ചാലക്കുടി : കഴിഞ്ഞ മാസം 28 നായിരുന്നു രേവത് എന്ന ഓട്ടോക്കാരനെ പറ്റിച്ചു ഒരാൾ 7500 രൂപ തട്ടിയെടുത്തു കടന്നുകളഞ്ഞത് . സംഭവം ചാലക്കുടിയിൽ .
രാത്രി പത്തരയോടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് രേവതിനോട് ഒരാൾ സഹായം ചോദിച്ചു ഓടിയെത്തിയത് . “അമ്മ മരിച്ചു. പെട്ടന്ന് തിരുവനന്തപുരത്ത് എത്തണം. കൊണ്ടുവിടാമോ?” നടൻ ദിലീപിൻ്റെ അസിസ്റ്റൻറ് ആണെന്നും അയാൾ പറഞ്ഞു .
കയ്യിൽ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാൽ തരാമെന്നും പറഞ്ഞു. ഫോണിലൂടെ വിളിച്ചു അളിയനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആൾ പണം കൊടുക്കാമെന്ന് ഉറപ്പും നൽകി . രാത്രിയാണെങ്കിലും അത്യാവശ്യഘട്ടത്തിൽ ഒരു ഓട്ടം വിളിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ ? സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി ഡീസലടിച്ച് അയാളെയും കയറ്റി തിരുവനന്തപുരത്തേക്ക് ഓട്ടോ വിട്ടു രേവത് .
ഇടയ്ക്ക് കരുനാഗപ്പള്ളിയിൽ വച്ച് ഇയാൾക്ക് ഭക്ഷണവും വാങ്ങി നൽകി രേവത് . തിരുവനന്തപുരത്ത് എത്തിയപ്പോൾ നെയ്യാറ്റിൻകര പോകണമെന്നായി . നെയ്യാറ്റിൻകരയിലേക്ക് വിട്ടു ഓട്ടോ.അവിടെ എത്തിയപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അമ്മ എന്നും അങ്ങോട്ട് പോകണ മെന്നുമായി.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രിയുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ സെകുരിറ്റി അനുവദിച്ചില്ല. നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപയും വാങ്ങി അയാൾഓട്ടോയിൽനിന്നു ഇറങ്ങി പോയി. പിന്നെ ആളെ കണ്ടിട്ടേയില്ല . 6500 രൂപ വണ്ടിക്കൂലിയും 1000 രൂപ കടമായി നൽകിയതും ഉൾപ്പെടെ 7500 രൂപയാണ് രേവതിന് നഷ്ടമായത്.
ചുവപ്പ് ഷർട്ടും ഓറഞ്ച് നിറത്തിൽ മുണ്ടും ധരിച്ച ഇരുനിറമുള്ള ആ വ്യക്തി മുടി നീട്ടി വളർത്തിയിരുന്നു. അയാളുടെ കൈവശം ഒരു ബാഗുമുണ്ടായിരുന്നു. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കയാണ് രേവത് , ആളെ കണ്ടെത്തി പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ