“കുരുമുളക് എടുത്തു വെച്ചോ..?കൂവ പോടിയോ? ചക്കക്കുരു മറക്കല്ലേ..! കുറച്ചു കാന്താരികൂടി പറിക്കട്ടെ?… പ്രിയതമൻ പറഞ്ഞു കൊണ്ടേയിരുന്നു. വീട് വൃത്തി ആക്കി, അത്യാവശ്യം പാക്കിങ്ങും കഴിഞ്ഞു. മക്കളുടെ അടുത്ത് പോകാനുള്ള ദിവസം അടുക്കും തോറും മനസ്സിൽ സന്തോഷവും ഉത്സാസാഹവും. വർധിച്ചു.
മക്കൾ രണ്ടാളും കുടുംബസമേതം വിദേശത്ത് . നാട്ടിൽ നിന്ന് അയക്കുന്ന ചക്കയുടെയും മാങ്ങയുടെയും ഫോട്ടോകൾ കാണുമ്പോൾ അവർക്കു കൊതിയൂറും . മൂത്ത മകൾ ഭയങ്കര ചക്ക കൊതിച്ചിയാണ് . . ഇളയവൾ പണ്ട് പച്ചക്കറി വിരോധി ആയിരുന്നെങ്കിലും ഇന്ന് എന്തു കിട്ടിയാലും കഴിക്കും. ഒമാനിൽ രണ്ടാളും അത്യവശ്യം കൃഷിയും ചെയ്യുന്നുണ്ട് .
അങ്ങനെ പോകാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് പ്രിയതമൻ വീണു കാല് ചെറുതായൊന്നു ഒടിഞ്ഞു കിടപ്പിലായത് . മൂന്ന് ആഴ്ച റസ്റ്റ് വേണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വിഷമമായി. അങ്ങനെ ഞങ്ങൾ രണ്ടാളും വീട്ടിൽ ലോക്ഡൗൺ ആയി . റെസ്റ്റ് കഴിഞ്ഞപ്പോഴേക്കും ഈ ലോകം തന്നെ ലോക്ക് ഡൌൺ ആയി .! അതോടെ ഞങ്ങളുടെ യാത്രയും ലോക്ഡൗൺ ആയി.
പിന്നെ ഒന്നും നോക്കിയില്ല. സീനിയർ സിറ്റിസൺസ് ആയ ഞാനുംപ്രിയതമനും (72 & 78) പതിന്മടങ്ങു ഉഷാറോടെ, കാല് വേദനയൊക്കെ മറന്നു കൃഷിയിടത്തിലേക്ക് ഇറങ്ങി . ലോക് ഡൗൺ കഴിഞ്ഞപ്പോഴേക്കും കൃഷിയിടം ഉഷാറായി.
പലതരം ചീരകൾ, വാഴകൾ, മാവുകൾ, ചേമ്പ് ,ചേന, കുരുമുളക്, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, തെങ്ങു, കവുങ്ങ്, നെല്ലിക്ക, ചാമ്പക്ക, സപ്പോട്ട, മാങ്കോസ്റ്റീൻ, ബട്ടർ ഫ്രൂട്ട്, മഞ്ഞൾ, ഇഞ്ചി , മത്തൻ, കുമ്പളം, പച്ചമുളക്.. …
ഞങ്ങൾക്കും, കുടുംബക്കാർക്കും, അയൽക്കാർക്കും, പിന്നെ ഞങ്ങളുടെ മക്കൾക്കും, കൊച്ചു മക്കൾക്കും, കിളികൾക്കും വേണ്ടി, വിഷം ഇല്ലാത്ത വിളകളുമായി, ആയിരം കണ്ണുമായ് കാത്തിരിക്കുന്നു ഞങ്ങൾ രണ്ടാളും ! – അന്നമ്മ അമ്മച്ചി (കടപ്പാട് :Sindhu Harish)
വിഷം ഇല്ലാത്ത വിളകളുമായി, ആയിരം കണ്ണുമായ് കാത്തിരിക്കുന്നു ഞങ്ങൾ..
AD














































