ ?. വനപാലകർ ശ്രദ്ധിക്കാറുണ്ടോ ?. ഇങ്ങിനെ മൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന സ്ഥലങ്ങളിൽ വനപാലകർ വല്ലപ്പോഴും എങ്കിലും ഒന്ന് സന്ദർശിക്കുക. വേണ്ടുന്ന നടപടി എടുക്കുക. ഉദ്യോഗസ്ഥർക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ . അവർ പിരിഞ്ഞു വീട്ടിൽ കുത്തി ഇരുന്നാലും പകുതി ശമ്പളം പെൻഷനായി കിട്ടും. പാവം കർഷകൻ എന്നും ആനയും, പന്നിയും, മാനും, പുലിയും, കടുവയുംമായിട്ടു മല്ലിട്ടു കൃഷി ഇടത്തിൽ പണി എടുക്കണം. അവനു പെൻഷനും ഇല്ല അനുകൂല്യവുമില്ല. പക്ഷേ കർഷകൻ നാടിന്റെ നട്ടെല്ല് ആണ് എന്ന് തിരഞ്ഞെടുപ്പ് സമയത്തു നേതാക്കൻമാർ പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ കോൾമയിർ കൊള്ളും. അത് വെറും ”മയിർ” ആണെന്നാണ് അനുഭവത്തിൽ നിന്ന് മനസിലാകുന്നത് . ഉദ്യോഗസ്ഥർ വേണ്ടവിധം അവരുടെ ജോലി ചെയ്താൽ ഇതൊന്നും സംഭവിക്കില്ല. എന്നിരുന്നാലും പടക്കം ആഹാരത്തിൽ വച്ചു കൊടുക്കുന്ന രീതി ന്യായീകരിക്കാനാവില്ല. . മറ്റു രീതികളിലൂടെ വന്യമൃഗങ്ങളെ അകറ്റി നിറുത്തുന്ന കർഷകരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി കൃഷി ഇറക്കുക.
ആ ആനയുടെ വയറ്റിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു എന്നുള്ളത് വല്ലാത്ത വേദന ഉളവാക്കുന്നു.അതിന്റെ കുഞ്ഞിനെ ഓർത്തു അത് എന്ത് മാത്രം സങ്കടപ്പെട്ട് കാണും. അതിന്റെ കണ്ണുനീർ ആ നദിയിൽ അലിഞ്ഞു ചേർന്ന് കാണും.














































