മൂന്നാർ : പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ചിന്നത്തായ് (62) മുത്തുലക്ഷ്മി (22) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. തിങ്കളഴ്ചത്തെ തിരച്ചിലിൽ ആരെയും കണ്ടെത്താനായിട്ടില്ല.
നിലവിൽ പെട്ടിമുടി ദുരന്തത്തിൽ ആകെ 58 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ദുരന്തത്തിൽ അകപ്പെട്ട 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായും അവിടെ നിന്ന് മാറ്റിയുള്ള പരിശോധനയും പ്രദേശത്തെ പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഏറ്റവും ഒടുവില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ്.
പ്രദേശവാസികളും രണ്ട് ദിവസമായി തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടന്നു വരുന്നത്. രണ്ടു പോലീസ് നായയുടെ സഹായവും ഉപയോഗിച്ചാണ് തിരച്ചില്‍. സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള പ്രദേശവാസികളെയും ഉള്‍പ്പെടുത്തി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. പ്രദേശവാസികളുടെ വളര്‍ത്തുനായ്ക്കളെയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.