തൊടുപുഴ: കലയന്താനിയിലെ കലാസാംസ്കാരിക സാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന കുന്നത്തുപാലയ്ക്കൽ കെ ഒ വർക്കി (89 ) അന്തരിച്ചു. സ്കൈലാർക്ക് എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന വർക്കിസാർ വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെയാണ് അന്തരിച്ചത് .
ഭൗതികശരീരം ഇന്ന് രാവിലെ പത്തിന് തൊടുപുഴ മുതലക്കോടത്തുള്ള വസതിയിൽ കൊണ്ടുവരും . സംസ്ക്കാരശുശ്രൂഷകൾ ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ചു കലയന്താനി സെന്റ് മേരീസ് പള്ളിയിൽ ഭൗതികദേഹം സംസ്കരിക്കും.
ചിത്രകാരൻ, ശില്പി, നോവൽ-നാടക രചയിതാവ് , നാടക സംവിധായകൻ , സംഘാടകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച അദ്ധ്യാപകനാണ് വർക്കിസാർ . കലയന്താനി സെന്റ് മേരിസ് പള്ളിയുടെ മുഖവാരം രൂപകൽപ്പന ചെയ്തത് വർക്കിസാറാണ് . കലയന്താനി ടൗണിൽ സെന്റ് മേരിസ് പള്ളിയുടെ നടയുടെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുവിന്റെ പൂർണ്ണകായ ശില്പവും കലയന്താനി സെന്റ് ജോർജ്ജ് സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള മദർ തെരേസയുടെ ശില്പവും വർക്കിസാർ രൂപംകൊടുത്തതാണ് . കലാഭവനിൽ സ്ഥാപിച്ചിട്ടുള്ള ആബേലച്ചന്റെ പ്രതിമ ഉൾപ്പെടെ നിരവധി ശില്പങ്ങൾ വിവിധ സ്ഥലങ്ങളിൽ അദ്ദേഹത്തിന്റേതായി ഉണ്ട്. ഒട്ടേറെ നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട് . സ്കൈലാർക് എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത് . സ്‌കൈലാർക്കിന്റെ നിരവധി നാടകങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
കലയന്താനിയിലെ വിശ്വദീപ്തി ലൈബ്രറിയും യുഗശിൽപ്പി ആർട്ട്സ് ക്ലബ്ബും സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത് വർക്കി സാറായിരുന്നു . കലയന്താനി സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന വർക്കിസാർ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രതിഭയാണ്. കലയന്താനി സെന്റ് ജോർജ്ജ് സ്‌കൂളിൽ അധ്യാപകനായും പിന്നീട് ഇളംദേശം സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ പ്രഥമഅധ്യാപകനായും ജോലിചെയ്തു. ഏതാനും വർഷങ്ങൾക്ക് മുൻപ് കലയന്താനിയിൽ നിന്ന് തൊടുപുഴയ്ക്കടുത്തു മുതലക്കോടത്തേക്ക് താമസം മാറ്റിയിരുന്നു.
ഭാര്യ സിസിലി ഉടുമ്പന്നൂർ പുത്തേട്ട് കുടുംബാംഗം. മക്കൾ : ലീന ,ലിസ ,മായ (വി.ബി.സി.ന്യൂസ്,തൊടുപുഴ) ,ജൂലി (അയർലണ്ട് ] , ജൂഡിത് .(ടീച്ചർ, സെന്റ് ജോർജസ് എച്ച്.എസ്.എസ് കലയന്താനി) . മരുമക്കൾ: ബെന്നി ചെട്ടു പറമ്പിൽ( കരിമണ്ണൂർ.) റോയിച്ചൻ പുരക്കൽ (പൊന്നന്താനം. )ബിജു പാലാക്കാരൻ (വടയാർ .) ഡാനി പോത്താനിക്കാട്ട് (കോതമംഗലം ). റോണി ആടുകുഴിയിൽ (കുളപ്പുറം .)