പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീതസംവിധായകൻ ശ്യാമിനൊപ്പം ചേർന്ന് ഒരുക്കിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളാണ് .’ദേവതാരു പൂത്തു എന്‍ മനസില്‍ താഴ്‌വരയില്‍’ എന്ന ഈരടികൾ ഇതിനു ഒരുദാഹരണം മാത്രം.
1978-ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യകേ എന്ന ഗാനം എഴുതിക്കൊണ്ടാണ് മലയാള സിനിമയിൽ ചുനക്കര അരങ്ങേറ്റം കുറിച്ചത് . സംഗീത സംവിധായകൻ ശ്യാമുമായി ചേർന്ന് ഒട്ടേറെ മധുര ഗാനങ്ങൾ സൃഷ്ടിച്ചു.
കുയിലിനെ തേടിയിലെ ‘സിന്ദൂരതിലകവുമായ്’ അധിപനിലെ ’ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങൾ അദ്ദേഹത്തിന്റെ മനസിൽ പിറന്നവയായിരുന്നു. 75 ഓളം സിനിമകൾക്കായി 200 ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ പ്രശസ്തനായി. വിവിധ നാടക സമിതികൾക്കായി നൂറുകണക്കിനു ഗാനങ്ങൾ എഴുതി. ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചു .മലയാളവേദി എന്ന പേരിൽ ഒരു നാടക സമിതി ഉണ്ടായിരുന്നുചുനക്കരയ്ക്ക് . കുമാരനാശാൻ്റെ ദുരവസ്ഥയെ ആസ്പദമാക്കി അദ്ദേഹം രചിച്ച ചാത്തനും സാവിത്രിയും എന്ന നാടകം സുവചൻ സംവിധാനം ചെയ്ത് , ജനഹൃദയ സമിതി നിരവധി വേദികളിൽ അവതരിപ്പിച്ചിരുന്നു.
2015ൽ കേരള സംഗീത നാടക അക്കാദമിയുടെ “ഗുരുശ്രേഷ്ഠപുരസ്‌കാരം “ലഭിച്ചിട്ടുണ്ട്.
1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. പിന്നീട് വ്യവസായ വകുപ്പിൽ ഉദ്യോഗസ്ഥനായി .
ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി.
സംസ്‌ക്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും.
എല്ലാവരോടും സമഭാവനയോടെ പെരുമാറിയിരുന്ന നല്ല സഹപ്രവർത്തകനായിരുന്നു ചുനക്കര എന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു .
ആകാശവാണി പ്രക്ഷേപണം ചെയ്ത ലളിത ഗാനങ്ങളിലൂടെ ആണ് ചുനക്കര ശ്രദ്ധേയനായത് . 1958 മുതൽ 65 വരെ ആകാശവാണിയിലേക്ക് നിരന്തരം അദ്ദേഹം ഗാനങ്ങൾ എഴുതിഅയച്ചു. എന്നാൽ അതിൽ ഒരെണ്ണം പോലും അവർ തിരഞ്ഞെടുത്തില്ല. . അങ്ങനെയിരിക്കേ, ആകാശവാണിയുടെ നാടകമത്സരം വന്നു. അതിലേക്ക് അദ്ദേഹം ഒരു നാടകം എഴുതി അയച്ചു. ആ നാടകത്തിനു അവാർഡും ലഭിച്ചു. പിറ്റേകൊല്ലവും നാടകത്തിനുള്ള അവാർഡ് അദ്ദേഹത്തിനു കിട്ടി . അതോടെ ആകാശവാണി രാമൻകുട്ടിയെ ശ്രദ്ധിക്കാൻതുടങ്ങി. ചുനക്കര രാമൻകുട്ടിയുടെ ഗാനങ്ങൾ ആകാശവാണിയുടെ പ്രിയ ഗാനങ്ങളായി മാറി. അതോടെ പ്രൊഫഷണൽ നാടക സംഘങ്ങൾ ഗാനങ്ങൾക്കായി രാമൻകുട്ടിയെ തേടി എത്തി.
പിന്നീട് സിനിമയിലേക്ക് പ്രവേശിച്ചു .’ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ആയതോടെ രാമൻകുട്ടി കൂടുതൽ പ്രശസ്തിയിലേക്കുയർന്നു . 80 കളിൽ മലയാളികൾ ഏറ്റവും കൂടുതൽ കേട്ടതും ആസ്വദിച്ചതും ഒരുപക്ഷെ ഇദ്ദേഹത്തിന്റെ ഗാനങ്ങളായിരിക്കും.
ചുനക്കരയുടെ പ്രശസ്തമായ ചില ഗാനങ്ങൾ
“നീ സ്വരമായ് ശ്രുതിയായ്…..” (എങ്ങനെ നീമറക്കും)
“ശരത്കാലസന്ധ്യ ചിരിതൂകിനിന്നു… ” (എങ്ങനെ നീമറക്കും)
“സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരുനീ…”(കുയിലിനെത്തേടി)
“ധനുമാസക്കാറ്റേ വായോ…” (മുത്തോടുമുത്ത്),
“ഒരുകടലോളം സ്നേഹംതന്നു പ്രിയസഖിയായി നീ…” (ലൗസ്റ്റോറി)
“ഒരുമലർത്തോപ്പിലെ…” (ലൗസ്റ്റോറി)
“പൂവായ പൂ ഇന്ന് ചൂടി വന്നല്ലോ (ലൗസ്റ്റോറി),
“ആലിപ്പഴം ഇന്നൊന്നൊന്നായെന്‍…” (നാളെഞങ്ങളുടെ വിവാഹം),
“ശ്യാമമേഘമേ നീ യദുകുല…” (അധിപൻ),
“ഹൃദയവനിയിലെ ഗായികയോ…”(കോട്ടയംകുഞ്ഞച്ചൻ)
“മഞ്ഞണിഞ്ഞ മാമലകൾ….”.(കോട്ടയംകുഞ്ഞച്ചൻ).
“ചന്ദനക്കുറിയുമായി സുകൃതവനിയിൽ…”(ഒരുനോക്കുകാണാൻ)
അങ്ങനെ മലയാളികളുടെ ചുണ്ടിൽ തത്തിക്കളിച്ച എത്രയെത്രപാട്ടുകൾ