തിരുവനന്തപുരം : വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപി എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ ഒരുസംഘം ആളുകൾ വടിവാൾ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തിയത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
ഡിവൈഎഫ്ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ സിപിഎം നേതൃത്വം ആരോപിച്ചു. തുടർച്ചയായി സിപിഎം– കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാൻമൂട്. സംഭവത്തെത്തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നു.
കൊലയുമായി ബന്ധപ്പെട്ട് സജിത്ത് എന്നൊരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു . കൊലപാതകം ആസൂത്രിതം എന്ന് വ്യക്തമായി. സംഭവസ്ഥലത്തെ സി സി ടിവി ക്യാമറ ദിശ തിരിച്ച നിലയിൽ ആണ്.
കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കാനുള്ള കോൺഗ്രസ് നീക്കമാണ് ഈ കൊല എന്ന് ഡി വൈ എഫ് ഐ നേതൃത്വം ആരോപിച്ചു