ന്യുഡൽഹി: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ 48 പൈലറ്റുമാരെ ഒറ്റയടിക്ക് പുറത്താക്കി എയര്‍ ഇന്ത്യ. എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരെയാണ് ഒറ്റരാത്രിയിൽ പുറത്താക്കിക്കൊണ്ട് ഉത്തരവ് ഇറങ്ങിയത് .
ഈ മാസം 13ന് രാത്രി 10നാണ് പൈലറ്റുമാരെ പുറത്താക്കിയത്. ആ സമയം, പിരിച്ചുവിടപ്പെട്ട പലരും വിമാനം പറത്തികൊണ്ടിരിക്കയായിരുന്നു. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവയ്ക്കാന്‍ കത്ത് നൽകുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിന്‍വലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് പുറത്താക്കിയത്. ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതോടെയാണ് ഇവർ രാജിവയ്ക്കാനുള്ള തീരുമാനമെടുത്തിരുന്നത്. രാജി പിന്‍വലിച്ച തീരുമാനം എയര്‍ ഇന്ത്യ അംഗീകരിച്ചിരുന്നതാണ്.
സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനം മൂലം വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങൾ മൂലമാണ് നടപടിയെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. കമ്പനിക്ക് വലിയ നഷ്ടമാണ് നേരിടേണ്ടിവരുന്നതെന്നും ശമ്പളം നൽകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കമ്പനിയെന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
അതേസമയം എയര്‍ ഇന്ത്യ വിമാന സർവീസ് ഏറ്റെടുക്കാൻ ടാറ്റഗ്രൂപ്പ് രംഗത്ത് വന്നു . എയര്‍ ഇന്ത്യ സ്വന്തമാക്കാനുള്ള ലേലത്തിൽ തങ്ങളും പങ്കെടുക്കുമെന്ന് ടാറ്റ സണ്‍സ് ഔദ്യോഗികമായി അറിയിച്ചു. തങ്ങള്‍ ഒറ്റക്കാണ് ലേലത്തില്‍ പങ്കെടുക്കുക എന്നും , മറ്റു പങ്കാളികളെ അന്വേഷിക്കുന്നില്ലെന്നും ടാറ്റ വ്യക്തമാക്കി. കോവിഡ് പശ്‌ചാത്തലത്തിൽ താല്‍പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.
ലേലത്തിൽ പങ്കെടുക്കാൻ താല്‍പര്യമറിയിച്ചിരുന്ന ഹിന്ദുജ, അദാനി കമ്പനികള്‍ കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം പിന്‍വാങ്ങിയിരുന്നു. തുടർന്നാണ് ടാറ്റ മുന്നോട്ട് വന്നത്.
കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് മറ്റു കമ്പനികള്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്‍വാങ്ങിയത്. രണ്ടു എയര്‍ലൈനുകള്‍ ടാറ്റ ഇപ്പോള്‍ നടത്തുന്നുണ്ട്. വിസ്താര, എയര്‍ ഏഷ്യ എന്നിവ . എയര്‍ ഇന്ത്യയുടെ തുടക്കം 1932ല്‍ ടാറ്റയാണ്. ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ 1946 വരെ സര്‍വ്വീസ് നടത്തിയിരുന്ന കമ്പനി പിന്നീട് കേന്ദ്ര സര്‍ക്കാരിന് കൈമാറുകയായിരുന്നു. പിന്നീടാണ് അത് പേരുമാറ്റി എയര്‍ ഇന്ത്യയായത് .














































