ആശീർവാദ് ആട്ടയിൽ പ്ലാസ്റ്റിക്കിന്റെ അംശം അടങ്ങിയിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ ചിലർ നടത്തിയ പ്രചാരണം നിർമാതാക്കളായ ഐ.ടി.സി. കമ്പനി തള്ളി. ആശീർവാദ് ആട്ട പല തവണ കഴുകിയാൽ പശ പോലുള്ള പദാർഥം ഉണ്ടാകുമെന്നും ഇത് പ്ലാസ്റ്റിക് ആണെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയുള്ള പ്രചാരണം. ഇത് വാസ്തവത്തിൽ ഗോതമ്പിൽ അടങ്ങിയിട്ടുള്ള ഒരു പ്രോട്ടീൻ (ഗ്ലൂട്ടെൻ) ആണ്. തെറ്റിധാരണ പരത്തുന്നതും അപകീർത്തികരവുമായ പ്രചാരണത്തിനെതിരേ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് കോടതി വിലക്കിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരും അത്തരം വീഡിയോ ഷെയർ ചെയ്യുന്നവരും നിയമനടപടി നേരിടേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു. നിര്‍മാണ വിതരണ ഘട്ടങ്ങളില്‍ സുരക്ഷയും ശുചിത്വവും ഉറപ്പാക്കിയാണ് ആശീര്‍വാദ് ആട്ട നിര്‍മിക്കുന്നതെന്നും ഐടിസി ലിമിറ്റഡ് വ്യക്തമാക്കി