തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് 27 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. റദ്ദാക്കപ്പെട്ട സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 77ാം റാങ്കുകാരനായിരുന്നു അനു. തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്പലം സ്വദേശിയാണ്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അനുവിനെ കണ്ടത് .
ജോലി ഇല്ലാത്തത് തന്നെ മാനസികമായി തളര്‍ത്തിയെന്ന് അനു ആത്മഹത്യാ കുറിപ്പില്‍ എഴുതി. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യെന്നും കുറിപ്പിൽ എഴുതിയിരുന്നു.
” കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി. ” ആത്മഹത്യ കുറിപ്പിലെ വരികൾ ഇങ്ങനെയായിരുന്നു.
എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടില്ലായിരൂന്നെങ്കിൽ ജോലി ലഭിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പാതിരാത്രി വരെ ഇരുന്നു പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു.
അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും രണ്ടാം പ്രതി പിഎസ്‌സി ചെയർമാനും ആണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും പിഎസ്സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണെന്ന് എംഎൽഎ ആരോപിച്ചു. സംഭവത്തിൽ നാളെ പിഎസ്‌സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പട്ടിണി സമരം നടത്തും.
അനുവിന് യോഗ്യത ഉണ്ടായിട്ടും ജോലി നൽകിയില്ല. എന്നാൽ ബാലാവകാശ കമ്മീഷനിൽ ഒരു യോഗ്യതയും ഇല്ലാത്ത വ്യക്തിക്ക് നിയമനം നൽകി. യോഗ്യതയില്ലാത്തവർക്ക് മുഖ്യമന്ത്രിയേക്കാൾ ശമ്പളം, യോഗ്യതയുള്ളവർക്ക് ഒരു മുഴം കയർ എന്നതാണോ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്നദ്ദേഹം ചോദിച്ചു.
പിഎസ്‌സി റാങ്ക് ഹോൾഡറുടെ ആത്മഹത്യാ കുറിപ്പ് മുഖ്യമന്ത്രിക്ക് എതിരായ കുറ്റപത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നരഹത്യക്ക് മുഖ്യമന്ത്രിക്കും പിഎസ്‌സിക്കുമെതിരെ കേസ് എടുക്കണമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു . പിഎസ്‌സിയിലെ അഴിമതി, പിൻവാതിൽ നിയമനം, കരാർ നിയമനം എന്നിവയാണ് മരണത്തിന് കാരണമെന്നും മരിച്ച അനുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു .
റാങ്ക് ലിസ്റ്റിൽ വന്നവർ പ്രതിഷേധിച്ചാൽ ഡി ബാർ ചെയ്യുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പത്താം ക്ലാസ് പാസാക്കാത്ത സ്വപ്നക്ക് രണ്ട് ലക്ഷം ശമ്പളം നൽകി നിയമിക്കുമ്പോൾ പിഎസ്‌സി പരീക്ഷ പാസായവരെ ഡിബാർ ചെയ്യുന്നുവെന്നും ഡിവൈഎഫ്‌ഐ ഗൂണ്ടകൾക്കും അവരുടെ ബന്ധുക്കൾക്കുമാണ് നിയമനം ലഭിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അതേസമയം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പിഎസ് സി രംഗത്തുവന്നു. ഏപ്രിലില്‍ അവസാനിക്കേണ്ട റാങ്ക് ലിസ്റ്റ് ജൂണ്‍ മാസം വരെ നീട്ടി നല്‍കിയതാണെന്നും 72പര്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കിയതാണെന്നും പിഎസ് സി വ്യക്തമാക്കി.
Read Also മൊബൈല്‍ ഫോണ്‍ വഴി രോഗാണുക്കള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്